ദോഹ: ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ദേശീയ കമ്മിറ്റി ആസ്ഥാനമായി ഡൽഹിയിൽ പുതുതായി യാതാർഥ്യമാക്കിയ ഖാഇദേ മില്ലത്ത് സെന്റർ ഉത്ഘാടന ദിന സന്തോഷത്തിൽ കെഎംസിസി ഖത്തർ ആഹ്ലാദ സദസ്സ് സംഘടിപ്പിച്ചു. രാജ്യ തലസ്ഥാനത്ത് അഭിമകരമായ അസ്തിത്വത്തിന്റെ സന്ദേശമുയർത്തി വിവിധ സൗകര്യങ്ങളോടെ സ്ഥാപിതമായ ബഹുനില സമുച്ചയമാണ് ഖാഇദേ മില്ലത്ത് സെന്റർ. മുസ്ലിം ദേശീയ കമ്മിറ്റി ഓഫിസ്, സ്റ്റുഡന്റ്സ് സെന്റർ, മീറ്റിങ് ഹാൾ, ഓഡിറ്റോറിയം തുടങ്ങിയ ആധുനിക സൗകര്യങ്ങളാണ് ഓഫീസിൽ സജ്ജീകരിച്ചിട്ടുള്ളത്. സാമുദായിക പുരോഗതിക്ക് ആവശ്യമായ സമുച്ചയം യാഥാർഥ്യമാക്കിയ ദേശീയ മുസ്ലിം ലീഗ് നേതാക്കളെ കെഎംസിസി ഖത്തർ സംസ്ഥാന കമ്മിറ്റി അഭിനന്ദിച്ചു. സൗധം യാഥാർഥ്യമാക്കുന്നതിന് വിഭവ സമാഹരണത്തിൽ കെഎംസിസി ഖത്തർ അഭിമാനകരമായ പങ്കാളിത്തം വഹിച്ചത് അനുസ്മരിച്ചു. സഹകരിച്ച വിവിധ ഘടകങ്ങൾക്ക് നന്ദി അറിയിച്ചു.
വിജയാഹ്ളാദ സദസ്സിൽ കേക്ക് മുറിച്ച് മധുരം പങ്കിട്ടു. മുസ്ലിം ലീഗ് ചരിത്രം, പ്രാധാന്യം, വിവിധ ജില്ലയിൽ നിന്നുള്ള മുസ്ലിം ലീഗ് ചരിത്രങ്ങൾ എന്നിവ ചർച്ച ചെയ്യുന്നതോടൊപ്പം പൂർവിക നേതാക്കളെ അനുസ്മരിക്കുകയും ചെയ്തു. സമീക്ഷയുടെ കലാകാരന്മാർ പ്രാസ്ഥാനിക ഗാനങ്ങൾ ആലപിച്ചു. ആക്ടിങ് പ്രസിഡണ്ട് പി.കെ റഹീം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സലീം നാലകത്ത് ആമുഖ ഭാഷണം നിർവഹിച്ചു. അതീഖ് റഹ്മാൻ (കോഴിക്കോട്), സഫീർ വാടാനപ്പള്ളി (തൃശൂർ) , ജാഫർ സാദിഖ് (പാലക്കാട്), നാസർ കൈതക്കാട് (കാസറഗോഡ്), റഹീസ് പെരുമ്പ (കണ്ണൂർ), ഇസ്മായിൽ (വയനാട്), അബ്ദുൽ അക്ബർ വേങ്ങശ്ശേരി (മലപ്പുറം), ശംസുദ്ധീൻ ചെമ്പൻ, അലി മൊറയൂർ തുടങ്ങിയവർ സംസാരിച്ചു. അൽത്താഫ് വള്ളിക്കാട്, ആഷിക് അബൂബക്കർ, സക്കീർ, സുഫൈൽ ആറ്റൂർ, ഉബൈദ് നാദാപുരം ഗാനമാലപിച്ചു . സംസ്ഥാന ഭാരവാഹികളായ അബൂബക്കർ പുതുക്കുടി , അജ്മൽ നബീൽ, അഷ്റഫ് ആറളം, വി ടിഎം സാദിഖ്, സമീർ മുഹമ്മദ്, ഫൈസൽ കേളോത്ത്, ശംസുദ്ധീൻ വാണിമേൽ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
![]()
