മലപ്പുറം: റിയാദ് കെഎംസിസി കുടുംബ സുരക്ഷ പദ്ധതിയിൽ അംഗങ്ങളായിരിക്കെ മരണപ്പെട്ട മൂന്ന് പേരുടെ കുടുംബങ്ങൾക്ക് മുപ്പത് ലക്ഷം രൂപയും സി എച്ച് സെന്ററുകൾക്ക് ഒരു കോടി രൂപയും കൈമാറി റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി. മലപ്പുറം ജില്ല മുസ്ലിം ലീഗ് ഓഫീസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. സി എച്ച് സെന്ററുകൾക്കുള്ള ഫണ്ട് തങ്ങളും സുരക്ഷ പദ്ധതി ആനുകൂല്യം മുസ്ലിം ലീഗ് ദേശീയ കമ്മിറ്റി ജനറൽ സെക്രട്ടറിയും പ്രതിപക്ഷ ഉപനേതാവുമായ പി കെ കുഞ്ഞാലികുട്ടിയും വിതരണം ചെയ്തു.
റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ശുഐബ് പനങ്ങാങ്ങര അധ്യക്ഷത വഹിച്ചു.
സേവന കാരുണ്യ രംഗത്ത് എന്നും മാതൃക തീർത്തിട്ടുള്ള റിയാദ് കെഎംസിസിയുടെ പ്രവർത്തനങ്ങൾ ശ്രദ്ധേയമാണെന്നും പ്രവാസികളുടെ ഉന്നമനത്തിനും സാമ്പത്തിക ഭദ്രതക്കും ഉതകുന്ന പദ്ധതികൾ കൂടി ആവിഷ്കരിക്കുവാൻ കെഎംസിസി ഘടകങ്ങൾ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ഉത്ഘാടന പ്രസംഗത്തിൽ തങ്ങൾ അഭിപ്രായപ്പെട്ടു.
നന്മ നിറഞ്ഞ പ്രവർത്തനങ്ങൾ കൊണ്ട് എന്നും പാർട്ടിക്ക് വലിയ കരുത്തും ഊർജവുമായി നിലകൊള്ളുന്ന റിയാദ് കെഎംസിസിയുടെ പ്രവർത്തനങ്ങൾ അനുകരണീയമാണെന്ന് മുഖ്യപ്രഭാഷണം നിർവ്വഹിച്ച് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. നാടിന്റെ മാറ്റത്തിനും പുരോഗതിക്കും എന്നും വലിയ പിന്തുണ നൽകുന്ന പ്രവാസി സമൂഹത്തോട് കേന്ദ്ര – സംസ്ഥാന സർക്കാറുകളുടെ അവഗണന പ്രതിഷേധാർഹമാണ്. വരുന്ന തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ പ്രവാസി സമൂഹം സ്വീകരിക്കുന്ന നിലപാടുകൾ നിർണ്ണായകമാണെന്നും കുഞ്ഞാലികുട്ടി കൂട്ടി കൂട്ടിചേർത്തു.
മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ കെ ആബിദ് ഹുസൈൻ തങ്ങൾ എം എൽ എ, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി പി അബ്ദുൽ ഹമീദ് മാസ്റ്റർ എം എൽ എ, പി ഉബൈദുള്ള എം എൽ എ, മലപ്പുറം ജില്ലാ മുസ്ലിം യൂത്ത്ലീഗ് പ്രസിഡന്റ് ശരീഫ് കുറ്റൂർ, സെൻട്രൽ കമ്മിറ്റി ട്രഷറർ അഷ്റഫ് വെള്ളേപ്പാടം, അലി അക്ബർ വേങ്ങര, സി കെ കാസിം തിരുവമ്പാടി, അസീസ് വെങ്കിട്ട, ഷംസു പെരുമ്പട്ട, ബഷീർ ഇരുമ്പുഴി, റാഫി പയ്യാനക്കൽ, അലി അക്ബർ ചെറൂപ്പ, അബൂബക്കർ ഫൈസി വെള്ളില, യൂനുസ് ഇരുമ്പുഴി, ഇഖ്ബാൽ കാവനൂർ, നാസർ വയനാട് എന്നിവർ പ്രസംഗിച്ചു. സെൻട്രൽ കമ്മിറ്റി സെക്രട്ടറി ഷാഫി മാസ്റ്റർ തുവ്വൂർ സ്വാഗതവും മജീദ് പയ്യന്നൂർ നന്ദിയും പറഞ്ഞു.
![]()
