റിയാദ് : റിയാദിലെ പൊന്നാനി സ്വദേശികളുടെ കൂട്ടായ്മയായ പൊന്നാനി കൾചറൽ വേൾഡ് ഫൗണ്ടേഷൻ (പി സി ഡബ്ളിയു എഫ് ) രണ്ടാമത് വാർഷികത്തോടനുബന്ധിച്ച്
പൊന്നാനി പൈതൃകം പുനരാവിഷ്കരിയ്ക്കാനൊരുങ്ങി ‘അഹ്ലന് പൊന്നാനി’ ഡിസംബർ 19 വെള്ളിയാഴ്ച്ച റിയാദിലെ ഉമ്മുൽ ഹമാമിലെ ഡൽഹി പബ്ലിക്ക് സ്കൂളിൽ നടക്കും.
പ്രമുഖ സാഹിത്യകാരൻ ആലങ്കോട് ലീലാകൃഷ്ണൻ, സിനിമ പിന്നണി ഗായകനും മ്യൂസിക് ആർട്ടിസ്റ്റുമായ മണികണ്ഠൻ പെരുമ്പടപ്പ്, പ്രമുഖ ഖവാലി ഗായകൻ ജാഫർ ആഷിക് എന്നിവരടക്കം നിരവധി വിശിഷ്ട വ്യക്തികൾ പരിപാടിയിൽ പങ്കെടുക്കുമെന്നു ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
നാടിന്റെ സാമൂഹിക പുരോഗതിയെ ലക്ഷ്യമാക്കി 17 വർഷങ്ങൾക്ക് മുൻപ് പ്രവർത്തനം ആരംഭിച്ച കൂട്ടായ്മ ആദ്യഘട്ടത്തിൽ പൊന്നാനി മുനിസിപ്പാലിറ്റി പരിധിയിൽ പ്രവർത്തനം ആരംഭിച്ച് ഇപ്പോൾ താലൂക്കിലെ 9 പഞ്ചായത്തുകളിലേക്കും പ്രവർത്തനം വ്യാപിപ്പിച്ചു.
പതിനായിരത്തിലധികം അംഗങ്ങളുടെ ശക്തിയോടെ, കൃത്യമായ സംഘടനാപാടവവും കർമ്മോത്സുകതയും പുലർത്തുന്ന ഗ്ലോബൽ കമ്മിറ്റി ഭാരവാഹികളാണ് ഈ പ്രസ്ഥാനത്തെ നയിക്കുന്നത്. പൊന്നാനിയുടെ പൈതൃകത്തെ വിദേശമണ്ണിൽ ശക്തിപ്പെടുത്തിക്കൊണ്ട്, എല്ലാ ജി സി സി രാജ്യങ്ങളിലും മറ്റ് വിദേശരാജ്യങ്ങളിലും ഘടകങ്ങൾ രൂപപ്പെടുത്തി സംഘടനയുടെ ആഗോള സ്വഭാവം തെളിയിക്കുന്നു. എഡ്യൂസമിതി, മെഡിക്കെയർ, സ്വാശ്രയ തൊഴിൽ സംരംഭങ്ങൾ, എവർഗ്രീൻ കലാസാംസ്കാരിക–സാഹിത്യ വിഭാഗം എന്നിവ ഉൾപ്പെടെ വിവിധ സമിതികളിലൂടെ നിരവധി പദ്ധതികൾ നടപ്പാക്കുന്നു. സ്ത്രീധനവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി സ്ത്രീധനരഹിത വിവാഹങ്ങൾ ഉൾപ്പെടെയുള്ള ഇടപെടലുകൾ താലൂക്കിൽ വിപ്ലവാത്മകമായ മാറ്റങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. ഭവനരഹിതരായ നിർധന അംഗങ്ങൾക്ക് വീടൊരുക്കുന്നതിനായി “കൂടെയുള്ളവർക്ക് കൂടൊരുക്കാം” എന്ന പദ്ധതിയും സംഘടന നടപ്പാക്കിവരുന്നു.
പ്രവാസലോകത്തെ പ്രധാന അധ്യായമായ പി സി ഡബ്ളിയു എഫ് സൗദി റിയാദ് കമ്മിറ്റി, രണ്ടു വർഷങ്ങൾക്ക് മുൻപ് നിലവിൽവന്നു. ഈ കമ്മിറ്റിയുടെ നേതൃത്വത്തിൽ വനിതാ വിഭാഗം,ബാലവിഭാഗം വണ്ടർ കിഡ്സ്, സ്പോർട്സ് വിങ് എന്നിവ ശക്തമായി പ്രവർത്തിക്കുന്നു. റിയാദിലും നാട്ടിലും അംഗങ്ങൾ നേരിടുന്ന വിവിധ പ്രതിസന്ധികളിൽ ജീവകാരുണ്യ മാതൃക ഉയർത്തിപ്പിടിച്ച്, നേതൃപരമായ ഇടപെടലുകൾ നടത്താൻ ഈ കുറച്ചുകാലം കൊണ്ടുതന്നെ റിയാദ് കമ്മിറ്റിക്ക് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടു വർഷമായി റിയാദിലെ പൊന്നാനി സ്വദേശികൾക്ക് യഥാർത്ഥ കൈത്താങ്ങായി സംഘടന നിലകൊള്ളുന്നു. വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച ശക്തമായ നേതൃത്വവും ഉന്നതാധികാര ബോഡിയും PCWF റിയാദിനെ അലങ്കരിക്കുന്നു. ഹജ്ജ് സീസൺ ഭാഗമായി എല്ലാ വർഷവും 100-ലധികം ആളുകളെ ഉൾപ്പെടുത്തി രക്തദാന ക്യാമ്പുകൾ സംഘടിപ്പിക്കുന്നതും കമ്മിറ്റിയുടെ ശ്രദ്ധേയമായ പ്രവർത്തനമാണ്.
വെള്ളിയാഴ്ച വൈകിട്ട് 3 ന് തുടങ്ങുന്ന പരിപാടിയിൽ കുട്ടികൾക്കായി ക്ലേ മോഡലിംഗ് , വനിതകൾക്കായി പായസ മത്സരം, കുരുന്നോത്സവം എന്ന ശീർഷകത്തിൽ കുട്ടികളുടെ കലാപരിപാടികൾ ,കൂട്ടായ്മയിലെ അംഗങ്ങളുടെ മ്യൂസിക് ഷോ ,ബിസിനെസ്സ് രംഗത്ത് പ്രഗൽഭരായവരെയും 30 വർഷം പൂർത്തിയാക്കിയ പൊന്നാനിക്കാരായ പ്രവാസികളെയും ആദരിക്കൽ തുടങ്ങി വ്യത്യസ്ത വിഭാഗങ്ങളിൽ പരിപാടികൾ അരങ്ങേറും.
വാർത്ത സമ്മേളനത്തിൽ പ്രസിഡന്റ് അൻസാർ നൈതല്ലൂർ,ജനറൽ സെക്രട്ടറികബീർ കാടൻസ്,ട്രഷറർ ഷമീർ മേഘ,പ്രോഗ്രാം കമ്മിറ്റി ചെയർമാൻ അൻവർ ഷാ,പ്രോഗ്രാം കോർഡിനേറ്റർ ആഷിഫ് മുഹമ്മദ് ,പ്രോഗ്രാം പബ്ലിസിറ്റി ചെയർമാൻ ലബീബ് എന്നിവർ പങ്കെടുത്തു.
![]()
