റിയാദ്: പ്രവാസി മലയാളി കുടുംബസംഗമ വേദിയായ തറവാട് സംഘടിപ്പിച്ച ഫിഫ വേൾഡ്കപ്പ് ഫെസ്റ്റ് 2026 വർണാഭമായ പരിപാടികളോടെ അരങ്ങേറി. ഫുട്ബോൾ ആവേശവും കുടുംബസംഗമവും ഒരുമിച്ചുചേർത്ത പരിപാടിയിൽ നിരവധി കുടുംബങ്ങളും കുട്ടികളും ആവേശപൂർവം പങ്കെടുത്തു.
പരിപാടിയുടെ ഏകോപനം തറവാട് 2026-27 ന്റെ മുഖ്യ ഭാരവാഹികളായ അബ്ദുൾ ഹർഷാദ്, ശ്രീകാന്ത് ശിവൻ , ഷാജി ഹനീഫ , അഫ്സർ മുള്ളത്ത്, ലിജോഷ് മാണി എന്നിവർക്ക് പുറമെ തറവാട് കുടുംബാംഗങ്ങളും സജീവമായി നേതൃത്വം നൽകി.
ലോകകപ്പിന്റെ ആവേശം പകർത്തുന്ന രീതിയിൽ വിവിധ രാജ്യങ്ങളുടെ ജേഴ്സികൾ അണിഞ്ഞെത്തിയ കുടുംബാംഗങ്ങൾ പരിപാടിക്ക് വേറിട്ട ഭംഗി പകർന്നു. കുടുംബ ഗെയിമുകൾ, വിനോദപരിപാടികൾ, ഫിഫ വേൾഡ്കപ്പ് ക്വിസ് മത്സരം, കുട്ടികൾക്കും മുതിർന്നവർക്കുമായി ഒരുക്കിയ വിവിധ ആക്ടിവിറ്റികൾ എന്നിവ പങ്കെടുത്തവരുടെ മികച്ച പ്രതികരണം നേടി. വിവിധ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.
കുടുംബാംഗങ്ങൾ തമ്മിലുള്ള സൗഹൃദവും ഐക്യവും കൂടുതൽ ദൃഢമാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പരിപാടി ആഘോഷപൂർണമായ അന്തരീക്ഷത്തിലാണ് സമാപിച്ചത്.
![]()
