റിയാദ് : കേളി കലാസാംസ്കാരിക വേദിയുടെ 2026-ലെ പുതുവത്സര കലണ്ടർ പ്രകാശനം ചെയ്തു. ബദിയയിലെ മാർക്ക് ആൻഡ് സേവ് ഓഡിറ്റോറിയത്തിൽ നടന്ന കലണ്ടർ പ്രകാശന ചടങ്ങിന് കേളി വൈസ് പ്രസിഡൻ്റ് ഗഫൂർ ആനമങ്ങാട് അധ്യക്ഷനായി. കലണ്ടർ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ച കേളി ബദിയ ഏരിയ സെക്രട്ടറി കിഷോർ ഇ. നിസാം ആമുഖ പ്രസംഗം നടത്തി.
തുടർച്ചയായി കഴിഞ്ഞ പത്ത് വർഷങ്ങളായി സ്പോൺസർഷിപ്പ് വഹിക്കുന്ന കെടിപി കൊബ്ലാൻ പൈപ്പ്സിനൊപ്പം മിർസാദ് ബിൽഡിംഗ് മെറ്റീരിയൽസ് സപ്ലൈയും സഹകരിച്ചാണ് ഈ വർഷത്തെ കലണ്ടർ പുറത്തിറക്കിയത്. കൊബ്ലാൻ സെയിൽസ് മാനേജർ സിദ്ദിക്ക് അഹമ്മദ്, മാർക്കറ്റിംഗ് ഹെഡ് മുഹമ്മദ് ഹാമീം എന്നിവർക്ക് കൈമാറിക്കൊണ്ട് മിർസാദ് മാർക്കറ്റിംഗ് മാനേജർ പ്രസാദ് വഞ്ചിപ്പുര കലണ്ടർ പ്രകാശനം നിർവഹിച്ചു.
കേരളത്തിലെയും സൗദി അറേബ്യയിലെയും പ്രധാന വിശേഷ ദിനങ്ങൾ, അവധി ദിവസങ്ങൾ, സ്മരണീയ ദിനങ്ങൾ എന്നിവയ്ക്കൊപ്പം ഇന്ത്യൻ എംബസി, സൗദി ലേബർ വകുപ്പ്, വിവിധ എമർജൻസി നമ്പറുകൾ, സൗദിയിലെ പ്രധാന ആശുപത്രികൾ, മലയാള മാധ്യമങ്ങൾ, കേരള സർക്കാരുമായി ബന്ധപ്പെട്ട വിവിധ വകുപ്പ് മന്ത്രിമാരുടെ ഓഫീസ് ഫോൺ നമ്പറുകൾ തുടങ്ങിയ പ്രവാസികൾക്ക് ആവശ്യമായ പരമാവധി വിവരങ്ങൾ ഉൾപ്പെടുത്തിയാണ് ഈ വർഷവും കലണ്ടർ തയ്യാറാക്കിയിരിക്കുന്നത്. കൂടാതെ കേളി സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഒരു വർഷം നീണ്ടുനിൽക്കുന്ന വിവിധ പരിപാടികളും കലണ്ടറിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
കേളി രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ്, ട്രഷറർ ജോസഫ് ഷാജി, കുടുംബവേദി സെക്രട്ടറി സീബ കൂവോട്, ട്രഷറർ ശ്രീഷ സുകേഷ്, സ്പോൺസർമാരായ സിദ്ദിക്ക് അഹമ്മദ്, മുഹമ്മദ് ഹാമീം, പ്രസാദ് വഞ്ചിപ്പുര എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കേളി സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതവും ജോയിന്റ് സെക്രട്ടറി സുനിൽ കുമാർ നന്ദിയും പറഞ്ഞു.
![]()
