പരിപാടികളിൽ കുട്ടികൾക്ക് ലഭിക്കുന്ന സ്ഥാനങ്ങളും സമ്മാനങ്ങളും അവരുടെ ആവേശത്തിനും ഭാവിയിലെ മുന്നേറ്റത്തിനും വലിയ പ്രചോദനമാണ്.
സമ്മാനം ചെറുതോ വലുതോ എന്തായാലും അതിൽ തൃപ്തി കാണാൻ കുട്ടികളെ പഠിപ്പിക്കണം.
വൈറലിനായി സമ്മാനങ്ങളെ ദുരുപയോഗം ചെയ്യുന്നത് ശരിയല്ല.എന്റെ കുട്ടിക്ക് എന്തുകൊണ്ട് സമ്മാനം കിട്ടിയില്ല എന്നും,ലഭിച്ച സമ്മാനം ചെറുതാണ് എന്നും പറയുന്നതിന് മുമ്പ്,
മത്സരിക്കാൻ തന്നെ അവസരം ഒരുക്കിയവരെ ഒരിക്കലും മറക്കരുത്.
സമ്മാനങ്ങൾ വെറും കാട്ടിക്കൂട്ടലുകളിലോ പേരുകൾ ചേർത്ത് പ്രഖ്യാപനത്തിലോ ഒതുങ്ങരുത്.
വിദ്യാർത്ഥികൾ വരച്ചും രചിച്ചും കൈവിരുതോടെ അവതരിപ്പിച്ച സൃഷ്ടികൾ കാണാനും അഭിനന്ദിക്കാനും നാം ശ്രമിക്കണം.
അതാണ് അവർക്കുള്ള ഏറ്റവും വലിയ പ്രോത്സാഹനം.കുട്ടികൾക്കു വേണ്ടത് സമ്മാനം മാത്രം അല്ല,ഒരു ചെറു തലോടൽ, ഒരു അഭിനന്ദന വാക്ക്,ഒരു കൈയ്യടി ഇവയാണ് അവരുടെ മനസ്സിലെ യഥാർത്ഥ സമ്മാനം.അതാണ് അവരെ കൂടുതൽ ആത്മവിശ്വാസത്തോടെ മുന്നോട്ട് കൊണ്ടുപോകുന്നത്.
ഓരോ മത്സരവും കുട്ടികൾക്കൊരു പാഠമാണ്.വിജയം ലഭിച്ചാലും പരാജയം നേരിട്ടാലും അത് അവരുടെ വളർച്ചയ്ക്കും കരുത്തിനും വഴിയൊരുക്കുന്നു.
നമ്മുടെ കടമ, അവരെ വിജയത്തിലും പരാജയത്തിലും ഒരുപോലെ കൈപിടിച്ചുയർത്തുകയാണ്.
സമ്മാനങ്ങളുടെ മൂല്യം കുട്ടികളുടെ ഹൃദയത്തിലേക്ക് കടന്നുചേരുമ്പോഴാണ് അത് യഥാർത്ഥ ഫലമുണ്ടാക്കുന്നത്.
അതിനാൽ നാം മാതാപിതാക്കളും അധ്യാപകരും സമൂഹവും ചേർന്ന് സമ്മാനം എന്ന വാക്കിനൊപ്പം പ്രോത്സാഹനം എന്ന മഹത്തായ വാക്കും ചേർക്കാൻ മറക്കരുത്.
എ.പി അബ്ദുള്ള ആരിഫ് ഹാശിമി കളത്തൂർ
![]()
