മസ്കറ്റ്: ഒമാനിൽ വിവിധ വിഷയങ്ങളാൽ പ്രതിസന്ധിയിലായ ഇന്ത്യയിൽ നിന്നുള്ള വനിതാ വീട്ടുജോലിക്കാരെ നേരിൽ കണ്ട് ഇന്ത്യൻ അംബാസഡർ പ്രശാന്ത് പിസെ. തൊഴിലുടമയുടെ വീട് വിട്ടിറങ്ങേണ്ടി വന്നവരും തൊഴിലുടമ ഉപേക്ഷിച്ചവരുമായ വനിതാ തൊഴിലാളികളുമായാണ് അംബാസഡർ കൂടിക്കാഴ്ച നടത്തിയത്.
പ്രതിസന്ധിയിലായ തൊഴിലാളികൾക്ക് ഇന്ത്യൻ എംബസി സൗജന്യ താമസവും ഭക്ഷണസൗകര്യവും ഒരുക്കുന്നുണ്ടെന്ന് എംബസി അറിയിച്ചു. കൂടിക്കാഴ്ചയിൽ തൊഴിലാളികളുടെ പരാതികളും ദുരിതങ്ങളും അംബാസഡർ നേരിട്ട് കേട്ടു. ഓരോ പരാതിയിലും അടിയന്തര ഇടപെടൽ ഉറപ്പുനൽകി.എംബസിയുടെ കമ്മ്യൂണിറ്റി അഫയേഴ്സ് വിഭാഗം വിഷയങ്ങളിൽ വേഗത്തിൽ നടപടി സ്വീകരിച്ച് എത്രയും പെട്ടെന്ന് പരിഹാരം കണ്ടെത്താൻ ശ്രമിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ഇന്ത്യൻ സ്ഥാനപതിയുടെ ഇടപെടൽ വളരെ ആശ്വാസകരവും അഭിനന്ദനീയവുമാണെന്ന് ഒമാനിലെ പ്രവാസി സാമൂഹിക പ്രവർത്തകർ അഭിപ്രായപ്പെട്ടു.
![]()
