ദമാം :വായന ദിനത്തോടനുബന്ധിച്ച് സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ വായന ദിനാചാരണവും, സാഹിതീയം പുസ്തകാവതരണവും സംഘടിപ്പിച്ചു. ദമ്മാം തറവാട് റെസ്റ്റോറന്റ് ഹാളിൽ നടന്ന പരിപാടിയിൽ, അക്ഷരപ്രേമികളായ ഒട്ടനവധി പേർ പങ്കെടുത്തു. മലയാള സാഹിത്യത്തിൽ ഏറ്റവും ശ്രദ്ധേയമായ കൃതികളിലൊന്നായ ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ‘ചിദംബര സ്മരണ ’ എന്ന പുസ്തകമാണ് വായന ദിനത്തോടനുബന്ധിച്ച്, അവതരിപ്പിക്കപ്പെട്ടത് എന്നത് ഏറെ ശ്രദ്ധേയമായി. കവി ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ജീവിതത്തിന്റെ നേർക്കാഴ്ച്ചയെന്നു വിശേഷിപ്പിക്കാവുന്ന, അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങളെ, കോർത്തിണക്കിയ പുസ്തകം ലളിതഭാഷയിൽ, ഭാവതീവ്രതയോടെ അവതരിപ്പിച്ചത് എഴുത്തുകാരനും, മാധ്യമപ്രവർത്തകനുമായ സാജിദ് ആറാട്ടുപുഴയാണ്. ചുള്ളിക്കാടിന്റെ ജീവിതത്തിലെ, ഹൃദയത്തെ പൊള്ളിക്കുന്ന ഓര്മ്മകളുടെയും, തീക്ഷ്ണതയേറിയ അനുഭവങ്ങളുടെയും സമാഹരമായ പുസ്തകം, തന്റെ സ്വതസിദ്ധമായ ശൈലിയിൽ, ഹൃദയസ്പർശിയായി, പങ്കെടുത്തവരുടെ കണ്ണിൽ നനവ് പടർത്തുന്ന നേരനുഭവമായി സാജിദ് ആറാട്ടുപുഴ അവതരിപ്പിച്ചു. പിറക്കാതെ പോയ മകനെക്കുറിച്ചെഴുതിയ ഭ്രൂണ ഹത്യ, വിശപ്പിന്റെ മൂർദ്ധന്യത്തിൽ ഭിക്ഷയായി സ്വീകരിച്ച ഓണസദ്യയെപ്പറ്റി പറയുന്ന ഇരന്നുണ്ട ഓണം, തുടങ്ങി പഠനകാലവും, പ്രണയവും, പട്ടിണിയും, കണ്ണീരും കഥാപാത്രങ്ങളാവുന്ന ഒളിച്ചുവെക്കലുകളില്ലാത്ത പുസ്തകത്തിലെ തുറന്നെഴുത്ത്, അതേ വികാരതീവ്രതയോടെ അവതരിപ്പിക്കപ്പെട്ടത് സദസ് കരഘോഷത്തോടെയാണ് സ്വീകരിച്ചത്. സൗദി മലയാളി സമാജം രക്ഷധികാരി ജേക്കബ് ഉതുപ്പിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, സമാജം ദേശീയ പ്രസിഡന്റും, എഴുത്തുകാരനുമായ മാലിക് മഖ്ബൂൽ പുസ്തകചർച്ച നയിച്ചു. സാമൂഹിക, സാംസ്കാരിക സാഹിത്യ രംഗത്തെ പ്രമുഖരായ ഡോക്ടർ മഹ്മൂദ് മൂത്തേടത്ത്, പ്രദീപ് കൊട്ടിയം, പി ടി അലവി, ലതികാ പ്രസാദ്, സയ്ദ് ഹമദാനി, സമദ് റഹ്മാൻ കൂടല്ലൂർ, ജയൻ ജോസഫ്, ബിനു കുഞ്ഞ്, അസ്ഹർ , ഷനീബ് അബൂബക്കർ, നജ്മുസമാൻ എന്നിവർ പുസ്തകചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. മലയാളി സമാജത്തിന്റെ അഭിമാനമായി, ശാസ്ത്രരംഗത്ത് ഉന്നതപഠനത്തിനായി നാട്ടിലേയ്ക്ക് പോകുന്ന ആർദ്രാ ഉണ്ണിയ്ക്ക് ചടങ്ങിൽ വെച്ച് സമാജത്തിന്റെ ഉപഹാരവും യാത്രയയപ്പും നൽകി. മലയാളി സമാജം വൈസ് പ്രസിഡന്റ് ലീന ഉണ്ണികൃഷ്ണൻ – ഉണ്ണികൃഷ്ണൻ ദമ്പതികളുടെ മകളാണ് ആർദ്ര. ബഹ്റൈൻ ഈദ് ബാഡ്മിന്റൺ ടൂർണമെന്റിൽ സൗദി അറേബ്യയെ പ്രതിനിധീകരിച്ച് ഒന്നാം സ്ഥാനം കരസ്ഥമാക്കിയ മലയാളി സമാജം നിർവ്വാഹക സമിതിയംഗം ഹുസൈൻ ചെമ്പോലിൽ, എഡ്വിൻ ലാൽ എന്നിവരെ ചടങ്ങിൽ അനുമോദിച്ചു. അടുത്തിടെ പ്രകാശനം ചെയ്യപ്പെട്ട റിഡെമെൻഷ്യ ‘ എന്ന ഇംഗ്ലീഷ് കവിതസമാഹാരം എഴുതിയ ദുവാ നജം എന്ന സ്കൂൾ വിദ്യാർഥിനിയായ എഴുത്തുകാരിയേയും ചടങ്ങിൽ അഭിനന്ദിച്ചു. സമാജം അംഗം നജുമുസമാന്റെ മകളാണ് ദുവാ. മലയാളി സമാജം ഭാരവാഹികളായ ആസിഫ് താനൂർ,ഫബിനാ നജ്മുസമാൻ, ലീനാ ഉണ്ണികൃഷ്ണൻ, ബൈജു കുട്ടനാട്, ഷാജു അഞ്ചേരി, റൗഫ് ചാവക്കാട്, ബൈജു രാജ്, ഹമീദ് കാണിച്ചാട്ടിൽ, വിനോദ് കുഞ്ഞ്, ബൈജു രാജ് ഉണ്ണികൃഷ്ണൻ ,നിഖിൽ മുരളീധരൻ എന്നിവർ നേതൃത്വം നൽകി. ചടങ്ങിന് ഡോക്ടർ സിന്ധു ബിനു സ്വാഗതവും, മുരളീധരൻ നായർ നന്ദിയും പറഞ്ഞു.
![]()
