ദമ്മാം: പ്രവാസി ഗായിക കല്യാണി നായരുടെ പ്രഥമ ഇംഗ്ലീഷ് കവിതാസമാഹാരമായ ‘ആംബിവലൻസ്’ ജൂൺ 18-ന് വ്യാഴാഴ്ച ദമ്മാമിൽ പ്രകാശനം ചെയ്യും. സൗദി മലയാളീ സമാജം സംഘടിപ്പിക്കുന്ന ചടങ്ങ് ദമ്മാം റോസ് ഓഡിറ്റോറിയത്തിൽ വൈകിട്ട് 7.30ന് സാംസ്കാരിക പരിപാടികളോട് കൂടി ആരംഭിക്കും.
മലയാളത്തിലെ പ്രശസ്ത ഗാനരചയിതാവും തിരക്കഥാകൃത്തുമായ ഷിബു ചക്രവർത്തി പുസ്തകത്തിന്റെ പ്രകാശനകർമം നിർവഹിക്കും.
സ്വരമാധുര്യം കൊണ്ട് പ്രവാസി മലയാളികളുടെ ഹൃദയങ്ങളിൽ ഇടംപിടിച്ച കല്യാണി ‘ആംബിവലൻസ്’എന്ന തന്റെ കവിതാ സമാഹാരത്തിലൂടെ സാഹിത്യ മേഖലയിലും, കവിതകൾക്കായി വരച്ച ചിത്രങ്ങളിലൂടെ ചിത്രരചനയിലും തന്റെ സാന്നിധ്യം അറിയിക്കുകയാണ്.
ഡെസ്റ്റിനി ബുക്ക്സ് കോഴിക്കോട് പ്രസിദ്ധീകരിക്കുന്ന ഈ കൃതിയിലൂടെ തന്റെ സാഹിത്യ പ്രതിഭാ വിലാസത്തോടൊപ്പം നല്ലൊരു ചിത്രകാരികൂടിയാണ് താനെന്ന് വായനക്കാരെ ബോധ്യപെടുത്തുന്നുണ്ട് കല്യാണി. ജീവിതാനുഭവങ്ങൾ, മനുഷ്യബന്ധങ്ങൾ, ആത്മസംഘർഷങ്ങൾ, പ്രതീക്ഷകൾ തുടങ്ങി വിവിധ വിഷയങ്ങളെ പ്രമേയമാക്കിയ ഇംഗ്ലീഷ് കവിതകളുടെ സമാഹാരമാണീ പുസ്തകം.
കിഴക്കൻ പ്രവിശ്യയിലെ സാഹിത്യ-സാംസ്കാരിക വിദ്യാഭ്യാസ മേഖലകളിലേ പ്രമുഖ വ്യക്തിത്വങ്ങൾ പ്രകാശന ചടങ്ങിൽ പങ്കെടുക്കും.
സംഗീതവും സാഹിത്യവും ഒരുമിച്ച് ആഘോഷിക്കുന്ന ഈ സായാഹ്നം കലാസ്വാദകർക്കും സാഹിത്യപ്രേമികൾക്കും ഒരു നവ്യാ നുഭവമാകുമെന്ന് സൗദി മലയാളീ സമാജം ഭാരവാഹികൾ പത്രകുറിപ്പിലൂടെ അറിയിച്ചു.
![]()
