ദമ്മാം:വർഗീയ കാർഡിറക്കി മൂന്നാം വട്ടം അധികാരത്തിൽ കയറിപ്പറ്റാനുള്ള ഇടതുപക്ഷത്തിന്റെ ശ്രമത്തെ വോട്ട് കൊണ്ട് തോൽപിച്ച കേരള ജനതക്ക് പ്രവാസി വെൽഫെയർ ദമ്മാം റീജിയണൽ കമ്മിറ്റി അഭിവാദ്യങ്ങൾ അർപ്പിച്ചു. ദമ്മാമിൽ ചേർന്ന തെരഞ്ഞെടുപ്പ് അവലോകന യോഗത്തിൽ യു.ഡി.എഫ് നേടിയ ഉജ്വല വിജയത്തിൽ സന്തോഷം പ്രകടിപ്പിച്ചു. വെൽഫെയർ പാർട്ടി മുന്നോട്ട് വെച്ച സഹോദര്യ രാഷ്ട്രീയം ജനം ഏറ്റെടുത്തു എന്നതിന്റെ തെളിവാണ് കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലമെന്ന് യോഗം വിലയിരുത്തി. പത്ത് കൊല്ലം കൊണ്ട് കേരളത്തിലെ വിവിധ സമൂഹങ്ങളിൽ ഭരണത്തിന്റെ തണലിൽ ഉണ്ടാക്കിയ ചേരിതിരിവ് തിരിച്ചുപിടിക്കേണ്ടതുണ്ടെന്നും ജനങ്ങൾ നൽകിയ വൻ പിന്തുണക്ക് പകരമായി മികച്ചൊരു ഭരണം കാഴ്ച വെക്കാൻ യു.ഡി.എഫിന് കഴിയേണ്ടതുണ്ടെന്നും യോഗത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. പ്രസിഡന്റ് ജംഷാദ് കണ്ണൂർ അധ്യക്ഷത വഹിച്ചു. ഷബീർ ചാത്തമംഗലം, സാബിഖ് കോഴിക്കോട്, ബിനാൻ ബഷീർ, ഉബൈദ്, സലീം കണ്ണൂർ തുടങ്ങിയവർ സംസാരിച്ചു.
![]()
