റിയാദ്: അടിയന്തിര സാഹചര്യങ്ങളെ ആത്മവിശ്വാസത്തോടെ നേരിടാൻ പ്രവാസികളെ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ, വെൽഫെയർ വിങ്, റിയാദ് മലപ്പുറം ജില്ലാ കെഎംസിസി റെസ്ക്യൂ ട്രെയിനിംഗ് ക്യാമ്പ് സംഘടിപ്പിക്കുന്നു. “പ്രജീരധം-2 (പ്രാഥമിക ജീവൻ രക്ഷാ ധർമ്മം)” എന്ന് പേരിട്ടിരിക്കുന്ന ഈ സമഗ്ര പരിശീലനം 2025 ഒക്ടോബർ 10, വെള്ളിയാഴ്ച, ഉച്ചയ്ക്ക് 12:30 മുതൽ റിയാദിലെ ബത്ഹയിലുള്ള നൂർ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും.
മുമ്പ് വിജയകരമായി നടത്തിയ ‘പ്രജീരധം’ ക്യാമ്പിന്റെ വൻ വിജയത്തിന്റെ അടിസ്ഥാനത്തിലാണ് അതിന്റെ രണ്ടാം ഭാഗമായി ‘പ്രജീരധം-2’ സംഘടിപ്പിക്കുന്നത്. ഹൃദയാഘാതം, ശ്വാസംമുട്ടൽ, അപകടങ്ങൾ തുടങ്ങിയ അത്യാഹിത ഘട്ടങ്ങളിൽ ഒരാളുടെ ജീവൻ നിലനിർത്തുന്നതിൽ നിർണ്ണായക പങ്ക് വഹിക്കുന്ന പ്രാഥമിക ശുശ്രൂഷാ അറിവുകൾ പ്രായോഗിക പരിശീലനത്തിലൂടെ പകർന്നു നൽകാനാണ് ഈ ക്യാമ്പ് ലക്ഷ്യമിടുന്നത്. ആദ്യത്തെ നിർണ്ണായക നിമിഷങ്ങളിൽ ശരിയായ അറിവോടുകൂടി ഇടപെഴകാൻ വ്യക്തികളെ പ്രാപ്തരാക്കുക വഴി, ഓരോ പ്രവാസിക്കും സമൂഹത്തോട് നിറവേറ്റാനുള്ള ഏറ്റവും വലിയ ധർമ്മമാണ് ഈ പരിശീലനത്തിലൂടെ സാധ്യമാവുകയെന്ന് സംഘാടകർ അറിയിച്ചു.
ഈ പ്രധാനപ്പെട്ട പരിശീലന ക്യാമ്പിന് റിയാദ് മലപ്പുറം ജില്ലാ കെഎംസിസി-യുടെ വെൽഫെയർ വിങ്, റിയാദിലെ RPM മെഡിക്കൽ ട്രെയിനിംഗ് സെന്ററുമായി സഹകരിച്ചാണ് നേതൃത്വം നൽകുന്നത്. RPM മെഡിക്കൽ ട്രെയിനിംഗ് സെന്റർ സിഇഒ ബാനേഷ് അബ്ദുള്ള, റിയാദ് ടെറിട്ടറി മാനേജർ ഷുജാ ബിൻ സൗദ് അൽ നൗമാസി എന്നിവരുടെ മേൽനോട്ടത്തിൽ സീനിയർ ഇൻസ്ട്രക്ടർ സനൂപ്, ഇൻസ്ട്രക്ടർ മുബാറക് എന്നിവരടങ്ങുന്ന വിദഗ്ധ സംഘമാണ് ക്യാമ്പിന് പരിശീലനം നൽകുന്നത്.
ജീവിതം രക്ഷിക്കാനുള്ള അറിവ് നേടാനുള്ള സുവർണ്ണാവസരമാണിത്. എന്നാൽ, പ്രായോഗിക പരിശീലനത്തിന് കൂടുതൽ ശ്രദ്ധ നൽകുന്നതിനാൽ, ഈ ക്യാമ്പിൽ ആദ്യം രജിസ്റ്റർ ചെയ്യുന്ന 30 പേർക്ക് മാത്രമാണ് അവസരം. നിങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കുമായി 0538004892 അല്ലെങ്കിൽ 0569146089 എന്നീ നമ്പറുകളിൽ ഉടൻ ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്യണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.
വെൽഫയർ വിങ് – റിയാദ് മലപ്പുറം ജില്ലാ കെഎംസിസി ചെയർമാൻ റഫീഖ് ചെറുമുക്കും കൺവീനർ റിയാസ് തിരൂർക്കാടും സംയുക്തമായി, ഈ സുപ്രധാനമായ പരിശീലന പരിപാടിയുടെ പ്രാധാന്യം കണക്കിലെടുത്ത്, താത്പര്യമുള്ള മുഴുവൻ പ്രവാസികളും എത്രയും പെട്ടെന്ന് രജിസ്റ്റർ ചെയ്ത് അവസരം വിനിയോഗിക്കണമെന്ന് അഭ്യർത്ഥിച്ചു. പ്രതിസന്ധി ഘട്ടങ്ങളിൽ ധൈര്യത്തോടെ ഇടപെഴകാനും മറ്റുള്ളവർക്ക് ആശ്വാസമാകാനും കഴിവുള്ള ഒരു സമൂഹം രൂപപ്പെടുന്നതിൽ ഈ പരിശീലനം നിർണായകമാകും.
![]()
