ജിദ്ദ: ജിദ്ദയിലെ കണ്ണൂര്‍ സ്വദേശികളുടെ പ്രവാസി കൂട്ടായ്മയായ ‘ജിദ്ദ കണ്ണൂര്‍ സൗഹൃദ വേദി’ സംഘടിപ്പിച്ച ‘മികവ് 2K26’ പരിപാടി സംഘടനമികവിനാൽ ശ്രദ്ധേയമായി. ഷറഫിയയിലെ ലക്കി ദര്‍ബാര്‍ റെസ്റ്റോറന്റില്‍ നടന്ന പരിപാടിയില്‍, ജിദ്ദയിലെ പ്രവാസി സമൂഹത്തില്‍നിന്നുള്ള എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ആദരവ് നൽകി . എല്‍.കെ. ഇന്റര്‍നാഷണല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ പുരസ്കാരം നേടിയ ‘കോലൈസ്’ ഹ്രസ്വചിത്രത്തിന്റെ കഥാകൃത്തും നിര്‍മ്മാതാവുമായ അബ്ദുള്ള മുക്കണ്ണിയെ ചടങ്ങില്‍ ആദരിച്ചു.
ജിദ്ദയിലെ കണ്ണൂര്‍ക്കാരുടെ ഏറ്റവും പഴക്കമേറിയ കൂട്ടായ്മകളിലൊന്നായ ജിദ്ദ കണ്ണൂര്‍ സൗഹൃദ വേദി സംഘടിപ്പിച്ച പരിപാടിയില്‍ പ്രസിഡന്റ് ഷറഫുദ്ദീന് പെരിങ്ങാടി അധ്യക്ഷത വഹിച്ചു. ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂള്‍ ജിദ്ദയിലെ മലയാളം വിഭാഗം അധ്യാപിക ഡാലിയ സഞ്ചു ഉദ്ഘാടനം നിര്‍വഹിച്ചു.
സൗഹൃദവേദി രക്ഷാധികാരി സമിതി അംഗങ്ങളായ രാധാകൃഷ്ണന് കാവുബായി, അനില്‍കുമാര്‍, അബ്ദുള്ള മുക്കണ്ണി, ട്രഷറര്‍ സന്തോഷ് ഭരതന്, വൈസ് പ്രസിഡന്റുമാരായ ഇബ്രാഹിം, ഷംസീര്‍, മുന്‍ പ്രസിഡന്റ് മുഹമ്മദ് വി.പി തുടങ്ങിയവര്‍ പ്രസംഗിച്ചു. നേഹ കൃഷ്ണ, ഇഷാനി, അന്‍ഷ, ഷിന, സോഫിയ സുനില്‍, ഹാരിസ് ഹസ്സന്, മുനീര്‍ കണ്ണൂര്‍, ഉണ്ണികൃഷ്ണന്, പ്രജിത്ത്, അയ്ഹാം ഷംസുദ്ദീന് തുടങ്ങിയവര്‍ കലാപരിപാടികള്‍ക്കും സംഗീത നിശയ്ക്കും നേതൃത്വം നല്കി.
സൗഹൃദവേദി ജനറല്‍ സെക്രട്ടറി സുനില്‍ രാഘവന് സ്വാഗതവും, ജോയിന്റ് സെക്രട്ടറി ബിജുരാജ് രാമന്തളി നന്ദിയും പറഞ്ഞു.
![]()
