റിയാദ്: പ്രവാസലോകത്തെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മാതൃക തീർത്ത് ഇന്ത്യൻ കൾചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) റിയാദ് റീജിയൺ നിർമ്മിച്ചു നൽകിയ പതിമൂന്നാമത് ‘ദാറുൽ ഖൈർ’ സമർപ്പിച്ചു. മലപ്പുറം ജില്ലയിലെ വേങ്ങര കുഴിച്ചെന സ്വദേശിയായ പ്രവാസിക്കാണ് ഐ .സി.എഫ് റിയാദ് റീജിയൺ ഈ ഭവനം പണികഴിപ്പിച്ചു നൽകിയത്.
നിർധനരായ കുടുംബങ്ങൾക്ക് സുരക്ഷിതമായ ഒരു വീട് ഒരുക്കുക എന്ന ലക്ഷ്യത്തോടെ ഐ.സി.എഫ് നടപ്പിലാക്കി വരുന്ന പദ്ധതിയാണ് ദാറുൽ ഖൈർ. റിയാദ് റീജിയണിലെ പ്രവർത്തകരുടെയും പ്രവാസി മലയാളികളുടെയും അകമഴിഞ്ഞ സഹകരണത്തോടെയാണ് പദ്ധതിയുടെ ഭാഗമായുള്ള ഈ പതിമൂന്നാമത് ഭവനവും പൂർത്തീകരിച്ചത്. വീടിന്റെ താക്കോൽ ദാനം ഐ.സി.എഫ് റിയാദ് സോഷ്യൽസർവീസ് ഡയറക്ടറേറ്റ് (എസ്.എസ്.ഡി ) ഡെപ്യൂട്ടി പ്രസിഡന്റ് ബഷീർ മിസ്ബാഹി നിർവ്വഹിച്ചു.
മുസ്ലിം ജമാഅത്ത് വേങ്ങര കൂരിയാട് സർക്കിൾ പ്രസിഡന്റ് ഷാഫി മുസ്ലിയാർ ബഷീർ മിസ്ബാഹിയിൽ നിന്നും വീടിന്റെ താക്കോൽ ഏറ്റുവാങ്ങി. പ്രവാസി സമൂഹത്തിന്റെ വിയർപ്പും കരുണയും കൂടിച്ചേരുമ്പോൾ സമൂഹത്തിലെ ദുർബല വിഭാഗങ്ങൾക്ക് ലഭിക്കുന്ന വലിയ ആശ്വാസമാണ് ഇത്തരം പദ്ധതികളെന്ന് ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
പരിപാടിയിൽ മുസ്ലിം ജമാഅത്ത് കുഴിച്ചെന യൂണിറ്റ് സെക്രട്ടറി മൂസക്കുട്ടി, മുൻ ഭാരവാഹി സയ്യിദ് ബാപ്പു തങ്ങൾ കുറ്റൂർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
നിർധനരായ കുടുംബങ്ങൾക്ക് ദാറുൽ ഖൈർ, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നൽകി വരുന്ന ശുദ്ധ ജല പദ്ധതികൾ, രോഗികളായ വിശ്രമ ജീവിതം നയിക്കുന്ന മുൻ പ്രവാസികൾക്ക് ചികിത്സാ സഹായം. പാവപ്പെട്ട പ്രവാസികൾക്ക് നാട്ടിലേക്കുള്ള ടിക്കറ്റ്,തുടങ്ങിയവ ഐ സി എഫിന്റെ സാമൂഹിക പ്രതിബദ്ധതയുടെയും പ്രവാസികൾക്കും മറ്റു അശരണർക്കുമുള്ള കരുതലിന്റെ നേർകാഴ്ചകളാണെന്ന് ഐ.സി. എഫ് റിയാദ് റീജിയൺ ഭാരവാഹികൾ അറിയിച്ചു.
![]()
