ജിദ്ദ: ഫോക്കസ് ഇന്റര്‍നാഷണല്‍ ജിദ്ദ ഡിവിഷന് സംഘടിപ്പിച്ച മൂന്നാമത് ‘ബുക്ക് ഹറാജ്’ സമാപിച്ചു.
വായിച്ചുതീര്‍ന്ന പുസ്തകങ്ങള്‍ കുറഞ്ഞ വിലയ്ക്ക് കൈമാറാനും, ഏറെ നാളായി തേടിയിരുന്ന കൃതികള്‍ സ്വന്തമാക്കാനും അവസരമൊരുക്കിയ ‘ ‘ബുക്ക് ഹറാജ്’ ജിദ്ദയിലെ വായന പ്രേമികൾക്ക് ആവേശം നൽകി.ലിറ്റ് എക്സ്പോയുടെ ഭാഗമായി സംഘടിപ്പിച്ച ഈ പുസ്തകമേള, വായനയെ സ്നേഹിക്കുന്ന നൂറുകണക്കിന് ആളുകളുടെ സജീവ പങ്കാളിത്തം കൊണ്ടു ശ്രദ്ധേയമായി.
രണ്ടായിരത്തിലധികം പുസ്തകങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിച്ചത്. പ്രവാസി എഴുത്തുകാരുടെ കൃതികള്‍ മുതല്‍ ആത്മകഥകള്‍, നോവലുകള്‍, കവിതകള്‍, കുട്ടികളുടെ പുസ്തകങ്ങള്‍, അക്കാദമിക് ഗ്രന്ഥങ്ങള്‍, മത ഗ്രന്ഥങ്ങള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന ശേഖരം വായനക്കാര്‍ക്കായി ഒരുക്കിയിരുന്നു. പ്രവാസി എഴുത്തുകാരുടെ പുതിയ പുസ്തകങ്ങളുടെ പ്രകാശനവും ചടങ്ങിന്റെ ഭാഗമായി നടന്നു.
പ്രശസ്ത മാധ്യമപ്രവര്ത്തകന് അഷ്റഫ് തൂണേരി മേള ഉദ്ഘാടനം ചെയ്തു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) യുഗത്തിലും വായനയുടെ പ്രസക്തി കുറയുന്നില്ലെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. സ്ക്രീനുകളില്‍ നിന്നുള്ള വായനയും കൈയിലെടുത്ത് ഒരു പുസ്തകം വായിക്കുന്ന അനുഭവവും തമ്മിലുള്ള വ്യത്യാസം അദ്ദേഹം ചൂണ്ടിക്കാട്ടി. വായനയെ പ്രോത്സാഹിപ്പിക്കുന്ന ഫോക്കസ് ഇന്റര്‍നാഷണലിന്റെ പ്രവര്‍ത്തനം പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു.
ബുക്ക് ഹരാജ് കമ്മിറ്റി ചെയര്മാന് സലാഹ് കാരാടന്‍ അധ്യക്ഷത വഹിച്ച ചടങ്ങിന് പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ഷഫീഖ് സ്വാഗതം ആശംസിച്ചു. മാധ്യമപ്രവര്ത്തകന് വഹീദ് സമാന്, പ്രമുഖ ബ്ലോഗര്‍ ബഷീര്‍ വള്ളിക്കുന്ന് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സാംസ്കാരികമാധ്യമ രംഗത്തെ അന്‍പതിലധികം പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. കമ്മിറ്റി കണ്‍വീനര്‍ റഷാദ് കരുമാര നന്ദി പറഞ്ഞു.

ലിറ്റ് എക്സ്പോയുടെ ഭാഗമായി ഒരുക്കിയ വിവിധ സ്റ്റാളുകള്‍ സന്ദര്‍ശകരുടെ ശ്രദ്ധ പിടിച്ചുപറ്റി. വനിതകളുടെയും വിദ്യാര്‍ത്ഥിനികളുടെയും കലാപാടവം തെളിയിക്കുന്ന പെയിന്റിംഗുകളും കാലിഗ്രാഫി കൃതികളും പ്രദര്‍ശിപ്പിച്ചു. ജിദ്ദ കൊടിമരം, പഴയ ജിദ്ദ നഗരം, വയനാട് ചുരം എന്നിവയെ ആസ്പദമാക്കിയ ചിത്രങ്ങള്‍ കാഴ്ചക്കാരുടെ പ്രത്യേക പ്രശംസ നേടി. വിവിധ സംഘടനാ പ്രതിനിധികളും സാമൂഹ്യ പ്രമുഖരുമായി പ്രിന്സാദ് പാറായി നടത്തിയ ആശയ വിനിമയവും ശ്രദ്ധേയമായി
![]()
