റിയാദ് : ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തെ ഏകോപിപ്പിക്കുന്ന പ്രമുഖ ആഗോള സംഘടനയായ വേൾഡ് മലയാളി ഫെഡറേഷൻ സൗദി ദേശീയ കൗൺസിലിന്റെ 2026–2027 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ ചുമതലയേറ്റു.
മേഖലയിൽ പ്രവാസി പ്രവർത്തനങ്ങൾക്ക് പുതുഊർജം പകരുന്ന ഈ നീക്കം സംഘടനയുടെ കെട്ടുറപ്പിന് പുതിയ ദിശയും വ്യാപ്തിയും നൽകുമെന്ന് വിലയിരുത്തപ്പെടുന്നു.
നൂറ്റി അറുപത്തിയെട്ടോളം രാജ്യങ്ങളിൽ ഇരുനൂറ്റി അറുപതിലധികം കൗൺസിലുകളിലായി പ്രവർത്തന വിസ്താരം വ്യാപിപ്പിച്ചിരിക്കുന്ന ഡബ്ല്യൂ.എം.എഫിൻ്റെ സൗദി ദേശീയ ഘടകത്തിന് രൂപം കൊണ്ട പുതിയ ഭരണസമിതി, പ്രവാസി മലയാളികളുടെ സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ ഇടപെടലുകൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിന് മുൻഗണന നൽകുമെന്ന് ഭാരവാഹികൾ വ്യക്തമാക്കി.
വിവിധ മേഖലകളിൽ പ്രവർത്തന മികവ് തെളിയിച്ച ഹെൻറി തോമസ് (നാഷണൽ കോഓർഡിനേറ്റർ) നിസ്സാർ പള്ളിക്കശ്ശേരിൽ (നാഷണൽ പ്രസിഡന്റ്) പ്രിൻസ് ജോർജ് (നാഷണൽ സെക്രട്ടറി) സുശീല ജോസഫ് (നാഷണൽ ട്രഷറർ) എന്നീ നേതാക്കളാണ് പുതിയ സംഘത്തിൽ ഇടം നേടിയിരിക്കുന്നത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി പ്രവർത്തിക്കുന്ന ഡബ്ല്യൂ.എം.എഫ് കൗൺസിലുകളെ ഏകോപിപ്പിച്ച് സംഘടനയെ കൂടുതൽ ശക്തമായ പ്രവാസി ശൃംഖലയാക്കി മാറ്റുക, സാമൂഹിക സേവന പദ്ധതികൾ വിപുലീകരിക്കുക, കൂടാതെ മലയാളി സമൂഹത്തിന്റെ ഐക്യവും സഹകരണവും വർധിപ്പിക്കുക എന്നിവയാണ് പുതിയ നേതൃത്വത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ.
ഡബ്ല്യൂ.എം.എഫ് ഫൗണ്ടർ ചെയർമാൻ ഡോ.പ്രിൻസ് പള്ളിക്കുന്നേൽ (ഓസ്ട്രിയ), ഗ്ലോബൽ ചെയർമാൻ ഡോ.ജെ.രത്നകുമാർ (ഒമാൻ), ഗ്ലോബൽ പ്രസിഡൻ്റ് ഡോ.ആനി ലിബു (അമേരിക്ക) എന്നിവർ പുതിയ നേതൃത്വത്തിന് ആശംസാ സന്ദേശങ്ങളയച്ചു.
പ്രവാസി മലയാളികളുടെ പ്രശ്നങ്ങളിൽ സജീവ ഇടപെടലുകൾ ഉറപ്പാക്കുകയും യുവജനങ്ങളെ സംഘടനാപ്രവർത്തനത്തിലേക്ക് ആകർഷിക്കുന്ന പദ്ധതികൾ നടപ്പിലാക്കുകയും ചെയ്യുമെന്ന് പുതിയ ഭാരവാഹികൾ അറിയിച്ചു.
![]()
