വെബ്ബ്പോര്‍ട്ടല്‍ ഉദ്ഘാടനം ഇന്ന്
തിരുവനന്തപുരം :പഠനമികവുളള കേരളീയരായ വിദ്യാര്‍ത്ഥികള്‍ക്കായുളള രവി പിളള അക്കാദമിക് എക്സലൻസ് സ്കോളർഷിപ്പ് പദ്ധതിയുടെ വെബ്ബ് പോർട്ടൽ (rpscholarship.norkaroots.kerala.gov.in ) സെപ്റ്റംബര്‍ 12 ന് നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്മാന് പി. ശ്രീരാമകൃഷ്ണന് ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം നോര്‍ക്ക സെന്ററില്‍ ഉച്ചകഴിഞ്ഞ് 2.30 നാണ് പരിപാടി. ചടങ്ങില്‍ നോര്‍ക്ക റൂട്ട്സ് സി.ഇ.ഒ അജിത് കോളശ്ശേരി അധ്യക്ഷത വഹിക്കും. ഹയര്‍സെക്കൻഡറി തലത്തില്‍ സ്റ്റേറ്റ് സിലബസ്സില്‍ 950 പേര്‍ക്കും CBSE യില്‍ 100 ഉം ICSE യില്‍ 50 ഉള്‍പ്പെടെ 1100 വിദ്യാര്‍ത്ഥികള്‍ക്ക് അന്‍പതിനായിരം രൂപയുടേയും, ഡിഗ്രി (ഒരു ലക്ഷം രൂപ വീതം), പോസ്റ്റ് ഗ്രാജുവേറ്റ് തലത്തില്‍ (ഒന്നേകാല്‍ ലക്ഷം രൂപ വിതം) 200 വീതം വിദ്യാര്‍ത്ഥികള്‍ക്കും ഉള്‍പ്പെടെ 1500 പേര്‍ക്കാണ് ഓരോ വര്‍ഷവും സ്കോളര്‍ഷിപ്പ് ലഭിക്കുക.
ഓരോ വിഭാഗത്തിലും 20 ശതമാനം സ്കോളര്‍ഷിപ്പുകള്‍ വിദേശ രാജ്യത്തുളള പ്രവാസി കേരളീയരുടെ (പ്രവാസി ഐ.ഡി കാര്‍ഡ് നിർബന്ധം) മക്കള്‍ക്കും അഞ്ചു ശതമാനം ഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥികള്‍ക്കും നീക്കിവച്ചിട്ടുണ്ട്. ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെ പിന്തുണയോടെയാണ് വെബ്ബ്പോര്‍ട്ടല്‍ തയ്യാറാക്കിയത്. മികച്ച പഠനമികവുളളവരും കുടുംബത്തിന്റെ വാര്‍ഷിക വരുമാനം രണ്ടര ലക്ഷം രൂപയില്‍ താഴെയുള്ളവര്‍ക്കുമാകും സ്കോളര്‍ഷിപ്പിന് അര്‍ഹത. പ്രമുഖ പ്രവാസി വ്യവസായിയും നോര്‍ക്ക റൂട്ട്സ് ഡയറക്ടറുമായ ഡോ. രവി പിളള യുടെ നേതൃത്വത്തിലുളള രവി പിളള ഫൗണ്ടേഷന് സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സ് വഴിയാണ് രവി പിളള അക്കാദമിക് എക്സലൻസ് സ്കോളർഷിപ്പ് പദ്ധതി നടപ്പിലാക്കുന്നത്.
![]()
