റിയാദ് : യു.കെ – സൗദി വ്യാപാര ബന്ധം ശക്തിപ്പെടുത്തി സൗദി അറേബ്യയിൽ “ബ്രിട്ടൺ വീക്ക് 2025” അവതരിപ്പിച്ച് ലുലു ഗ്രൂപ്പ്. ഒരാഴ്ച നീളുന്ന ബ്രിട്ടൺ വീക്ക് ആഘോഷത്തിൻ്റെ ഭാഗമായി സൗദിയിലുടനീളമുള്ള ലുലു സ്റ്റോറുകളിൽ പ്രീമിയം ബ്രിട്ടീഷ് ഉത്പന്നങ്ങൾ വിൽപനയ്ക്കും പ്രദർശനത്തിനുമെത്തി.
ലുലു ഗ്രൂപ്പിൻ്റെ റിയാദിലെ ഡിപ്ലോമാറ്റിക് ക്വാർട്ടർ ബ്രാഞ്ചിൽ നടന്ന ചടങ്ങിൽ സൗദി അറേബ്യയിലെ ബ്രിട്ടീഷ് അംബാസഡർ ഹിസ് എക്സലൻസി നീൽ ക്രോംപ്ടൺ ബ്രിട്ടൺ വീക്ക് ഉദ്ഘാടനം ചെയ്തു. സൗദി ലുലു ഹൈപ്പർമാർക്കറ്റ്സ് ഡയറക്ടർ ഷെഹിം മുഹമ്മദ്, ബ്രിട്ടീഷ് എംബസിയിൽ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥർ, ലുലു ഗ്രൂപ്പ് അധികൃതർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
ബ്രിട്ടണിലെ 367 പ്രമുഖ ബ്രാൻഡുകളുടെ 3438 പ്രീമിയം ഉത്പന്നങ്ങൾ വിപണിയിലെത്തിച്ച് ലുലു ബ്രിട്ടൺ വീക്കിലൂടെ നിരവധി പ്രമുഖ യു.കെ ബ്രാൻഡുകളുടെ 3400 ലധികം പ്രീമിയം ഉത്പന്നങ്ങളാണ് ഉപഭോക്താക്കൾക്കായി ലുലു റീട്ടെയ്ൽ സൗദി വിപണിയിലെത്തിച്ചിരിക്കുന്നത്. മെയ് 27 വരെ നീളുന്ന പരിപാടിയിൽ ബ്രിട്ടണിൽ നിന്നുള്ള വൈവിധ്യമാർന്ന ഫ്രെഷ് – ഫ്രോസൺ ഭക്ഷ്യോത്പന്നങ്ങൾ, പാൽ ഉത്പന്നങ്ങൾ, പലഹാരങ്ങൾ, ദൈനംദിന ഉപയോഗ സാധനങ്ങൾ, ആരോഗ്യ കേന്ദ്രീകൃതമായ ജൈവ – ഗ്ലൂട്ടൺ ഫ്രീ ഉത്പന്നങ്ങൾ തുടങ്ങിയവ അണിനിരത്തിയിട്ടുണ്ട്.
ഈ വർഷത്തെ ലുലു ബ്രിട്ടൺ വീക്കിന് വേറെയുമുണ്ട് പ്രത്യേകതകൾ. ഏഴ് പ്രമുഖ യു.കെ ബ്രാൻഡുകളുടെ ഏറ്റവും പുതിയ 40 ഉത്പന്നങ്ങളാണ് ബ്രിട്ടൺ വീക്കിൽ അവതരിപ്പിച്ചിരിക്കുന്നത്. ഇതിലൂടെ സൗദിയിലെ ഉപഭോക്താക്കൾക്ക് ബ്രിട്ടൺ വിപണിയിലെത്തിയ നൂതന ഉത്പന്നങ്ങൾ പരിചയപ്പെടാൻ അവസരമൊരുങ്ങി. ശക്തമായ വ്യാപാര പങ്കാളിത്തവും, നിലയ്ക്കാത്ത ലോജിസ്റ്റിക് സേവനങ്ങളും ഉപയോഗിച്ചുള്ള ഈ ചുവടുവെയ്പ് സൗദി ഉപഭോക്താക്കളോടുള്ള ലുലുവിൻ്റെ പ്രതിബദ്ധതയുടെ അടയാളപ്പെടുത്തലായി.
ലുലു അവതരിപ്പിക്കുന്ന ബ്രിട്ടൺ വീക്ക് 2025ൻ്റെ ഭാഗമാകാൻ സാധിച്ചതിൽ അതിയായ സന്തോഷമെന്ന് സൗദി അറേബ്യയിലെ ബ്രിട്ടീഷ് അംബാസഡർ ഹിസ് എക്സലൻസി നീൽ ക്രോംപ്ടൺ പറഞ്ഞു. തേയില മുതൽ ചീസ് വരെ നീളുന്ന ബ്രിട്ടീഷ് പാരമ്പര്യം വിളിച്ചോതുന്ന ഭക്ഷ്യവസ്തുക്കളും, ബ്രിട്ടൺൻ്റെ നൂതന ഉത്പന്നങ്ങളും സൗദിയിൽ കാണാൻ കഴിഞ്ഞത് ആശ്ചര്യപ്പെടുത്തി. വ്യാപാരം വെറും അക്കങ്ങൾ മാത്രമല്ലെന്നും മറിച്ച് മനുഷ്യരുടെയും രുചികളുടെയും അനുഭവങ്ങളുടെയും ഒത്തുചേരലാണെന്ന് ഇത്തരം പരിപാടികൾ ഓർമ്മിപ്പിക്കുന്നുവെന്നും നീൽ ക്രോംപ്ടൺ വ്യക്തമാക്കി. ബ്രിട്ടീഷ് ഉത്പന്നങ്ങൾ സൗദിയിലെ ഉപഭോക്താക്കളിലേയ്ക്കെത്തിച്ച ലുലു ഗ്രൂപ്പിനെ അദ്ദേഹം അഭിനന്ദിച്ചു.
ലുലു ഗ്രൂപ്പിൻ്റെ ഏറ്റവും പ്രധാനപ്പെട്ട പരിപാടികളിലൊന്നായ ബ്രിട്ടൺ വീക്ക് ഒരിക്കൽ കൂടി സൗദി അറേബ്യയിലെ ലുലു സ്റ്റോറുകളിൽ അവതരിപ്പിക്കാൻ കഴിഞ്ഞതിൽ അഭിമാനമെന്ന് സൗദി ലുലു ഹൈപ്പർമാർക്കറ്റ്സ് ഡയറക്ടർ ഷെഹിം മുഹമ്മദ് പ്രതികരിച്ചു. ബ്രിട്ടീഷ് ഉത്പന്നങ്ങളുടെയും ഉയർന്ന ഗുണമേന്മയുടെയും ആഘോഷമാണിത്. യു.കെയിലെ വിതരണക്കാരുമായുള്ള വ്യാപാര ബന്ധം ശക്തിപ്പെടുന്നതിൻ്റെ അടയാളം കൂടിയാണ്. ലുലുവിൻ്റെ ബിർമിംഗ്ഹാമിലെ ലോജിസ്റ്റിക്സ് ആൻഡ് പാക്കേജിംഗ് കേന്ദ്രത്തിൻ്റെ തുടരുന്ന പിന്തുണയിലൂടെ എല്ലാവർഷവും സൗദിയിലെ ഉപഭോക്താക്കളിലേക്ക് ബ്രിട്ടീഷ് ഉത്പന്നങ്ങൾ സുഗമമായി എത്തിക്കാൻ കഴിയുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സൗദിയിലെ എല്ലാ ലുലു സ്റ്റോറുകളിലും ഉപഭോക്താക്കൾക്കായി ബ്രിട്ടൺ വീക്ക് 2025 തുടരുകയാണെന്ന് ലുലു ഗ്രൂപ്പ് അറിയിച്ചു.
![]()
