റിയാദ് : സൗദി അറേബ്യയിൽ ഔദ്യോഗിക സന്ദർശനത്തിനെത്തിയ തായ്ലൻഡ് വാണിജ്യ മന്ത്രി സുഫാജീ സുതുംപുൻ ലുലു ഹൈപ്പർമാർക്കറ്റ് സന്ദർശിച്ചു. അൽ മുറബ്ബ ലുലു ഹൈപ്പർമാർക്കറ്റിലെത്തിയ വാണിജ്യ മന്ത്രിയെയും സഹമന്ത്രിയെയും ഒപ്പമുണ്ടായിരുന്ന 25-അംഗ തായ് പ്രതിനിധി സംഘത്തെയും സൗദി ലുലു ഹൈപ്പർമാർക്കറ്റ് ഡയറക്ടർ മുഹമ്മദ് ഹാരിസിൻ്റെ നേതൃത്വത്തിൽ സ്വാഗതം ചെയ്തു. തായ്ലൻഡിൽ നിന്ന് ഉത്പന്നങ്ങൾ സമാഹരിക്കുന്ന തായ്ലൻഡിലെ ലുലുവിൻ്റെ സോഴ്സിംഗ് കേന്ദ്രമായ മേ എക്സ്പോർട്സ് ഡയറക്ടർ സെയ്ദ് അബ്ദുൾ അനീസടക്കമുളള ലുലുവിൻ്റെ പ്രതിനിധികളും സന്നിഹിതരായിരുന്നു.
ലുലുവിൻ്റെ സ്വന്തം സോഴ്സിംങ് സംവിധാനമായ മേ എക്സ്പോർട്സ് മുഖേന തായ്ലൻഡിൽ നിന്ന് നേരിട്ട് സമാഹരിച്ചെത്തിച്ച ഉത്പനങ്ങളുടെ വിപുലമായ പ്രദർശനവും വിപണനവും മന്ത്രിയും സംഘവും സന്ദർശിച്ചു. തായ്ലൻഡിലെ ഭക്ഷ്യവസ്തുക്കൾ, വിവിധ കാറ്റഗറികളിലുള്ള മറ്റ് ഉത്പന്നങ്ങൾ എന്നിവ അടക്കം തായ്ലൻഡിൻ്റെ സജീവ സാന്നിധ്യം വിളിച്ചോതുന്ന വിപണനമാണ് സൗദിയിലുടനീളമുള്ള ലുലു സ്റ്റോറുകളിൽ സജ്ജമായുള്ളത്. ഏറ്റവും ഉന്നത നിലവാരമുള്ളവ തുടങ്ങി തായ്ലൻഡിൻ്റെ ഭൂരിഭാഗം ഉത്പന്നങ്ങളും സൗദിയിലെ ഉപഭോക്താക്കളിലേക്ക് എത്തിക്കാൻ ലുലു നടത്തുന്ന പരിശ്രമങ്ങളെ മന്ത്രി അഭിനന്ദിച്ചു.
തായ് മന്ത്രിതല സംഘവും ലുലു മാനേജ്മെൻ്റ് പ്രതിനിധികളും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിൽ ലുലുവിൻ്റെ റീട്ടെയ്ൽ ശ്രംഖലയിലൂടെ തായ്ലൻഡും, സൗദിയും തമ്മിലുള്ള വ്യാപാര ബന്ധം ശക്തിപ്പെടേണ്ടതിൻ്റെ ആവശ്യകത ചർച്ചയായി.
![]()
