റിയാദ്: സാമൂഹിക പുരോഗതിയുടെയും സാംസ്കാരിക വളര്‍ച്ചയുടെയും അടിത്തറ വായനയിലും എഴുത്തിലുമാണെന്നും അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഡിജിറ്റല്‍ കാലഘട്ടത്തില്‍ വായനയെയും എഴുത്തിനെയും അതീവ ഗൗരവത്തോടെയും ഉത്തരവാദിത്തത്തോടെയും സമീപിക്കണമെന്നും പ്രശസ്ത സാഹിത്യകാരി സബീന എം. സാലി. ലൈവ് മീഡിയ അക്കാദമി വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ ‘വള്ളീം പുള്ളീം’ സുവനീറിന്റെ കവര്‍ പേജ് പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.
വിവരസാങ്കേതികവിദ്യയുടെയും ഡിജിറ്റല്‍ മാധ്യമങ്ങളുടെയും കാലത്ത്, ആഴത്തിലുള്ള വായനയും ചിന്തയും കുറയുന്നുണ്ടോ എന്ന് പരിശോധിക്കപ്പെടണം. അറിവിന്റെ അടിത്തറയാണ് വായന. അതുകൊണ്ടുതന്നെ വായനയെ വെറുമൊരു വിനോദമായി കാണാതെ, ജീവിതത്തെ സമഗ്രമായി മെച്ചപ്പെടുത്താനുള്ള തപസ്യയായി കാണണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
യോഗത്തില്‍ ഇസ്മായില്‍ കണ്ണൂര്‍ അധ്യക്ഷത വഹിച്ചു. കോഴ്സ് ഡയറക്ടര്‍ നസ്രുദ്ദീന്‍ വി.ജെ സുവനീറിന്റെ പ്രാധാന്യത്തെക്കുറിച്ചും അതിന്റെ നിര്‍മ്മാണ ഘട്ടത്തിലെ അനുഭവങ്ങളെക്കുറിച്ചും വിശദീകരിച്ചു. പ്രവാസ ലോകത്തെ ഇത്തരം സംരംഭങ്ങള്‍ വായനാശീലം പ്രോത്സാഹിപ്പിക്കാനും സര്‍ഗ്ഗാത്മകത വളര്‍ത്താനും സഹായിക്കുമെന്ന് ചടങ്ങില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.
മീഡിയ ഫോറം ജനറല്‍ സെക്രട്ടറി ജയന് കൊടുങ്ങല്ലൂര്‍, മാധ്യമപ്രവര്‍ത്തകരായ നജിം കൊച്ചുകലുങ്ക്, നൗഫല്‍ പാലക്കാടന്‍, ശിഹാബുദ്ദീന് കുഞ്ചീസ്, എടവണ്ണ സുനില്‍ ബാബു, സോണി പാറക്കല്‍, അബ്ദുല്‍ ഖാദര്‍ പള്ളിപ്പറമ്പ, ഇസ്മായില്‍ കരോളം, ജസീല മൂസ, ഹസീബ്, നസീറ റഫീഖ്, സഫ ശൗക്ക്, റാസിന് അബ്ദുറസാക്, റസാക്ക് മോളൂര്‍, ഫായിസ മുഹമ്മദ്, മൊയ്തീന് എം.സി, റിയാസ് വണ്ടൂര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സഗീര്‍ അന്ദാറത്തറ ആമുഖ പ്രഭാഷണം നിര്‍വ്വഹിച്ചു. ശാദിയ ഷാജഹാന് സ്വാഗതവും വൈശാഖ് അരൂര്‍ നന്ദിയും പറഞ്ഞു.
![]()
