റിയാദ്: തമിഴ്നാട് തിരുനെൽവേലി സ്വദേശിയായ വെള്ളദുരൈ (66) റിയാദിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു. അദ്ദേഹം സ്ഥിരമായി വാഹനം പാർക്ക് ചെയ്യുന്ന സ്ഥലത്ത് ഡയന വാനിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും പ്രതികരണം ലഭിക്കാത്തതിനെ തുടർന്ന് സുഹൃത്തുക്കൾ അദ്ദേഹം സ്ഥിരമായി വാഹനം പാർക്ക് ചെയ്യുന്ന സ്ഥലത്തെത്തി അന്വേഷിക്കുകയായിരുന്നു. ഈ പരിശോധനയിലാണ് വാഹനത്തിനുള്ളിൽ മരിച്ച നിലയിൽ അദ്ദേഹത്തെ കണ്ടെത്തിയത്.
തുടർന്ന് സുഹൃത്തുക്കൾ ഉടൻ തന്നെ കെ.എം.സി.സി പ്രവർത്തകരെ വിവരം അറിയിക്കുകയും, മരണാനന്തര നടപടികൾക്കായി വെൽഫെയർ വിങ് റിയാദ് മലപ്പുറം ജില്ലാ കെ.എം.സി.സി രംഗത്തെത്തുകയുമായിരുന്നു. കെ.എം.സി.സി പ്രവർത്തകരുടെ മേൽനോട്ടത്തിൽ റെഡ് ക്രസന്റ് അധികൃതർ സ്ഥലത്തെത്തി മൃതദേഹം തുടർനടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി.
പരേതനായ വെള്ളദുരൈയുടെ മാതാപിതാക്കളും ഭാര്യയും നേരത്തെ അന്തരിച്ചതാണ്. സുദലൈമണി ഏക മകനാണ്. മരണവാർത്തയറിഞ്ഞതോടെ തുടർന്നുള്ള നിയമനടപടികളുമായി വെൽഫെയർ വിങ്ങ് റിയാദ് കെ.എം.സി.സി ചെയർമാൻ റഫീഖ് പുല്ലൂർ, വെൽഫയർ വിങ് റിയാദ് മലപ്പുറം ജില്ലാ കെ.എം.സി.സി കൺവീനർ റിയാസ് തിരൂർക്കാട്, ഉമ്മർ അമാനത്ത്, നസീർ കണ്ണീരി എന്നിവരുടെ നേതൃത്വത്തിലാണ് വെൽഫെയർ വിങ്ങ് റിയാദ് മലപ്പുറം ജില്ലാ കെ.എം.സി.സി സജീവമായി രംഗത്തുള്ളത്.
![]()
