റിയാദ് :റിയാദിലെ മലയാളി കുടുംബങ്ങൾക്കായി സാംസ്കാരികവും സൗഹൃദപരവുമായ ഒരു മനോഹര സായാഹ്നം ഒരുക്കി കസവ് കലാവേദി റിയാദ് സംഘടിപ്പിക്കുന്ന കുടുംബ സംഗമം മെയ് 1 വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് അൽ ബിലാദി ഇസ്തിറാഹ, ഇസ്താംബുൾ സ്ട്രീറ്റ്, സുലൈയിൽ നടക്കും. കുടുംബാംഗങ്ങളെയും കലാസ്നേഹികളെയും ഒരുമിപ്പിക്കുന്ന ഈ പരിപാടി റിയാദിലെ മലയാളി സമൂഹത്തിന് വേറിട്ട അനുഭവമാകുമെന്ന് സംഘാടകർ അറിയിച്ചു.
പരിപാടിയുടെ പ്രധാന ആകർഷണമായി കസവ് പ്രസിഡന്റ് സലിം ചാലിയത്തിന് ഒരുക്കുന്ന യാത്രയയപ്പ് ചടങ്ങ് നടക്കും. സംഘടനയുടെ വളർച്ചയ്ക്കും കൂട്ടായ്മ ശക്തിപ്പെടുത്തുന്നതിനും നൽകിയ സംഭാവനകൾ അനുസ്മരിക്കുന്നതോടൊപ്പം, അദ്ദേഹത്തിന് അംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സ്നേഹാദരവുകളും ചടങ്ങിൽ അർപ്പിക്കും.
സംഗമത്തോടനുബന്ധിച്ച് വൈവിധ്യമാർന്ന കലാപരിപാടികളും അരങ്ങേറും. ടീം മെഹഫിൽ അവതരിപ്പിക്കുന്ന മുട്ടിപ്പാട്ട്, കസവ് വോയിസ് ഒരുക്കുന്ന ഗാനമേള, സൂഫി ഡാൻസ്, ഒപ്പന, കോൽക്കളി തുടങ്ങിയ കലാവിരുന്നുകൾ സദസിനെ ആവേശഭരിതമാക്കും. കുട്ടികളുടെയും വനിതകളുടെയും പ്രത്യേക പങ്കാളിത്തവും പരിപാടിക്ക് മാറ്റുകൂട്ടും.
റിയാദിലെ മുഴുവൻ മലയാളി കുടുംബങ്ങളെയും ഈ കുടുംബ സംഗമത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി കസവ് ഭാരവാഹികൾ അറിയിച്ചു. സൗഹൃദവും കലയും കുടുംബബന്ധങ്ങളും കൂടുതൽ ശക്തിപ്പെടുത്തുന്ന ഈ സംഗമം ഓർമ്മിക്കപ്പെടുന്ന ഒരു സായാഹ്നമാകുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ.
![]()
