തിരുവനന്തപുരം : കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന ഐ.ഡി.എസ്.എഫ്.എഫ്.കെ ക്ക് നാളെ തുടക്കമാകും
ആഗസ്റ്റ് 22 മുതൽ 27 വരെ തിരുവനന്തപുരം കൈരളി, ശ്രീ, നിള തിയേറ്ററുകളിലായി സംഘടിപ്പിക്കുന്ന 17-ാമത് ഐ.ഡി.എസ്.എഫ്.എഫ്.കെയിൽ 331 ചിത്രങ്ങൾ പ്രദർശിപ്പിക്കും. ആറു ദിവസങ്ങളിലായി നടക്കുന്ന മേളയിൽ 29 വിഭാഗങ്ങളിലായി 52 രാജ്യങ്ങളിൽനിന്നുള്ള ഡോക്യുമെന്ററികളും ഹ്രസ്വചിത്രങ്ങളുമാണ് പ്രദർശിപ്പിക്കുന്നത്.
ആഗസ്റ്റ് 22 വെള്ളിയാഴ്ച രാവിലെ 9.15 മുതൽ പ്രദർശനം ആരംഭിക്കും. കൈരളി തിയേറ്ററിൽ വൈകിട്ട് ആറു മണിക്ക് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ മേളയുടെ ഉദ്ഘാടനം നിർവഹിക്കും. മന്ത്രി വി.ശിവൻകുട്ടി അധ്യക്ഷത വഹിക്കും. ചടങ്ങിനുശേഷം ഉദ്ഘാടനചിത്രമായ ‘ഫ്രം ഗ്രൗണ്ട് സീറോ’ പ്രദർശിപ്പിക്കും. 22 പലസ്തീൻ സംവിധായകരുടെ സംരംഭമായ ഈ ചിത്രം ഗാസയിൽ നടന്നുവരുന്ന വംശഹത്യക്കു പിന്നിലെ അറിയപ്പെടാത്ത കഥകൾ പകർത്തുന്നു.
ഡെലിഗേറ്റ് പാസിന്റെ വിതരണം വ്യാഴാഴ്ച വൈകിട്ട് അഞ്ചു മണി മുതൽ ആരംഭിക്കും. മൽസര വിഭാഗത്തിലെ ഡോക്യുമെന്ററികൾ, ഹ്രസ്വചിത്രങ്ങൾ, അനിമേഷൻ, മ്യൂസിക് വീഡിയോ, ക്യാമ്പസ് ഫിലിം, ഫോക്കസ് ഷോർട്ട് ഡോക്യുമെന്ററി, ഫോക്കസ് ലോംഗ് ഡോക്യുമെന്ററി, ഫോക്കസ് ഷോർട്ട് ഫിക്ഷൻ, ഇന്റർനാഷണൽ ഫിലിംസ്, ഫെസ്റ്റിവൽ വിന്നേഴ്സ്, ജൂറി ഫിലിംസ് തുടങ്ങിയ വിഭാഗങ്ങളിലായാണ് പ്രദർശനം. മേളയിൽ പ്രദർശിപ്പിക്കുന്ന സിനിമകളുടെ സംവിധായകരുമായി ഡെലിഗേറ്റുകൾക്ക് സംവദിക്കാനുള്ള മീറ്റ് ദ ഡയറക്ടർ, ഫേസ് റ്റു ഫേസ്, മാസ്റ്റർ ക്ലാസ്, പാനൽ ഡിസ്കഷൻ തുടങ്ങിയ പരിപാടികളും സംഘടിപ്പിക്കും.
![]()
