ദമ്മാം: മഹാത്മാഗാന്ധി സർവകലാശാലയുടെ ബി.എസ്.സി ബയോ ഇൻഫർമാറ്റിക്സ് പരീക്ഷയിൽ മൂന്നാം റാങ്ക് നേടി ദമ്മാമിലെ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിലെ മുൻ വിദ്യാർത്ഥിനിയായ തൻസീറാ സിദ്ധിഖ് ശ്രദ്ധേയമായ നേട്ടം കൈവരിച്ചു.
ദമ്മാമിലെ അറിയപ്പെടുന്ന കരകൗശല നിർമാണ വിദഗ്ധനായ സിദ്ദീഖ് ആലുവയുടെയും നസീമയുടെയും മകളായ തൻസീറാ, തന്റെ അക്കാദമിക മികവിലൂടെ കുടുംബത്തിനും അധ്യാപകർക്കും സുഹൃത്തുക്കൾക്കും അഭിമാനമായി മാറിയിരിക്കുകയാണ്.
ഏഴാം ക്ലാസ് വരെ ദമ്മാമിലെ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിലും കുറച്ചുകാലം അൽ-മുന സ്കൂളിലും വിദ്യാഭ്യാസം തുടർന്ന തൻസീറാ, ബാല്യകാലം മുതൽ തന്നെ പഠനത്തിലും , ചിത്ര രചന , കരകൗശല നിർമ്മാണം എന്നിവയിൽ മികവ് പുലർത്തിയിരുന്നതായി ദമ്മാം സലാമത്ത് കോർണർ റെസിഡൻസ് കൂട്ടായ്മയുടെ കൺവീനർ അഷ്റഫ് വടകര പറഞ്ഞു . തൻസീറയുടെ ഈ നേട്ടം പ്രവാസി സമൂഹത്തിന് അഭിമാനകരമാണ്.
മഹാത്മാഗാന്ധി സർവകലാശാലയുടെ ബയോ ഇൻഫർമാറ്റിക്സ് ബിരുദ പരീക്ഷയിൽ മൂന്നാം റാങ്ക് നേടിക്കൊണ്ട് തൻസീറാ തന്റെ കഴിവും അർപ്പണബോധവും ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ്. വിവിധ മേഖലകളിൽ നിന്നുള്ള നിരവധി പേർ തൻസീറയ്ക്കും കുടുംബത്തിനും അഭിനന്ദനങ്ങൾ അറിയിച്ചു.
ഈ നേട്ടം ഭാവിയിൽ ശാസ്ത്ര-സാങ്കേതിക രംഗങ്ങളിൽ കൂടുതൽ ഉയരങ്ങൾ കീഴടക്കാനുള്ള പ്രചോദനമാകട്ടെയെന്ന് അധ്യാപകരും സുഹൃത്തുക്കളും ആശംസിച്ചു.
![]()
