റിയാദ് : ഭക്ഷ്യ സുരക്ഷ – വ്യാപാര മേഖലകളിൽ ഓസ്ട്രേലിയയും – സൗദി അറേബ്യയും തമ്മിലുള്ള പങ്കാളിത്തം ഊർജ്ജിതമാക്കി ലുലുവിൻ്റെ ഓസ്ട്രേലിയ വീക്ക് 2025. സൗദി അറേബ്യയിലെ ലുലു ഹൈപ്പർമാർക്കറ്റുകളിലുടനീളമാണ് ഓസ്ട്രേലിയൻ പ്രീമിയം ഉത്പന്നങ്ങൾ വിപണനത്തിനും പ്രദർശനത്തിനും എത്തിച്ച് ഓസ്ട്രേലിയ വീക്ക് സംഘടിപ്പിച്ചിരിക്കുന്നത്. റിയാദിലെ ലുലു ഹൈപ്പർമാർക്കറ്റ് ഡിപ്ലോമാറ്റിക് ക്വാർട്ടർ ബ്രാഞ്ചിൽ നടന്ന ചടങ്ങിൽ സൗദി അറേബ്യയിലെ ഓസ്ട്രേലിയൻ അംബാസഡർ മാർക് ഡൊണോവൻ ഓസ്ട്രേലിയ വീക്ക് ഉദ്ഘാടനം ചെയ്തു. സൗദിയിലെ ലുലു ഹൈപ്പർമാർക്കറ്റ് ഡയറക്ടർ ഷെഹിം മുഹമ്മദ്, ഓസ്ട്രേലിയൻ എംബസിയിലെ ഉദ്യോഗസ്ഥർ, ലുലു ഗ്രൂപ്പ് പ്രതിനിധികൾ എന്നിവർ സന്നിഹിതരായിരുന്നു.
ഓസ്ട്രേലിയയിലെ 129 പ്രമുഖ ബ്രാൻഡുകളുടെ 960 പ്രീമിയം ഉത്പന്നങ്ങൾ ഉപഭോക്താക്കൾക്ക് മുന്നിൽ അണിനിരത്തിയാണ് ലുലു ഓസ്ട്രേലിയ വീക്ക് ഒരുക്കിയിരിക്കുന്നത്. ഓസ്ട്രേലിയയുടെ ഏറ്റവും ഉന്നത നിലവാരമുള്ള ഭക്ഷ്യ സംസ്കാരം, ആരോഗ്യകരമായ ഭക്ഷ്യ ഉത്പന്നങ്ങൾ, സുസ്ഥിരമായ ഭക്ഷ്യ ഉത്പാദനം എന്നിവയെ അടയാളപ്പെടുത്തുന്നതാണ് ഓസ്ട്രേലിയ വീക്ക്. ഇതിലൂടെ ഓസ്ട്രേലിയയുടെ പ്രീമിയം മാംസ ഉത്പന്നങ്ങൾ, പഴം-പച്ചക്കറികൾ, പാൽ ഉത്പന്നങ്ങൾ, കാൻഡ് ഭക്ഷണ വിഭവങ്ങൾ തുടങ്ങിയവ എല്ലാം സൗദിയിലെ ഉപഭോക്താക്കൾക്ക് വാങ്ങാൻ അവസരമുണ്ടാകും.
രാജ്യത്തെ ഏറ്റവും വലിയ ഭക്ഷ്യമേളയായ സൗദി ഫുഡ് ഷോയിലും ലുലു ഓസ്ട്രേലിയ വീക്ക് ശ്രദ്ധേയമായി. സൗദിയിലെ എല്ലാ ലുലു സ്റ്റോറുകളിലും ഓസ്ട്രേലിയ വീക്ക് തുടരുകയാണ്.
ഓസ്ട്രേലിയൻ പ്രീമിയം ഉത്പന്നങ്ങൾ സൗദിയിലെ ഉപഭോക്താക്കളിലേയ്ക്ക് എത്തിക്കാനായി ഓസ്ട്രേലിയ വീക്കിലൂടെ വലിയ അവസരമാണ് ലുലു ഒരുക്കിയതെന്ന്
സൗദി അറേബ്യയിലെ ഓസ്ട്രേലിയൻ അംബാസഡർ മാർക് ഡൊണോവൻ പറഞ്ഞു
സൗദി അറേബ്യയിലെ ഉപഭോക്താക്കൾക്ക് മികച്ചതും, വേറിട്ടതുമായ ഷോപ്പിംഗ് അനുഭവമൊരുക്കാനാണ് ലുലു എപ്പോഴും ശ്രമിക്കുന്നതെന്നും, ഓസ്ട്രേലിയ വീക്ക് അതിൻ്റെ ഭാഗമാണെന്നും സൗദിയിലെ ലുലു ഹൈപ്പർമാർക്കറ്റ്സ് ഡയറക്ടർ ഷെഹിം മുഹമ്മദ് വ്യക്തമാക്കി. ഓസ്ട്രേലിയയുമായി കൈകോർക്കുന്നതിലൂടെ സൗദിയിലെ ഉപഭോക്താക്കളുടെ രുചികൾക്ക് അനുയോജ്യമായതും പോഷക ഗുണമുള്ളതുമായ ഉന്നത ഗുണനിലവാരമുള്ള ഭക്ഷ്യവസ്തുക്കൾ അണിനിരത്താൻ കഴിഞ്ഞു. ഈ വൈവിധ്യമാർന്ന ഉത്പന്നങ്ങൾ ഉപഭോക്താക്കൾക്ക് മുന്നിലെത്തിക്കാൻ സാധിച്ചതിൽ സന്തോഷമെന്നും ഷെഹിം മുഹമ്മദ് അഭിപ്രായപ്പെട്ടു.
സൗദിയിലെ എല്ലാ ലുലു ഹൈപ്പർമാർക്കറ്റുകളിലും മെയ് 17 വരെ ഓസ്ട്രേലിയ വീക്കിൻ്റെ ഭാഗമായുളള വിപുലമായ പ്രദർശനവും വിപണനവും തുടരും. വൈവിധ്യം നിറഞ്ഞതും, പുതുമയുമയാർന്നതുമായ ഓസ്ട്രേലിയൻ ഭക്ഷ്യ ഉത്പന്നങ്ങൾ ഏറ്റവും മികച്ച വിലയിൽ ഉപഭോക്താക്കളിലേയ്ക്ക് എത്തിക്കുക കൂടിയാണ് ഓസ്ട്രേലിയ വീക്കിലൂടെ ലുലു ലക്ഷ്യമിടുന്നത്.
![]()
