ജിദ്ദ: ഹജ്ജ് തീര്‍ത്ഥാടകര്‍ക്കും സന്നദ്ധപ്രവര്‍ത്തകര്‍ക്കും ഏറെ സഹായകമാകുന്ന മൊബൈല്‍ ആപ്പുമായി തനിമ. മൂന്ന് പതിറ്റാണ്ടിലേറെയായി തനിമ നല്‍കിവരുന്ന ഹജ്ജ് സേവനങ്ങളുടെ ഭാഗമായാണ് ആര്‍ക്കും എളുപ്പത്തില്‍ ഉപയോഗിക്കാന്‍ കഴിയുന്ന മൊബൈല്‍ ആപ്പ് പുറത്തിറക്കിയത്. ജിദ്ദയിലെ വിവിധ സാമൂഹിക, സാംസ്കാരിക സംഘടനാ നേതാക്കള്‍ സംബന്ധിച്ച ചടങ്ങില്‍ ആപ്പിന്റെ ഔപചാരിക ഉദ്ഘാടനം ജിദ്ദ ചേംബര്‍ ഓഫ് കൊമേഴ്സ് ബോര്‍ഡ് അംഗവും ജിദ്ദ നാഷനല്‍ ആശുപത്രി ഡയറക്ടറുമായ വി.പി അലി മുഹമ്മദ് അലി നിര്‍വഹിച്ചു.
തനിമ സൗദി കേന്ദ്ര പ്രസിഡന്റ് എ. നജ്മുദ്ദീന് അധ്യക്ഷത വഹിച്ചു. അബൂബക്കര്‍ അരിമ്പ്ര, കെ.എം മുസ്തഫ (കെ.എം.സി.സി), അഹ്സാബ് വര്‍ക്കല, വേണു അന്തിക്കാട് (ഒ.ഐ.സി.സി), റഹീം ഒതുക്കുങ്ങല്‍, ഇ.കെ നൗഷാദ് (പ്രവാസി വെല്‍ഫയര്‍), നസീര്‍ വാവക്കുഞ്ഞു (ഹജ്ജ് വെല്‍ഫയര്‍), മിര്‍സ ശരീഫ്, അബ്ദുള്ള മുക്കണ്ണി, തനിമ കേന്ദ്രസമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ ആപ്പ് ലോഞ്ചിംഗില്‍ അണിനിരന്നു. മുനീര്‍ ഇബ്രാഹിം ആപ്പ് പരിചയപ്പെടുത്തി. ഖലീല്‍ പാലോട് സ്വാഗതവും മുഹമ്മദലി പട്ടാമ്പി നന്ദിയും പറഞ്ഞു. അബു താഹിര്‍ ഖിറാഅത്ത് നടത്തി.
മക്ക അസീസിയ്യയില്‍ ഹാജിമാര്‍ താമസിക്കുന്ന കെട്ടിട നമ്പറുകള്‍, അവയുടെ ലൊക്കേഷനുകള്‍, മെഡിക്കല്‍ സെന്ററുകള്‍, ഓരോ ബ്രാഞ്ച് ഓഫീസിലും ബന്ധപ്പെടേണ്ട നമ്പറുകള്‍, സിം സേവന ദാതാക്കളുടെ വിവരങ്ങള്‍, ഏതു സമയത്തും വളണ്ടിയര്‍മാരുമായി ബന്ധപ്പെടാവുന്ന ഹെല്പ് ഡെസ്കും നിലവില്‍ ആപ്പില്‍ ലഭ്യമാണ്. അറഫ, മിന ടെന്റ് ലൊക്കേഷനുകള്‍ വരും ദിവസങ്ങളില്‍ ഉള്‍പ്പെടുത്തും. നമസ്കാര സമയം, തസ്ബീഹ്, ത്വവാഫ് ഗൈഡ് തുടങ്ങിയ വിവരങ്ങളും ലഭ്യമാണ്. ആവശ്യമായ സേവനങ്ങളും നമ്പറുകളും ബുക്ക് മാര്‍ക്ക് ചെയ്തുവെക്കാനുള്ള സൗകര്യം ആപ്പിലുള്ളത് സാധാരണ ഹാജിമാര്‍ക്ക് വളരെയേറെ പ്രയോജനപ്പെടും. Thanima Hajj & Umra എന്ന പേരില്‍ നിലവില്‍ പ്ലേസ്റ്റോറിലും ആപ്പ് സ്റ്റോറിലും ആപ്പ്ളിക്കേഷന് ലഭ്യമാണ്. നാട്ടില്‍നിന്ന് വരുന്ന ഹാജിമാര്‍ക്ക് ആപ്പിനെക്കുറിച്ച് വിവരം നല്‍കണമെന്നും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും 0564060115 എന്ന നമ്പറില്‍ അറിയിക്കണമെന്നും തനിമ ഭാരവാഹികള്‍ അറിയിച്ചു.
![]()
