ദമ്മാം:ലഹരിവിരുദ്ധ ക്യാമ്പയിന്റെയും ഫിഫ ലോകകപ്പ് 2026-ന്റെ പ്രചാരണത്തിന്റെയും ഭാഗമായി യൂത്ത് ഇന്ത്യ ക്ലബും സ്പോർട്ടിവോ അക്കാദമിയും സംയുക്തമായി ‘Say to No Drugs’ എന്ന സന്ദേശമുയർത്തി സൗഹൃദ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു.
അർജന്റീന, പോർച്ചുഗൽ ടീമുകളായി തിരിച്ച കളിക്കാർ ആവേശകരമായ മത്സരമാണ് കാഴ്ചവെച്ചത്. നിശ്ചിത സമയത്ത് 2-2ന് സമനിലയിൽ അവസാനിച്ച മത്സരത്തിൽ പെനാൽറ്റി ഷൂട്ട് ഔട്ടിൽ 4-2ന് അർജന്റീന ജയം സ്വന്തമാക്കി.

സ്പോർട്ടിവോ അക്കാദമിയിലെ കുട്ടികൾ, രക്ഷിതാക്കൾ, യൂത്ത് ഇന്ത്യ ക്ലബ് അംഗങ്ങൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. ലഹരിക്കെതിരെ ബോധവൽക്കരണം ലക്ഷ്യമിട്ട് കുട്ടികളും യുവാക്കളും “ലഹരിക്ക് നോ പറയാം, ആരോഗ്യകരമായ സമൂഹം വാർത്തെടുക്കാം” എന്ന പ്രതിജ്ഞ ഏറ്റെടുത്തു.
വിജയികൾക്കുള്ള ട്രോഫികൾ ഖലീൽ പൊന്നാനി, അനസ് മാള,അജ്മൽ കണ്ണൂർ എന്നിവർ വിതരണം ചെയ്തു. റണ്ണേഴ്സ്-അപ്പ് ടീമിന് അനീഷ്, സന്തോഷ്, ഗഫൂർ എന്നിവർ ട്രോഫികൾ സമ്മാനിച്ചു.
ഷമീർ ,മുഷ്ഫിൻ,നാദിർ എന്നിവർ മത്സരം നിയന്ത്രിച്ചു. ജംഷീർ മൂസ, അനസ് മാള,
ഷജീർ തൂണേരി, ഹാഫിസ്, ജസീൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
![]()
