ഹഫർ അൽ-ബാത്തിൻ: കേരള സർക്കാർ നടപ്പിലാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ’ ലഹരിവിരുദ്ധ ക്യാമ്പയിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഒഐസിസി ഹഫർ അൽ-ബാത്തിൻ കമ്മിറ്റി ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടിയും മുൻ കേരള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ചരമവാർഷിക അനുസ്മരണവും സംഘടിപ്പിച്ചു.
ഒഐസിസി ഹഫർ അൽ-ബാത്തിൻ കമ്മിറ്റി പ്രസിഡന്റ് വിബിൻ മറ്റത്ത് അധ്യക്ഷത വഹിച്ച യോഗം ഒഐസിസി ഈസ്റ്റേൺ പ്രൊവിൻസ് സെക്രട്ടറി സലീം കീരിക്കാട് ഉദ്ഘാടനം ചെയ്തു. ലഹരിക്കെതിരായ പോരാട്ടം സർക്കാർ സംവിധാനങ്ങളുടെ മാത്രം ഉത്തരവാദിത്തമല്ലെന്നും കുടുംബങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും സാമൂഹിക-സാംസ്കാരിക സംഘടനകളും പ്രവാസി സമൂഹവും കൈകോർക്കുമ്പോഴേ ലഹരിമുക്ത സമൂഹം സൃഷ്ടിക്കാനാകൂവെന്നും അദ്ദേഹം പറഞ്ഞു.
ഒഐസിസി ഈസ്റ്റേൺ പ്രൊവിൻസ് ഭാരവാഹി ഇക്ബാൽ ആലപ്പുഴ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി. ലഹരി ഉപയോഗത്തിന്റെ സാമൂഹിക, കുടുംബ, ആരോഗ്യപരമായ പ്രത്യാഘാതങ്ങൾ വിശദീകരിച്ച അദ്ദേഹം, യുവതലമുറയെ ലഹരിയുടെ പിടിയിൽ നിന്ന് സംരക്ഷിക്കുന്നതിന് സമൂഹവും പ്രവാസി സംഘടനകളും കൂടുതൽ ജാഗ്രതയോടെയും ഉത്തരവാദിത്വത്തോടെയും പ്രവർത്തിക്കണമെന്ന് ആഹ്വാനം ചെയ്തു.
തുടർന്ന് ജനറൽ സെക്രട്ടറി സൈഫുദ്ദീൻ പള്ളിമുക്ക് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ചടങ്ങിൽ അനൂപ് പ്രഭാകരൻ, സജി പടിപ്പുര എന്നിവർ സംസാരിച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ജനകീയ നേതൃത്വവും പൊതുസേവന രംഗത്തെ നിസ്വാർത്ഥ സേവനങ്ങളും അനുസ്മരിച്ചുകൊണ്ട് അദ്ദേഹത്തെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ചു.
ലഹരിക്കെതിരായ പോരാട്ടത്തിൽ സമൂഹവും പ്രവാസികളും ഏറ്റെടുക്കേണ്ട ഉത്തരവാദിത്വങ്ങളെക്കുറിച്ചും കുടുംബങ്ങളിലും സമൂഹത്തിലും ബോധവൽക്കരണം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും യോഗം വിശദമായി ചർച്ച ചെയ്തു. യുവതലമുറയെ ലഹരിയുടെ അപകടങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനായി എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണമെന്ന് യോഗം ആഹ്വാനം ചെയ്തു.
നിസാം കരുനാഗപ്പള്ളി സ്വാഗതവും റാഫി പരുതൂർ നന്ദിയും രേഖപ്പെടുത്തി.
ജിതേഷ് തെരുവത്ത്, ജോമോൻ ജോസഫ്, രതീഷ് ചിറക്കൽ , സമദ് കരുനാഗപ്പള്ളി, ഉസ്മാൻ പള്ളങ്ങൽ , മുഹമ്മദ് അസ്ലം, ജംഷാദ് അലി, സുനിൽകുമാർ വി. ബി,ഷാനവാസ് മതിലകം, അബ്ദുൾ ഗഫൂർ, റഷീദ് വി. പി , സാജിദ് കളത്തിൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
![]()
