ദോഹ: കെഎംസിസി ഖത്തർ ഉപദേശക സമിതി വൈസ് ചെർമാൻ പിവി മുഹമ്മദ് മൗലവിക്ക് കെഎംസിസി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി. തുമാമയിലെ കെഎംസിസി ആസ്ഥാനത്ത് വെച്ച് നടന്ന പരിപാടി ജന പങ്കാളിത്തം കൊണ്ടും പ്രൗഢമായ സദസ്സ് കൊണ്ടും മികവുറ്റതായി. നാലരപ്പതിറ്റാണ്ടായി ഖത്തറിൽ പ്രവാസിയായ പിവി മുഹമ്മദ് മൗലവി കെഎംസിസിയുടെ വിവിധ ഘടകങ്ങളിൽ നേതൃപരമായ പങ്ക് വഹിച്ചാണ് പ്രവാസ ജീവിതം അവസാനിപ്പിക്കുന്നത്.
സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദുൽ സമദിന്റെ അധ്യക്ഷതയിൽ നടന്ന യാത്രയയപ്പ് സംഗമം മുസ്ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റ് സൈനുൽ ആബിദീൻ സാഹിബ് ഉദ്ഘാടനം ചെയ്തു.
കെഎംസിസിയുടെ തുടക്ക കാലം മുതലേ നേതൃപരമായ പങ്ക് വഹിക്കുന്ന പിവി ആത്മാർത്ഥതയുടെയും നിഷ്കളങ്കതയുടെയും പര്യായമാണെന്നും, ശിഷ്ട കലം പാർട്ടിക്കും സമൂഹത്തിനും അദ്ദേഹത്തിന്റെ സേവനം ലഭിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
കെഎംസിസി ഖത്തർ സംസ്ഥാന ട്രഷറർ പിഎസ്എം ഹുസൈൻ, ഉപദേശക സമിതി ചെയർമാൻ എംപി ഷാഫി ഹാജി, വേൾഡ് കെഎംസിസി സെക്രട്ടറി അബ്ദുന്നാസർ നാച്ചി, ഉപദേശക സമിതി വൈസ് ചെയർമാൻ സി വി ഖാലിദ് എന്നിവർ ആശംസകൾ നേർന്നു. പി വി യെ കുറിച്ചുള്ള ഗാനം മൻസൂർ മണ്ണാർക്കാട് ആലപിച്ചു, പി വിയുടെ ജീവിത ചരിത്ര ഡോക്യുമെന്റ് പ്രദർശിപ്പിച്ചു. കെഎംസിസി ഖത്തർ സംസ്ഥാന കമ്മറ്റി ഉൾപ്പടെ വിവിധ ഘടകങ്ങൾ പി.വിക്ക് സ്നേഹാദരങ്ങൾ നൽകി.
![]()
