ഗള്‍ഫിലിരുന്ന് നാടും ബന്ധുക്കളെയും വിട്ട് തൊഴിലിടം തേടി എത്തുന്ന പ്രവാസികള്‍ ഉറ്റവര്ക്കെഴുതിയ കത്തുകള്‍ ഇന്ന് ഈ ഡിജിറ്റൽ യുഗത്തിൽ അന്യമാകുന്നു . കത്തുകളുടെ ഒരുപാട് കഥകളും കത്തുപാട്ടുകളും ആവിഷ്കരിക്കപ്പെട്ടു. ഗ്രാമത്തിലെ പോസ്റ്റോഫീസുകളും പോസ്റ്റുമാന്മാരും ജനപ്രിയരായി മാറിയതും ഇന്നും ഒരു നൊസ്റ്റാള്‍ജിയയായി അവ നിലനില്ക്കുന്നതും ഗള്‍ഫ് കത്തുകളുടെ നൊമ്പരപ്പെടുത്തുന്ന ഓര്‍മകളുടെ ഓരം ചേര്‍ന്നാണ്. കത്തെഴുത്തിലെ സാഹിത്യം വരെ ചര്‍ച്ച ചെയ്യപ്പെട്ടു. ആണ്ടുകളോളം തകരപ്പെട്ടിയിലും അലമാരകളിലും സൂക്ഷിക്കപ്പെടുകയും പലയാവൃത്തി വായിക്കപ്പെടുകയും ചെയ്യുന്നത് പ്രവാസത്തിന്റെ മാത്രമായ നൊമ്പര ഓർമകളാണ്

ജനല്ച്ചില്ലുകളില് മഴത്തുള്ളികള്‍ താളമിടുമ്പോള്‍, മരുഭൂമിയിലെ മുറിയില്‍ ഇരുന്ന് നാട്ടിലെ കാറ്റിന്റെയും ഈര്‍പ്പമുള്ള മണ്ണിലെ പൂക്കളുടെയും മണം വീണ്ടും ഓര്‍ത്തെടുക്കുന്ന പ്രവാസി..! കിലോമീറ്ററുകള്‍ക്കപ്പുറം സ്യൂട്കെയ്സില് സൂക്ഷിച്ച കത്തുകളില്‍ ഹൃദയം ചാലിച്ച് അവനെഴുതിയ വരികള്‍ക്ക് വീണ്ടും ജീവന് വെക്കുകയാണ്.
എഴുത്തുകാരനും കവിയുമായ ശിഹാബുദ്ധീന്‍ പൊയ്ത്തുംകടവിന്റെ ‘ഞാനെഴുതിയ കത്തുകള്‍’ കേവലം ഒരു പാട്ടല്ല, മറിച്ച് ഓരോ മലയാളി പ്രവാസിയുടെയും ഓര്‍മ്മകളുടെ നോവുണര്‍ത്തുന്ന വായനയാണ്.

ദമാമിലെ പ്രവാസിയും മാധ്യമ പ്രവർത്തകനുമായ മാലിക് മഖ്ബൂലിൻറെ ആശയത്തിൽ ഈ സംഗീത ആൽബത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് പ്രവാസി എഴുത്തുകാരൻ ഷനീബ് അബൂബക്കറാണ്. മിഡിൽ ഈസ്റ് ടാകീസ് അവതരിപ്പിക്കുന്ന മനോഹരമായ ആൽബത്തിലെ ഗാനത്തിന്
സംഗീതം നിർവഹിച്ചിരിക്കുന്നത് ജേക്കബ് തോമസും പാടിയിരിക്കുന്നത് അശോകൻ ഐറണിയുമാണ്.നിഖിൽ മുരളീധരൻ,സുരേഷ് ആലപ്പി(ഛായാഗ്രഹണം),ഹരീഷ് (എഡിറ്റിങ് ),മുരളി ഊട്ടുകുളം(നിർമ്മാണം),മുഷാൽ തഞ്ചരി(നിർമ്മാണ നിർവഹണം) എന്നിവർ ആണ് അണിയറയിൽ.
മനോരമ മ്യൂസിക് പുറത്തിറക്കിയ മ്യൂസിക്കല്‍ ആല്‍ബത്തിലെ വരികളുടെ കാവ്യാത്മകതയും വാദ്യോപകരണങ്ങളുടെ കോലാഹലങ്ങളില്ലാത്ത ഈണവും സംഗീതപ്രേമികളുടെ ഹൃദയം കവരുന്ന സൃഷ്ടിയാണ്.

വാട്സ്ആപ്പും ഇമോജികളും വിരല്‍ത്തുമ്പില്‍ പ്രണയവും നൊമ്പരവും കൈമാറുന്ന പുതിയ ഡിജിറ്റല്‍ കാലത്ത്, കത്തിനായി ദിവസങ്ങളോളം കാത്തിരുന്ന പഴയൊരു കാലഘട്ടത്തെയാണ് ആല്‍ബം ഓര്‍മ്മിപ്പിക്കുന്നത്. പോസ്റ്റ്മാന്റെ സൈക്കിള്‍ മണിയുടെ ശബ്ദത്തിനായി കാതോര്‍ത്ത കാമുകിയുടെയും, കടലാസ് താളുകളില്‍ കണ്ണീരിറ്റിച്ചെഴുതിയ കാമുകന്റെയും കഥയാണ് ആല്‍ബം അടയാളപ്പെടുത്തുന്നത്. വരികള്‍ക്കിടയിലെ വിടവുകളില്‍ പോലും പ്രവാസിയുടെ അപൂര്‍ണ്ണമായ ആഗ്രഹങ്ങളും വിരഹ വേദനയും തൊട്ടറിയാന്‍ കഴിയും.
അനാവശ്യമായ ഓര്ക്കസ്ട്രേഷനുകളോ കൃത്രിമത്വമോ ഇല്ലാതെ വരികളുടെ ആത്മാവിന് അനുയോജ്യമായ രീതിയിലാണ് സംഗീതസംവിധാനം. ജേക്കബ് തോമസ്, അശോകന് ഐറണി, മാലിക് മഖ്ബൂല്‍, ഷനീബ് അബൂബക്കർ, മുരളി ഊട്ടുകളം എന്നിവരുടെ കൂട്ടായ്മയില്‍ മിഡിൽ ഈസ്റ്റ് ടാക്കീസിന്റെ ബാനറിൽ പിറന്ന ഈണം കേള്‍വിക്കാരെ ശാന്തവും ആഴമുള്ളതുമായ ഓര്‍മ്മകളിലേക്ക് നയിക്കും. പാട്ടിന്റെ ഓരോ ഈണത്തിലും മഴയുടെയും തണുപ്പിന്റെയും സാന്നിധ്യമുണ്ട്. ആലാപനത്തിലെ ലാളിത്യവും വൈകാരികതയും വരികളെ ഒട്ടും ചോര്‍ന്നുപോകാതെ കേള്‍വിക്കാരിലേക്ക് നേരിട്ടെത്തിക്കാന്‍ സഹായിക്കുന്നു.
ഡിജിറ്റല്‍ യുഗത്തിന്റെ ബഹളങ്ങള്‍ക്കിടയില്‍ ഹൃദയം കൊണ്ട് കേള്‍ക്കാന്‍ കഴിയുന്ന അപൂര്‍വ്വം സംഗീത സൃഷ്ടികളിലൊന്നാണ് ‘ഞാനെഴുതിയ കത്തുകള്‍’. പ്രവാസത്തെയും പ്രണയത്തെയും ആഴത്തില്‍ സ്നേഹിക്കുന്ന ഏതൊരു മലയാളിക്കും മികച്ച അനുഭൂതി സമ്മാനിക്കാന്‍ ആല്‍ബത്തിന് കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ പാട്ട് കേട്ടു കഴിയുമ്പോള്‍ അറിയാതെ ചോദിച്ചുപോകും: ‘ഇന്നും എത്രയോ പേരുടെ ഹൃദയങ്ങളിലാണ് അയക്കാത്ത അത്തരം കത്തുകള്‍ ബാക്കിവെച്ചിട്ടുണ്ടാവുക.
![]()
