റിയാദ് : ”മെയ്ഡ് ഇൻ സൗദി” പ്രമോഷനുകളിലൂടെ പ്രാദേശിക ഉത്പന്നങ്ങളെയും സംരംഭങ്ങളെയും പ്രോൽസാഹിപ്പിക്കുന്നതിനും രാജ്യത്തെ സാമൂഹിക ശാക്തീകരണത്തിനായി സവിശേഷ പങ്കാളിത്തം വഹിക്കുന്നതിനും ലുലു ഗ്രൂപ്പിന് അംഗീകാരം. സൗദി വ്യവസായ – ധാതു വിഭവ മന്ത്രാലയത്തിൻ്റേതാണ് ഈ പ്രശംസ. മന്ത്രാലയവും സൗദി എക്സ്പോർട്ട് ഡെവലപ്മെൻ്റ് അതോറിറ്റിയും സംയുക്തമായി നടപ്പിലാക്കുന്ന നജൗദ് ബിഖൈർന 2026 പദ്ധതിയുടെ എക്സ്ക്ലൂസീവ് റീട്ടെയ്ൽ പാർട്ണർ എന്ന നിലയിലുള്ള ലുലുവിൻ്റെ സുപ്രധാന പങ്കിനെയും സൗദി വ്യവസായ വകുപ്പ് മന്ത്രി ഹിസ്.എക്സലൻസി. ബന്ദർ ഇബ്രാഹിം അൽഖൊറൈഫ് അഭിനന്ദിച്ചു. പ്രാദേശിക സംരംഭങ്ങളെ പ്രോത്സാഹിപ്പിയ്ക്കുന്ന പദ്ധതിയിലൂടെ ഇതുവരെ 2.8 ലക്ഷത്തിലധികം സൗദി ഉത്പന്നങ്ങൾ രാജ്യത്തുടനീളമുള്ള പതിനായിരത്തിലധികം കൂടുംബങ്ങളിലേക്ക് എത്തിക്കാൻ സാധിച്ചു.
സൗദി സ്ഥാപക ദിനാഘോഷങ്ങളുടെ ഭാഗമായുള്ള ” മെയ്ഡ് ഇൻ സൗദി ” പ്രമോഷനുകൾക്കും ഓഫറുകൾക്കും തുടക്കം കുറിച്ചതിന് പിന്നാലെയാണ് ലുലുവിന് ഈ അഭിമാന നേട്ടം. ലുലുവിൻ്റെ ദാറത്ത് ലബാൻ ബ്രാഞ്ചിൽ നടന്ന ചടങ്ങിൽ മുഖ്യാതിഥിയും സൗദി എക്സ്പോർട്സ് ഡെവലപ്മെൻ്റ് അതോറിറ്റിയുടെ മെയ്ഡ് ഇൻ സൗദി പദ്ധതി ജനറൽ സൂപ്പർവൈസറുമായ മുഹമ്മദ് ബിൻ ദായേലാണ് പ്രമോഷൻ ഉദ്ഘാടനം ചെയ്തത്. മെയ്ഡ് ഇൻ സൗദി പ്രമോഷനും ഓഫറുകളും സൗദിയിലുടനീളമുള്ള മുഴുവൻ ലുലു ഹൈപ്പർമാർക്കറ്റുകളിലും ഉണ്ടായിരിക്കും. സൗദി എക്സ്പോർട്ട്സ് എക്സ്റ്റേണൽ പാർട്ണർഷിപ്പ് ഹെഡ് സൗദ് അൽ തുവൈജിരി, ലുലു സൗദി ഹൈപ്പർമാർക്കറ്റ്സ് ഡയറക്ടർ മുഹമ്മദ് ഹാരിസ്, ലുലു മാനേജ്മെന്റ് ടീം അംഗങ്ങൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
മുഖ്യാതിഥി ഉൾപ്പെടെയുള്ളവർ ഉദ്ഘാടനത്തിന് ശേഷം പ്രത്യേകമായി സജ്ജീകരിച്ച ” മെയ്ഡ് ഇൻ സൗദി” പ്രമോഷൻ കേന്ദ്രങ്ങൾ സന്ദർശിച്ചു.

മെയ്ഡ് ഇൻ സൗദി പ്രമോഷന് വേണ്ടി വിപുലമായ ക്രമീകരണങ്ങളാണ് ലുലു ഹൈപ്പർമാർക്കറ്റുകളിലുടനീളം ഒരുക്കിയിരിക്കുന്നത്. ഗ്രോസറി, ഹൗസ്ഹോൾഡ് വിഭാഗങ്ങളിലെ പ്രാദേശിക ബ്രാൻഡുകളും ഉൽപ്പന്നങ്ങളും ഏറെ വൈവിധ്യം നിറഞ്ഞതാണ്. പ്രീമിയം അടക്കം സൗദിയുടെ തനത് ഈന്തപ്പഴങ്ങളുടെ ശേഖരവും പ്രദർശനവുമാണ് മറ്റൊരാകർഷണം.
‘നമ്മുടെ മണ്ണിൽ നിന്ന്’ എന്ന ആശയത്തിൽ ഒരുക്കിയ പഴം-പച്ചക്കറി വിഭാഗം സൗദി കാർഷിക മേഖലയുടെ കരുത്ത് വിളിച്ചോതുന്നതായിരുന്നു. സൗദിയിൽ തന്നെ നിർമ്മിക്കുന്ന ‘ലുലു പ്രൈവറ്റ് ലേബൽ’ ഉൽപ്പന്നങ്ങളും മെയ്ഡ് ഇൻ സൗദി പ്രമോഷനിലുണ്ട്. ശീതീകരിച്ച ഭക്ഷ്യവസ്തുക്കളുടെ വിഭാഗത്തിലെ സൗദി ഉൽപ്പന്നങ്ങളും പ്രദർശനവും അവയുടെ ഗുണനിലവാരവും, സൗദിയുടെ ഭക്ഷ്യ – വിഭവ മേഖലയുടെ വളർച്ച വിളിച്ചോതുന്നതായി.
![]()
