മക്ക: സൗദി വെസ്റ്റ് നാഷനല്‍ കലാലയം സംസ്കാരിക വേദിയുടെ കീഴില്‍ സംഘടിപ്പിച്ച പതിനഞ്ചാമത് എഡിഷന് പ്രവാസി സാഹിത്യോത്സവ് സമാപിച്ചു.
‘പ്രയാണം’ എന്ന പേരിട്ട കലോത്സവത്തിൽ സെക്ടര്‍, സോണ്‍ എന്നീ തലങ്ങളില്‍ മത്സരിച്ച് ജയിച്ച പ്രതിഭകളാണ് മാറ്റുരച്ചത്. രജിസ്ട്രേഷന് മുതല്‍ ജഡ്ജിങ്, ഫലപ്രഖ്യാപനം വരെ പൂര്‍ണ്ണമായും ഡിജിറ്റല്‍ രൂപത്തില്‍ ക്രമീകരിച്ച ‘പേപ്പര്‍ലെസ് സാഹിത്യോത്സവ്’ ആയിരുന്നു ഇത്തവണത്തേത് എന്നത് 15-ാം എഡിഷന്റെ പ്രത്യേകതയായി.
മക്കയിലെ അന്തലുസ് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന കലാ വിരുന്നില്‍ ജിസാന്‍, തായിഫ്, അല്‍ബഹ, മദീന, യാമ്പു, അസീര്‍, ജിദ്ദ സിറ്റി, ജിദ്ദ നോര്‍ത്ത്, മക്ക, റാബിഗ്, തുടങ്ങിയ 11 സോണില്‍ നിന്നെത്തിയ 300 മത്സരാര്‍ഥികള്‍ മാറ്റുരച്ച പരിപാടിയില്‍ 259 പോയിന്റ് നേടി ജിസാന്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പില്‍ മുത്തമിട്ടു. 196 പോയിന്റ് നേടി ജിദ്ദ സിറ്റി രണ്ടാം സ്ഥാനവും 151 പോയിന്റ് നേടി മദീന മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ക്യാമ്പസ് വിഭാഗത്തില്‍ 86 പോയിന്റ് നേടി ജിദ്ദ നോര്‍ത്ത് ചാമ്പ്യന്മാരായപ്പോള്, 55 പോയിന്റ് നേടി മക്ക രണ്ടാം സ്ഥാനവും, 49 പോയിന്റ് നേടി അസീര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
സാഹിത്യോത്സവിന്റെ കലാ പ്രതിഭയായി ജിസാന്‍ സോണിലെ മുഹമ്മദ് റബീഹ് നെയും സര്‍ഗ പ്രതിഭയായി മദീന സോണിലെ ആസിഫിനെയും, വനിത വിഭാഗത്തില്‍ നിന്നും സര്‍ഗപ്രതിഭായി മദീന സോണില്‍ നിന്നു തന്നെയുള്ള മുംതാസിനെയും തിരഞ്ഞെടുത്തു.
സാംസ്കാരിക സമ്മേളനം ആർ എസ് സി നാഷനല്‍ സെക്രട്ടറി സയ്യിദ് ശബീറലി തങ്ങളുടെ അധ്യക്ഷതയില്‍ പ്രമുഖ സാഹിത്യകാരന് ശിഹാബ് പൊയ്ത്തുംകടവ് ഉദ്ഘാടനം ചെയ്തു. മനുഷ്യന്റെ സംസ്കാരം രൂപപ്പെടുത്തുന്നതില്‍ കലകള്‍ക്കുള്ള പ്രാധാന്യവും അതില്‍ സാഹിത്യോത്സവ് വഹിക്കുന്ന പങ്കും നിസ്തുലമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നാഷനല്‍ കലാലയം സെക്രട്ടറി റഫീഖ് കൂട്ടായി, ഐ. സി. എഫ് നാഷനല്‍ പ്രസിഡന്റ് സിറാജ് കുറ്റ്യാടി ,ഗ്ലോബല്‍ കലാലയം സെക്രട്ടറി മുഹമ്മദലി പുത്തൂര്‍ എന്നിവർ സംസാരിച്ചു.
സാഹിത്യോത്സവ് സംഘാടക സമിതി ജനറല്‍ കണ്‍വീനറും ക്കെ എം സി സി നാഷനല്‍ പ്രസിഡന്റുമായ കുഞ്ഞിമോന് കാക്കിയ മുഖ്യ പ്രഭാഷണം നടത്തി .വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് സലീം കണ്ണനാംകുഴി (ഓ ഐ സി സി ), ഷംസു തുറയില്‍ (നവോദയ ), മുസ്തഫ മലയില്‍ (കെ എം സി സി ), നൗഷാദ് പെരിന്താറ്റിരി (ഓ ഐ സി സി )ഷമീം നരിക്കുനി (ജിദ്ദ കോണ്‍സുലേറ്റ് കമ്മ്യൂണിറ്റി വെല്‍ഫയര്‍ അംഗം) തുടങ്ങിയവര്‍ ആശംസ നേര്‍ന്നു.
ഹനീഫ അമാനിയുടെ പ്രാര്‍ത്ഥനയോടെ തുടങ്ങിയ സമാപന സമ്മേളനം സംഘാടക സമിതി ചെയര്മാന് ഷാഫി ബാഖവിയുടെ അധ്യക്ഷതയില്‍ കബീര്‍ ചൊവ്വ സ്വാഗതവും ഫഹദ് നന്ദിയും പറഞ്ഞു. വിജയികളായവര്‍ക്കുള്ള സമ്മാനദാനം സമാപന സമ്മേളനത്തില്‍ നിര്‍വഹിച്ചു.
![]()
