റിയാദ് : സ്കൂൾ വിദ്യാർത്ഥികളിൽ സുരക്ഷാ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ സസ്റ്റൈനബിലിറ്റി ലീഡേഴ്സ് കമ്പനി (എസ്എൽസി) റിയാദിലെ വിവിധ സ്കൂളുകളിലെ വിദ്യാർത്ഥികൾക്കിടയിൽ നടത്തിയ സ്കൂൾ സേഫ്റ്റി ചലഞ്ച് 2026ന്റെ സമ്മാനദാനം മെയ് 20 ബുധനാഴ്ച റിയാദിലെ മലാസ് ചെറീസ് റെസ്റ്റോറൻറിൽ വെച്ച് പ്രൗഢ ഗംഭീരമായി നടന്നു. വിദ്യാർത്ഥികളും, രക്ഷിതാക്കളും, സുരക്ഷാ പ്രൊഫഷണലുകളും, മാധ്യമ പ്രതിനിധികളും മറ്റു വിശിഷ്ടാതിഥികളും ചടങ്ങിൽ പങ്കെടുത്തു.
ഇൻറർനാഷണൽ ലേബർ ഓർഗനൈസേഷൻ (ILO) ആഗോള തലത്തിൽ എല്ലാ വർഷവും ഏപ്രിൽ 28നു അന്താരാഷ്ട്ര സുരക്ഷാ ദിനം ആചരിക്കുന്നതിന്റെ ഭാഗമായാണ് പ്രൊഫഷനൽ സുരക്ഷാ പരിശീലകരായ എസ്എൽസി റിയാദിലെ വിദ്യാർത്ഥികൾക്കിടയിൽ പരിപാടി സംഘടിപ്പിച്ചത്. ജോലിസ്ഥലത്ത് സുരക്ഷിതത്വത്തിനും ആരോഗ്യത്തിനുമുള്ള തത്വങ്ങളെ പിന്തുണയ്ക്കുക എന്ന അന്താരാഷ്ട സുരക്ഷാ ദിനത്തിന്റെ സന്ദേശം പ്രചരിപ്പിക്കുക, വളർന്നു വരുന്ന തലമുറയിൽ സുരക്ഷാ അവബോധം പ്രോത്സാഹിപ്പിക്കുക എന്നതായിരുന്നു സ്കൂൾ സേഫ്റ്റി ചലഞ്ച് 2026 ൻറെ ഉദ്ദേശലക്ഷ്യം
അപകടങ്ങൾ മനസ്സിലാക്കുന്നതിനും അപകടസാധ്യതകൾ തിരിച്ചറിയുന്നതിനും സുരക്ഷിതമായ വീടുകൾ, സ്കൂളുകൾ, കമ്മ്യൂണിറ്റികൾ എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള അസാധാരണമായ ഉത്സാഹവും അറിവും പ്രതിബദ്ധതയും പ്രകടിപ്പിച്ചുകൊണ്ട് ആയിരക്കണക്കിന് വിദ്യാർത്ഥികൾ സ്കൂൾ സുരക്ഷാ ചലഞ്ചിൽ പങ്കെടുത്തു.
വിദ്യാർത്ഥികളുടെ പ്രായത്തിനനുസരിച്ചു വിവിധ കാറ്റഗറികളായി തിരിച്ചു നടത്തിയ മത്സരത്തിൽ വിജയികളായവർക്ക് സസ്റ്റൈനബിലിറ്റി ലീഡേഴ്സ് കമ്പനിയുടെ ജനറൽ മാനേജർ മുഅത്ത് ആലങ്കരിയും അബ്ദുൾ അസീസ് ആലങ്കരിയും ചേർന്ന് അവാർഡുകൾ വിതരണം ചെയ്തു.
സസ്റ്റൈനബിലിറ്റി ലീഡേഴ്സ് കമ്പനിയുടെ കൺസൾട്ടൻസി ആൻറ് ട്രെയിനിംഗ് മേധാവി ഡോ. മഹേഷ് പിള്ള സദസ്സിനെ സ്വാഗതം ചെയ്തു. കുട്ടികളിൽ ചെറുപ്പം മുതലേ സുരക്ഷാ അവബോധം വളർത്തിയെടുക്കേണ്ടതിൻറെയും ശക്തമായ സുരക്ഷാ സംസ്കാരം സൃഷ്ടിക്കുന്നതിൻറെയും ആവശ്യകതതയെക്കുറിച്ചു അദ്ദേഹം എടുത്തുപറഞ്ഞു. അതോടൊപ്പം ആരോഗ്യ സുരക്ഷാ മേഖലയിൽ വർദ്ധിച്ചു വരുന്ന തൊഴിലവസരങ്ങളെ ഉപയോഗപ്പെടുത്താൻ രക്ഷിതാക്കളെയും വിദ്യാർഥികളെയും പ്രോത്സാഹിപ്പിച്ചു.
ചടങ്ങിൽ പങ്കെടുത്ത വിശിഷ്ടാതിഥികളും സദസ്സിനെ അഭിസംബോധന ചെയ്തു. സാമൂഹിക ഇടപെടലുകളുടെയും ബോധവൽക്കരണ പ്രവർത്തനങ്ങളുടെയും പ്രാധാന്യം ഊന്നിപ്പറഞ്ഞു കൊണ്ട് മാധ്യമ പ്രവർത്തകനായ ജയൻ കൊടുങ്ങല്ലൂരും വിദ്യാർത്ഥികൾക്കും കുടുംബങ്ങൾക്കും പ്രചോദനാത്മകമായ അഭിപ്രായങ്ങൾ നൽകി ജിഹാൻ താജുദീനും സംസാരിച്ചു.
മൂന്ന് മത്സര വിഭാഗങ്ങളിലും മികച്ച പ്രകടനം നടത്തിയ വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു. സേഫ്റ്റി സ്റ്റാർട്ടേഴ്സ് വിഭാഗത്തിൽ ആരാധനശ്രീ ഒന്നാം സ്ഥാനവും പ്രാണേഷ് രണ്ടാം സ്ഥാനാവറും അഭിനവ് കൃഷ്ണ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സേഫ്റ്റി എക്സ്പ്ലോറേഴ്സ് വിഭാഗത്തിൽ മാധവ് കൃഷ്ണ മുരളി ഒന്നാം സ്ഥാനവും മാധവി കൃഷ്ണ രണ്ടാം സ്ഥാനവും നതാഷ ലിബിൻ മൂന്നാം സ്ഥാനവും നേടി. സേഫ്റ്റി ലീഡേഴ്സ് വിഭാഗത്തിൽ റുമാന ബീഗം ഒന്നാം സ്ഥാനത്തും മേധലക്ഷ്മി രണ്ടാം സ്ഥാനത്തും വൈഷ്ണവ് പള്ള്യാന മൂന്നാം സ്ഥാനത്തും എത്തി.
കൺസൾട്ടൻസി, പരിശീലനം, പരിശോധനകൾ, ബോധവൽക്കരണ സംരംഭങ്ങൾ എന്നിവയിലൂടെ സൗദി അറേബ്യയിലുടനീളം ശക്തമായ സുരക്ഷാ സംസ്കാരങ്ങൾ കെട്ടിപ്പടുക്കുന്നതിനുള്ള കമ്പനിയുടെ പ്രതിബദ്ധത പരിപാടിയിൽ സംസാരിച്ച SLC പ്രതിനിധികൾ വീണ്ടും ഉറപ്പിച്ചു. വിജയികളെ ആദരിച്ചും, പങ്കെടുത്തവരെ അഭിനന്ദിച്ചും, അതിഥികളും കുടുംബാംഗങ്ങളും പങ്കെടുത്ത ഡിന്നർ എന്നിവയോടെ പ്രോഗ്രാം സമാപിച്ചു.
![]()
