സകാക: രിസാല സ്റ്റഡി സർക്കിൾ (ആര്.എസ്.സി) അല്‍ജൗഫ് സോണ്‍ കലാലയം സാംസ്കാരിക വേദി സംഘടിപ്പിക്കുന്ന പതിനഞ്ചാമത് പ്രവാസി സാഹിത്യോത്സവിന്റെ സംഘാടക സമിതി രൂപീകരിച്ചു. 2025 ഡിസംബര്‍ 25 വ്യാഴാഴ്ച സകാകയിലാണ് സാഹിത്യോത്സവ് അരങ്ങേറുന്നത്. സൗദി ഈസ്റ്റിലെ പത്ത് സോണുകളിലായി നടക്കുന്ന പ്രവാസി സാഹിത്യോത്സവിന്റെ ഭാഗമായാണ് അല്‍ജൗഫിലും സാഹിത്യ മേള സംഘടിപ്പിക്കുന്നത്.
കലാ-സാഹിത്യ മേഖലകളിലെ വ്യത്യസ്ത വിഭാഗങ്ങളിലായി 80-ല്‍ പരം മത്സര ഇനങ്ങളാണ് സാഹിത്യോത്സവിന്റെ പ്രധാന ആകര്‍ഷണം. 30 വയസ്സ് തികയാത്ത സ്ത്രീകൾക്കും പുരുഷന്മാർക്കും കുട്ടികൾക്കും മത്സരത്തിൽ പങ്കെടുക്കാം. സ്കൂൾ അടിസ്ഥാനത്തിൽ നടക്കുന്ന കാമ്പസ് സാഹിത്യോത്സവും ഇത്തവണ വിപുലമായി നടക്കും.
സകാക ഐ.സി.എഫ് ഹാളില്‍ വെള്ളിയാഴ്ച നടന്ന സമിതി രൂപീകരണ യോഗം ഐ.സി.എഫ് സൗദി നാഷണല്‍ പ്രസിഡന്റ് അബ്ദുറശീദ് സഖാഫി മുക്കം ഉദ്ഘാടനം ചെയ്തു. ആർ.എസ്.സി നാഷണൽ സെക്രട്ടറി ഡോ. നൗഫല്‍ അഹ്സനി സന്ദേശപ്രഭാഷണം നടത്തി. നാഷണല്‍ ഇ.ബി അംഗം അബ്ദുല്‍ ഖാദിര്‍ ജീലാനി സമിതി പ്രഖ്യാപിച്ചു.
അബ്ദുറശീദ് എരഞ്ഞിമാവ് (ചെയർമാൻ), സുധീര്‍ ഹംസ (കണ്‍വീനര്‍) എന്നിവരടങ്ങിയ വിപുലമായ സംഘാടക സമിതിയാണ് നിലവില്‍ വന്നത്. സംഗമത്തില്‍ ശാഹിദ് മുക്കം സ്വാഗതവും ഉബൈദ് താനൂര്‍ നന്ദിയും പറഞ്ഞു
![]()
