റിയാദ്: നന്മ കരുനാഗപ്പള്ളി പ്രവാസി കൂട്ടായ്മയുടെ ആറാം വാർഷികാഘോഷം നന്മോത്സവം 2026 എന്ന പേരിൽ ഇന്ന് (ഫെബ്രുവരി ആറിന് ) വൈകിട്ട് 6 മണിക്ക് റിയാദ് ഷോല മാൾ അൽവഫ അട്രിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു .ആഘോഷപരിപാടികളിൽ സോഷ്യൽ മീഡിയ അനലിസ്റ്റും പ്രഭാഷകനുമായ ഡോ. അനിൽ മുഹമ്മദ് മുഖ്യാതിഥിയായിരിക്കും. ചടങ്ങിൽ വെച്ച് നന്മ ഹ്യൂമാനിറ്റി ഐക്കൺ പുരസ്കാരവും നന്മ ബിസിനസ്സ് ഐക്കൺ പുരസ്കാരവും കൈമാറും.
കൂട്ടായ്മയുടെ ഈ വർഷത്തെ ഹ്യൂമാനിറ്റി ഐക്കൺ അവാർഡ് പ്രവാസി സംരഭകയും ജീവകാരുണ്യ പ്രവർത്തകയുമായ റഹ്മത്ത് അഷ്റഫ് വെള്ളപ്പാടത്തിനെയാണ് തെരഞ്ഞെടുത്തത്. പ്രവാസ ലോകത്തെ മികച്ച ജീവകാരുണ്യ സാമൂഹിക സേവനങ്ങൾക്ക് നന്മ നൽകി വരുന്നതാണ് ഈ ആദരവ്.
കോവിഡ് കാലത്തും തുടർന്നും നടത്തി വരുന്ന വിവിധ സേവന പ്രവർത്തനങ്ങളെ മുൻനിർത്തിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്.
ഇപ്പോൾ റിയാദ് കെ.എം.സി.സി വനിതാ വിംഗ് പ്രസിഡൻ്റായി പ്രവർത്തിച്ച് വരികയാണ് റഹ്മത്ത് അഷ്റഫ്. പ്രമുഖ സാമൂഹിക പ്രവർത്തകരായ അഷ്റഫ് താമരശ്ശേരിയും സിദ്ധീഖ് തുവ്വൂരും മുൻ വർഷങ്ങളിൽ പുരസ്കാരത്തിന് അർഹരായിട്ടുണ്ട്.
സാമൂഹ്യ പ്രതിബദ്ധതയുള്ള സംരഭകർക്കായി പുതിയതായി ഏർപ്പെടുത്തിയ നന്മ ബിസിനസ്സ് ഐക്കൺ പുരസ്കാരം മുനീർ കണ്ണങ്കരയ്ക്ക് നൽകുന്നു. കൂട്ടായ്മയുടെ ഭാഗമായി വിവിധ പ്രവർത്തനങ്ങളിൽ നൽകുന്ന പിന്തുണയോടൊപ്പം ബിസിനസ്സ് രംഗത്ത് പുലർത്തുന്ന മികവ് കണക്കിലെടുത്താണ് മുനീറിനെ അവാർഡിനായി പരിഗണിച്ചത്.
റിയാദ് ഇന്ത്യൻ മീഡിയ ഫോറത്തിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ മുഖ്യാതിഥി ഡോ. അനിൽ മുഹമ്മദ്, നന്മോത്സവത്തിൽ പങ്കെടുക്കുനായി നാട്ടിൽ നിന്നെത്തിയ ഗായികമാരായ അഷ്ഫിയ അൻവർ, അസ്നാ നിസാം, ബിസിനസ്സ് ഐക്കൺ പുരസ്കാര ജേതാവായ മുനീർ കണ്ണങ്കര, കൂട്ടായ്മയുടെ ഭാരവാഹികളായ ബഷീർ ഫത്തഹുദ്ദീൻ, അഖിനാസ് എം കരുനാഗപ്പള്ളി എന്നിവർ പങ്കെടുത്തു.
![]()
