റിയാദ് :ഗീത മഹോത്സവ് സംഗീത പരിപാടിയോടെ റിയാദിലെ ഇന്ത്യൻ എംബസി സംഘടിപ്പിച്ച പ്രവാസി പരിചയ് 2025ന് സമാപനം.വിദേശകാര്യ സഹമന്ത്രികീർത്തി വർധൻ സിങ്ങിന്റെ അഭിനന്ദന വീഡിയോ സന്ദേശത്തോടെയാണ് പരിപാടി ആരംഭിച്ചത്.റിയാദിലെ വൈദേഹി നൃത്ത വിദ്യാലയത്തിലെ പ്രതിഭാധനരായ വിദ്യാർത്ഥിനികൾ അവതരിപ്പിച്ച നൃത്തനൃത്യങ്ങൾ സംഗീതത്തിന്റെയും നൃത്തത്തിന്റെയും സാർവത്രിക ഭാഷയിലൂടെ ഭഗവദ്ഗീതയുടെ കാലാതീതമായ സന്ദേശത്തെ ജീവസുറ്റതാക്കി.

ഇന്ത്യൻ പ്രവാസികളെ ഇന്ത്യയുടെ നാഗരിക പൈതൃകവുമായി ബന്ധിപ്പിക്കുന്ന ആഴത്തിലുള്ള സാംസ്കാരികവും ആത്മീയവുമായ ബന്ധങ്ങൾ ഉയർത്തിക്കാട്ടുന്നതിനും ഗീത ഉൾക്കൊള്ളുന്ന ഐക്യം, കടമ, നിസ്വാർത്ഥ പ്രവർത്തനം എന്നിവയുടെ സന്ദേശത്തെക്കുറിച്ചുള്ള പ്രതിഫലനത്തിന് പ്രചോദനം നൽകുന്നതിനുമാണ് എംബസി സംഘടിപ്പിക്കുന്ന ഗീതാ മഹോത്സവമെന്ന് ഇന്ത്യൻ അംബാസഡർ ഡോ. സുഹേൽ അജാസ് ഖാൻ പറഞ്ഞു.

റിയാദിലെ ആഘോഷം ഹരിയാനയിലെ കുരുക്ഷേത്രയിൽ ഈ മാസം അവസാനം നടക്കാനിരിക്കുന്ന ‘അന്താരാഷ്ട്ര ഗീതാ മഹോത്സവ’ത്തിന്റെ ചൈതന്യവുമായി പ്രതിധ്വനിക്കുന്നതായും അദ്ദേഹം പറഞ്ഞു. പത്മശ്രീയും സംഗീത നാടക അക്കാദമി അവാർഡ് ജേതാവുമായ ശ്രീമതി പ്രതിഭ പ്രഹ്ലാദ് പരിപാടിയിൽ പങ്കെടുത്തു.
![]()
