അൽ ഖർജ് : അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് കണ്ണീരിൽ കുതിർന്ന യാത്രാമൊഴിയേകി അൽ ഖർജ് കെ.എം.സി.സി. ജനഹൃദയങ്ങളിൽ കുടികൊണ്ട സൗമ്യതയുടെ ആൾരൂപം ജനക്കൂട്ടത്തിനിടിയിൽ നിന്ന് ഭരണചക്രം തിരിച്ച അതുല്യ വ്യക്തിത്വമായിരുന്നുവെന്നു അൽ ഖർജ് കെ.എം.സി.സി അനുസ്മരിച്ചു. മതേതരത്വത്തിന്റെ കാവലാളായി നിലകൊണ്ട ഉമ്മൻ ചാണ്ടി മുസ്ലിം ലീഗുമായും അതിന്റെ നേതാക്കളുമായും അഭേദ്യമായ ബന്ധം നിലനിർത്തി. മുന്നണി രാഷ്ട്രീയത്തിലും ഭരണപരമായ പ്രതിസന്ധിയിലും വശ്യമായ പുഞ്ചിരിയോടെ പരിഹാരം നിർദേശിച്ചു. കേരളത്തിനാവശ്യമായ നിരവധി നൂതന വികസന പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കി. മന്ത്രിസഭയിലെ വിവിധ വകുപ്പുകളുടെ മികച്ച പ്രകടനത്തെ പ്രശംസിച്ചു പിന്തുണ നൽകി. പരാതികളും പരിഭവങ്ങളും ചുവപ്പു നാടയിൽ കുരുങ്ങിക്കിടക്കാനുള്ളതല്ലെന്നും അത് ഞൊടിയിടയിൽ പരിഹരിക്കാനാണ് ജനങ്ങൾ തന്നിൽ ഭരമേല്പിച്ചതെന്നും മാതൃക കാണിച്ചു തന്നു. അദ്ദേഹത്തിന്റെ വിയോഗം രാഷ്ട്രീയ കേരളത്തിന് തീരാ നഷ്ടമാണെന്നും കുടുംബത്തിലെ ഒരംഗം നഷ്ടപ്പെട്ട വേദനയാണ് അനുഭവിക്കുന്നതെന്നും അൽ ഖർജ് കെ.എം.സി.സി അഭിപ്രായപ്പെട്ടു.അദ്ദേഹത്തിന്റെ ദീപ്ത സ്മരണയ്ക്ക് മുന്നിൽ യോഗം മൗനം ആചരിച്ചു.
മണിപ്പൂരിൽ നടക്കുന്ന നരഹത്യയും കൂട്ടമാനഭംഗവും അവസാനിപ്പിക്കാൻ ബി.ജെ.പി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നിഷ്ക്രിയത്വം വെടിയണമെന്നും മണിപ്പൂരിൽ നിന്നും പുറത്തു വന്ന ഹൃദയ ഭേദകമായ വീഡിയോ മനുഷ്യ മനസ്സാക്ഷിയെ മരവിപ്പിക്കുന്നതാണെന്നും അൽ ഖർജ് കെ.എം.സി.സി ഇതിനെ ശക്തമായി അപലപിക്കുന്നതായും മുഴുവൻ കുറ്റവാളികളെയും നിയമത്തിനു മുന്നിൽ കൊണ്ട് വരണമെന്നും മുഖ്യ പ്രഭാഷണത്തിൽ അഷ്റഫ് കല്ലൂർ ആവശ്യപ്പെട്ടു.
അനുസ്മരണ യോഗം മുഹമ്മദലി പാങ് ഉദ്ഘാടനം ചെയ്തു. സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് എൻ.കെ.എം കുട്ടി ചേളാരി അധ്യക്ഷം വഹിച്ചു. ഷബീബ് കൊണ്ടോട്ടി സ്വാഗതമാശംസിച്ചു. അബ്ദുൽ റഹ്മാൻ പറപ്പൂർ, ഇക്ബാൽ അരീക്കാടൻ, മുസ്തഫ ചേളാരി, റാഷിദ് കാപ്പുങ്ങൽ, ഡോ.അബ്ദുൽ നാസർ (പി എം എഫ്), ജാബിർ ഫൈസി ഉദരംപൊയിൽ (എസ.ഐ.സി), നാസർ പൊന്നാനി (കേളി), അയൂബ് ഖാൻ (പി.എസ.വി) ജാഫർ ചെറ്റാലി (ഡബ്ള്യു.എം.എഫ്) ഷാനവാസ് (നൈറ്റ് റൈഡേഴ്സ് ക്ലബ്) തുടങ്ങി സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി. സക്കീർ പറമ്പത്തു, ഫസൽ ബീമാപ്പള്ളി, സലിം മാണിതൊടി,മുഖ്താർ അലി,അഹമ്മദ് കരുനാഗപ്പള്ളി, റസാഖ് മാവൂർ, റിയാസ് വള്ളക്കടവ്,നൗഷാദ് കല്യാൺതൊടി, ബഷീർ കെ.എം, ഷമീർ ആലുവ തുടങ്ങിയവർ നേതൃത്വം നൽകി.മുഹമ്മദ് പുന്നക്കാട് നന്ദി പറഞ്ഞു.
![]()
