ജിദ്ദ: പുതുവത്സരാഘോഷത്തിൻ്റെയും ക്രിസ്മസ് ആഘോഷങ്ങളുടേയും ഭാഗമായി ജെടിഎ കലാസന്ധ്യ സംഘടിപ്പിച്ചു.
പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനത്തിന് ജെ. ടി. എ പ്രസിഡണ്ട് നൗഷാദ് ജമാൽ പന്മന അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി റഷീദ് ഓയൂർ സ്വാഗതം ആശംസിച്ചു. ജനറൽ കൺവീനർ ദിലീപ് താമരക്കുളം പുതുവത്സര സന്ദേശം നൽകി. ചെയർമാൻ നസീർ വാവാക്കുഞ്ഞ് ‘ജെ.ടി.എ പ്രവർത്തന നാൾവഴികൾ’ അവതരിപ്പിച്ച് മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് മാജാ സാഹിബും ചെയർപേഴ്സൺ ജ്യോതി ബാബുകുമാറും പുതുവത്സരാശംസകൾ നേർന്നു. ട്രഷറർ രഞ്ജിത്ത് വള്ളിക്കുന്നം നന്ദി രേഖപ്പെടുത്തി.
കൾച്ചറൽ കൺവീനർമാരായ ഷിഹാബ് താമരക്കുളവും ഷറഫുദ്ദീൻ പത്തനംതിട്ടയും ഏകോപനം നിർവഹിച്ച കലാസന്ധ്യയ്ക്ക് ശ്രീദേവി അനിൽ അവതാരകയായി. ആഷിർ കൊല്ലം, റഷീദ് ഓയൂർ, ഷറഫുദ്ദീൻ പത്തനംതിട്ട, നിസാർ കരുനാഗപ്പള്ളി, രജികുമാർ, ഹസീന നവാസ്, അഥീന തൗഫീഖ് എന്നിവർ ആലപിച്ച ഗാനങ്ങൾ, കരോൾ ഗാനങ്ങൾ, നാടൻപാട്ടുകൾ എന്നിവ കലാസന്ധ്യയ്ക്ക് വർണ്ണപ്പൊലിമയേകി.

അനിൽ വിദ്യാധരൻ അവതരിപ്പിച്ച ഹാസ്യഭാഷണം, ഷിഹാബ് താമരക്കുളം ക്രോഡീകരിച്ച് ജെ.ടി.എ അംഗങ്ങളായ ദമ്പതികൾ അവതരിപ്പിച്ച മൂകാഭിനയത്തിലൂടെയുള്ള മലയാള സിനിമാ പേരുകണ്ടെത്തൽ എന്നിവ സദസ്യരെ ആഹ്ലാദത്തിലാഴ്ത്തി. മഹാകവി കുമാരനാശാൻ്റെ കാവ്യമായ ചണ്ഡാലഭിക്ഷുകിയെ ആസ്പദമാക്കി ഷാജി കായംകുളം സംവിധാനം നിർവഹിച്ച
നൃത്ത-സംഗീത നാടകം കലാമേൻമയുള്ളതും മലയാള പ്രവാസലോകത്ത് ഇദംപ്രഥമവുമായിരുന്നു. ഷാജി കായംകുളത്തിന്റെയും ഫൈഹ നൗഷാദിന്റെയും അഭിനയം സദസ്യരുടെ മുക്തകണ്ഠ പ്രശംസ നേടി.
അനിൽ കുമാർ പത്തനംതിട്ട, നവാസ് ചിറ്റാർ, ഷെഫിൻ ഷാ, ജാബിർ മടിയൂർ, മസൂദ് ബാലരാമപുരം, മുജീബ് കന്യാകുമാരി, അയ്യൂബ് ഖാൻ പന്തളം, നവാസ് ബീമാപ്പള്ളി, ഡെൻസൺ, നൂഹ് ബീമാപ്പള്ളി, സിയാദ് അബ്ദുള്ള പടുതോട്, നജീബ് പത്തനംതിട്ട എന്നിവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി. വനിതാ വിംഗിനെ പ്രതിനിധീകരിച്ച് ആതിര, സിത്താര നൗഷാദ്, മറിയം റോസ്, ഖദീജാ ബീഗം, ആശ എന്നിവർ കലാസന്ധ്യയ്ക്ക് നേതൃത്വം നൽകി.
![]()
