റിയാദ്: കേളി കലാസാംസ്കാരിക വേദി കേന്ദ്ര കമ്മിറ്റി മുൻ അംഗവും റൗദ ഏരിയ സെക്രട്ടറിയുമായിരുന്ന അബ്ദുൽ അസീസിന്റെയും ഏരിയ മുൻ ട്രഷററായിരുന്ന ജോയ് എബ്രഹാമിന്റെയും സ്മരണാർഥം കേളി റൗദ ഏരിയ സ്പോർട്സ് വിഭാഗത്തിന്റെ നേതൃത്വത്തിൽ ചെസ്-ക്യാരംസ് ടൂർണമെന്റ് സംഘടിപ്പിച്ചു.
റൗദ, നഹ്ദ പ്രദേശങ്ങളിലെ മത്സരാർത്ഥികളെ പങ്കെടുപ്പിച്ച് നഹ്ദയിലെ അൽദീവാനിയ ഇസ്തിറാഹയിൽ നടന്ന ടൂർണമെന്റിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഏരിയ പ്രസിഡന്റ് സലിം പിപി അധ്യക്ഷനായ ഉദ്ഘാടന ചടങ്ങ് കേളി രക്ഷാധികാരി കമ്മിറ്റി അംഗം ജോസഫ് ഷാജി ഉദ്ഘാടനം ചെയ്തു.
രാത്രി നടന്ന സമാപന സമ്മേളനം കേളി രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ് ഉദ്ഘാടനം ചെയ്തു. കേളി ആക്ടിംഗ് സെക്രട്ടറി രജീഷ് പിണറായി, ആക്ടിംഗ് പ്രസിഡന്റ് രാമകൃഷ്ണൻ ധനുവച്ചപുരം, കേന്ദ്ര-ഏരിയ ഭാരവാഹികൾ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
ചെസ് മത്സരത്തിൽ മുഹമ്മദ് അബ്ദുൽ ഹഖ് ഒന്നാം സ്ഥാനവും ഷബി അബ്ദുൽ സലാം രണ്ടാം സ്ഥാനവും നേടി. ക്യാരംസ് ടൂർണമെന്റിൽ ഷംസീർ–ലത്തീഫ് സഖ്യം ജേതാക്കളായപ്പോൾ നൗഷിഫ്–നാസർ എന്നിവർ നയിച്ച ടീം രണ്ടാം സ്ഥാനം നേടി.
വിജയികൾക്ക് മെമന്റോകളും ക്യാഷ് പ്രൈസുകളും വിതരണം ചെയ്തു. ഷമീം മേലത്തിൽ, ലത്തീഫ്, ജോമോൻ സ്റ്റീഫൻ, ഇസ്മയിൽ, ജോസഫ് മത്തായി, ഷാനു ഭാസ്കർ തുടങ്ങിയവർ പരിപാടിയുടെ വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
മത്സരങ്ങൾക്കുശേഷം പങ്കെടുത്തവർക്കായി വൈവിധ്യമാർന്ന നാടൻ ഭക്ഷണവും ഒരുക്കി. തുടർന്ന് ഏരിയ അംഗങ്ങൾക്കായി നീന്തൽ പരിശീലനവും സംഘടിപ്പിച്ചു. ഏരിയ സെക്രട്ടറി ഷാജി കെ.കെ. സ്വാഗതവും പ്രോഗ്രാം കോർഡിനേറ്റർ ഷാനു ഭാസ്കർ നന്ദിയും രേഖപ്പെടുത്തി.
![]()
