റിയാദ്: സൗദി അറേബ്യയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ റിയാദ് ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിന്റെ (ഐ ഐ എസ് ആർ ) ഇന്ററിം പ്രിൻസിപ്പലായി പ്രമുഖ വിദ്യാഭ്യാസ പ്രവർത്തകയും സാമൂഹിക പ്രവർത്തകയുമായ മൈമൂന അബ്ബാസിനെ നിയമിച്ചു കൊണ്ട് ഉത്തരവിറങ്ങി. ദീർഘകാലം സ്കൂളിനെ നയിച്ച മീര റഹ്മാൻ വിരമിച്ച ഒഴിവിലാണ് പുതിയ നിയമനം. സ്കൂൾ മാനേജിംഗ് കമ്മിറ്റി ചെയർമാൻ രാജാദുരൈ സതാനന്ദൻ പുറത്തിറക്കിയ സർക്കുലറിലാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.
സ്കൂൾ ഹയർ ബോർഡിന്റെയും മറ്റ് അധികൃതരുടെയും നിർദ്ദേശപ്രകാരം ഏപ്രിൽ 13 മുതൽ മൈമൂന അബ്ബാസ് ചുമതലയേറ്റു. അധ്യാപന രംഗത്ത് പതിറ്റാണ്ടുകളുടെ പരിചയസമ്പത്തുള്ള അവർ, റിയാദിലെ സാമൂഹിക-സാംസ്കാരിക മേഖലകളിലെ സജീവ സാന്നിധ്യമാണ്. മികച്ച അധ്യാപകർക്കുള്ള ‘ഹിമാക്ഷര’ പുരസ്കാരവും, മികച്ച പ്രസംഗകർക്കുള്ള അന്താരാഷ്ട്ര ബഹുമതിയായ ഡിസ്റ്റിംഗിഷ്ഡ് ടോസ്റ്റ്മാസ്റ്റർ അവാർഡും ഉൾപ്പെടെ ഒട്ടനവധി അംഗീകാരങ്ങൾ മൈമൂന അബ്ബാസിനെ തേടിയെത്തിയിട്ടുണ്ട്.
പഠനവിഷയങ്ങൾക്ക് പുറമെ പ്രവാസി മലയാളി വിഷയങ്ങളിലും കുട്ടികളുടെ പാഠ്യേതര വികസന ത്തിലും കാതലായ മാറ്റങ്ങൾ കൊണ്ടുവരാൻ പുതിയ നേതൃത്വത്തിന് കഴിയുമെന്ന് രക്ഷിതാക്കളും അധ്യാപകരും പ്രത്യാശ പ്രകടിപ്പിച്ചു. റിയാദിലെ സാമൂഹിക പ്രവർത്തകൻ വി.കെ.കെ. അബ്ബാസാണ് ഭർത്താവ്. ഡോക്ടർമാരായ ഫർഹാൻ അബ്ബാസ്, അഫ്നാൻ അബ്ബാസ് എന്നിവർ മക്കളാണ്.
![]()
