റിയാദ്: ഒഐസിസി പൊന്നാനി, തവനൂർ മണ്ഡലം കമ്മിറ്റികളും കെഎംസിസി പൊന്നാനി മണ്ഡലം കമ്മിറ്റിയും ചേർന്ന് സംഘടിപ്പിച്ച സംയുക്ത തിരഞ്ഞെടുപ്പ് കൺവെൻഷൻ യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് പുതിയ ഊർജവും ദിശാബോധവും നൽകി.
റിയാദിലെ ഒഐസിസി സബർമതി ഓഫീസിൽ നടന്ന പരിപാടി ഒഐസിസി മലപ്പുറം ജില്ലാ പ്രസിഡന്റ് സിദ്ധിഖ് കല്ലുപറമ്പന്റെ അധ്യക്ഷതയിൽ നടന്നു. കെഎംസിസി പ്രസിഡന്റ് സി.പി. മുസ്തഫ ഉദ്ഘാടനം നിർവഹിച്ചു. ഒഐസിസി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കര മുഖ്യ പ്രഭാഷണം നടത്തി.

മുഖ്യപ്രഭാഷണത്തിൽ, കേരളത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യവും ഭരണപരമായ വെല്ലുവിളികളും വിശദമായി വിലയിരുത്തിയ അദ്ദേഹം, വികസനവും ക്ഷേമവും ഉറപ്പാക്കുന്ന പാരമ്പര്യമുള്ള യുഡിഎഫ് ഭരണത്തിലേക്ക് ജനങ്ങൾ വീണ്ടും തിരിയുന്ന സാഹചര്യം രൂപപ്പെട്ടതായി അഭിപ്രായപ്പെട്ടു. മലപ്പുറം ജില്ലയിലെ മുഴുവൻ 16 മണ്ഡലങ്ങളിലും യുഡിഎഫ് മികച്ച വിജയം കൈവരിക്കുമെന്നും , ശക്തമായ സംഘടനാ പ്രവർത്തനവും ജനപിന്തുണയും ആ വിജയത്തിന് വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രത്യേകിച്ച് പൊന്നാനി, തവനൂർ മണ്ഡലങ്ങളിൽ ദീർഘകാലമായി തുടരുന്ന സിപിഎമ്മിന്റെ ആധിപത്യം അവസാനിപ്പിക്കാൻ യുഡിഎഫ് ഏകോപിതവും വ്യാപകവുമായ പ്രചാരണ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്നും, ബൂത്ത് തലത്തിൽ വരെ പ്രവർത്തകരെ സജ്ജമാക്കി വോട്ടർമാരുമായി നേരിട്ടുള്ള ബന്ധം ഉറപ്പാക്കുന്ന രീതിയിൽ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും നേതാക്കൾ വ്യക്തമാക്കി.
യുവജനങ്ങൾ, വനിതകൾ, പ്രവാസികൾ എന്നിവരെ ഉൾപ്പെടുത്തി വിപുലമായ പിന്തുണ ഉറപ്പാക്കുന്നതിനുള്ള പദ്ധതികളും ആസൂത്രണം ചെയ്തിട്ടുണ്ട്.
പൊന്നാനി നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർഥി കെ.പി. നൗഷാദ് അലി ഓൺലൈനിലൂടെ പങ്കെടുത്ത് സംസാരിച്ചു. മണ്ഡലത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് അടിസ്ഥാന സൗകര്യങ്ങൾ, വിദ്യാഭ്യാസം, ആരോഗ്യരംഗം, തൊഴിൽ അവസരങ്ങൾ എന്നിവയിൽ ഗണ്യമായ മാറ്റങ്ങൾ കൊണ്ടുവരാനാണ് തന്റെ പ്രതിജ്ഞയെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രവാസി സമൂഹത്തിന്റെ പിന്തുണ യുഡിഎഫ് വിജയത്തിൽ നിർണായക ശക്തിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഷംസു പൊന്നാനി സ്വാഗതം ആശംസിച്ച ചടങ്ങിൽ അൻസാർ നൈതല്ലൂർ നന്ദി രേഖപ്പെടുത്തി.

ഒഐസിസി, കെഎംസിസി നേതാക്കളായ അമീർ പട്ടണത്ത്, അബ്ദുൽ അസീസ്, വഹീദ് വാഴേക്കാട്, സഫീർ, ബഷീർ കോട്ടക്കൽ , അസ്ലം കളക്കര, റസാഖ് പൊന്നാനി, ബിലാൽ, ജാഫർ പുറങ്ങ്, ബക്കർ കിളിയിൽ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
നിസാർ, അലി,ഷഫീക്,നൗഷാദ്, അൽത്താഫ്, അബ്ദു, ഫാറൂഖ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്താനും, പ്രവാസി സമൂഹത്തിന്റെ ഏകോപിത ഇടപെടൽ ഉറപ്പാക്കാനും, ഓരോ മണ്ഡലത്തിലും യുഡിഎഫ് സ്ഥാനാർഥികളുടെ വിജയത്തിനായി സജീവമായി പ്രവർത്തിക്കണമെന്ന ആഹ്വാനത്തോടെ കൺവെൻഷൻ സമാപിച്ചു.
![]()
