റിയാദ്: വിവിധ രാജ്യങ്ങളിൽ വിദ്യാഭ്യാസരംഗത്ത് പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് സാമ്പത്തിക സഹായം നൽകുന്നതിനായി ധനസമാഹരണം നടത്തി റിയാദിലെ അലിഫ് സ്കൂൾ വിദ്യാർത്ഥികൾ. ഈ വർഷത്തെ അന്താരാഷ്ട്ര ചാരിറ്റി ദിനാചരണത്തിൻ്റെ ഭാഗമായി വിദ്യാർഥികൾ സമാഹരിച്ച സ്നേഹനിധി ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഫലപ്രദമായ വിദ്യാഭ്യാസം വിദൂര സ്വപ്നമായ വിദ്യാർഥികൾക്ക് കൈമാറും. സ്കൂളിൽ നടന്ന ചാരിറ്റി ദിന സംഗമം പ്രിൻസിപ്പൽ മുഹമ്മദ് മുസ്തഫ ഉദ്ഘാടനം ചെയ്തു. അലിഫ് ഗ്രൂപ്പ് ഓഫ് സ്കൂൾസ് സി ഇ ഒ ലുഖ്മാൻ അഹമ്മദ് അധ്യക്ഷത വഹിച്ചു.
കഴിഞ്ഞവർഷത്തെ ചാരിറ്റി ദിനത്തോടനുബന്ധിച്ച് വിവിധ ഭക്ഷ്യ ഉൽപ്പന്നങ്ങൾ അടങ്ങിയ കിറ്റുകൾ തൊഴിൽപരമായ പ്രശ്നങ്ങളാലും സാമ്പത്തികമായ പിന്നോക്കാവസ്ഥയായാലും കാരണം പ്രയാസമനുഭവിക്കുന്ന റിയാദിലെ ന്യൂ സനാഇയ്യ മേഖലയിലുള്ള ലേബർ ക്യാമ്പിലെ നിരാലംബരായ തൊഴിലാളികൾക്ക് കൈമാറിയത് ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യക്കാരായ ക്യാമ്പിൽ കഴിയുന്ന നൂറിൽപരം ആളുകൾ പരിപാടിയിൽ പങ്കെടുത്തിരുന്നു. ഈ വർഷത്തെ ചാരിറ്റി ദിനസഹായ ഹസ്തം വിദ്യാഭ്യാസ മേഖലയിലേക്ക് നൽകുകയാണ്. പ്രസ്തുത ദിനാചരണത്തിന്റെ ഭാഗമായി വിദ്യാർഥികൾ അലിഫ് ക്യാമ്പസിൽ ‘അലിഫിയൻസ് ചാരിറ്റി ബോക്സ്’ സംവിധാനിച്ചു.
അലിഫ് ക്യാമ്പസിൽ നടന്ന ജനറൽ അസംബ്ലിയിൽ ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നോവനുഭവിക്കുന്ന അനേകായിരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
ബോയ്സ് വിഭാഗം ഹെഡ്മാസ്റ്റർ നൗഷാദ് നാലകത്ത്, ഗേൾസ് പ്രധാനാധ്യാപിക ഫാത്തിമ ഖൈറുന്നിസ, അഡ്മിനിസ്ട്രേറ്റർ അലി ബുഖാരി എന്നിവർ സംബന്ധിച്ചു.
![]()
