റിയാദ്: ‘സ്വത്വം, സമന്വയം, അതിജീവനം’ എന്ന പ്രമേയത്തിൽ റിയാദ് മലപ്പുറം ജില്ലാ കെഎംസിസി സംഘടിപ്പിക്കുന്ന ‘ദ വോയേജ്’ സംഘടനാ ശക്തീകരണ ക്യാമ്പയിനിന്റെ ഭാഗമായി ‘കാലിഫ്’ കലയുടെ കാഴ്ചകൾ എന്ന ശീർഷകത്തിൽ മാപ്പിള കലോത്സവം സംഘടിപ്പിക്കുന്നു. മെയ് 8 ന് വ്യാഴാഴ്ച ഉദ്ഘാടനം ചെയ്യപ്പെടുന്ന കലോത്സവം മൂന്ന് മാസം നീണ്ടുനിൽക്കും.മലപ്പുറത്തിന്റെ വൈവിദ്ധ്യങ്ങളെ അനാവരണം ചെയ്തുള്ള ലിറ്ററേച്ചർ ആന്റ് കൾച്ചറൽ ഫെസ്റ്റ് റിയാദിന്റെ ചരിത്രത്തിൽ ഇത്തരത്തിലുള്ള ആദ്യത്തെ പരിപാടിയായിരിക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
മലപ്പുറത്തിന്റെ പൈതൃകം, കല, സാഹിത്യം സൗഹാർദ്ദം തുടങ്ങിയ വിഷയങ്ങൾ പ്രവാസികൾക്കിടയിൽ ചർച്ചക്കെടുക്കുകയാണ് ഫെസ്റ്റിന്റെ ഉദ്ദേശ്യം.
അന്യംനിന്ന് പോകുന്ന മാപ്പിള കലകളുടെ അത്യപൂർവ സൗരഭ്യം പ്രവാസലോകത്ത് പരത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന മാപ്പിള കലോത്സവത്തിൽ തനത് മാപ്പിളപ്പാട്ടുകൾ, പ്രവാചക മദ്ഹ് ഗാനങ്ങൾ, ഒപ്പന, കുട്ടികൾക്കായുള്ള നേതൃ സ്മൃതി-കഥപറച്ചിൽ, മുദ്രാവാക്യം വിളി, പ്രസംഗം, മാപ്പിളപ്പാട്ട് രചന, ഉപന്യാസ രചന, അറബി-മലയാളം കയ്യെഴുത്ത്, ചിത്രരചന, കളറിംഗ്, മെഹന്തി ഫെസ്റ്റ് തുടങ്ങി വിവിധ ഇനങ്ങൾ അരങ്ങേറും. മലപ്പുറം ജില്ലയിലെ 16 മണ്ഡലം കെഎംസിസി കമ്മിറ്റികളുടെ ബാനറിൽ നൂറ് കണക്കിന് പ്രവാസികൾ വിവിധ ദിവസങ്ങളിൽ വിവിധ വേദികളിൽ നടക്കുന്ന മത്സരങ്ങളിൽ മാറ്റുരക്കും.
ആദ്യ റൗണ്ട് മത്സരങ്ങൾക്ക് ശേഷം നടക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ
ബുക്ക് ഫെസ്റ്റ്, പാനൽ ചർച്ചകൾ, ഓദഴ്സ് ഇവന്റുകൾ,വിവിധ സാംസ്കാരിക പരിപാടികൾ, മാപ്പിള കലകളുടെ പ്രദർശനം, എക്സിബിഷൻ തുടങ്ങി വർണാഭമായ പരിപാടികൾ അരങ്ങേറും.ഒരു വർഷം നീണ്ടുനിൽക്കുന്ന ‘ദി വോയേജ്‘ സംഘടനാ ക്യാമ്പയിനിന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളിലായി വിവിധ പരിപാടികൾ നടക്കുകയുണ്ടായി. ചന്ദ്രിക വാർഷിക വരിക്കാരെ ചേർക്കുന്ന ക്യാമ്പയിനിൽ അഞ്ഞൂറിലധികം ആളുകളെ ചേർത്തു. നോർക്ക ക്യാമ്പയിനിന്റെ ഭാഗമായി നൂറുകണക്കിന് പ്രവാസികളെ നോർക്കയിൽ അംഗത്വമെടുപ്പിക്കുകയും ക്ഷേമനിധി, പ്രവാസി ഇൻഷൂറൻസ് എന്നിവയിൽ ചേർക്കുകയും ചെയ്തു.
കെഎംസിസി കമ്മിറ്റികളുടെ വിവിധ ഘടകങ്ങളിൽ പ്രവർത്തിക്കുന്നവരുടെ മക്കളിൽ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിച്ചു. സാമൂഹ്യ സേവന പ്രവർത്തനം നടത്തുന്ന മലപ്പുറം ജില്ലാ വെൽഫെയർ വിംഗിൽ പ്രവർത്തിക്കുന്ന വളണ്ടിയർമാർക്ക് പരിശീലനവും ശില്പശാലയും സംഘടിപ്പിച്ചു. സോഷ്യൽ മീഡിയയിൽ സജീവമായ പ്രവർത്തകർക്ക് പുതിയ കാലത്തെ സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നതിനുള്ള പരിശീലന പരിപാടിക്ക് തുടക്കം കുറിച്ചു. ജില്ലാ കെഎംസിസിയുടെ സാംസ്കാരിക വിഭാഗമായ സംസ്കൃതിയുടെ നേതൃത്തിൽ മാഗസിൻ പുറത്തിറക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.
മലപ്പുറം ജില്ലയിലെ 32 പഞ്ചായത്ത് കെഎംസിസി കമ്മിറ്റികളെ പങ്കെടുപ്പിച്ച് ‘ബെസ്റ്റ് 32’ എന്ന പേരിൽ മലപ്പുറം ജില്ലാ കെഎംസിസി യുടെ കായിക വിഭാഗമായ ‘സ്കോർ’ ഫൈവ്സ് ടൂർണമെന്റ് സംഘടിപ്പിച്ചു.
വിവിധ നിയോജമണ്ഡലങ്ങളിൽ നിന്ന് മുൻകൂട്ടി രജിസ്റ്റർ ചെയ്ത, പഞ്ചായത്ത്-മുനിസിപ്പൽ-മണ്ഡലം ഭാരവാഹികൾക്ക് മാത്രമായി നടത്തിയ ‘ചെരാത്’ ഏകദിന ക്യാമ്പ് ഉള്ളടക്കം കൊണ്ടും വിഷയ വൈവിദ്ധ്യം കൊണ്ടും ശ്രദ്ധേയമായ ഒന്നായിരുന്നു. ജില്ലാ കെഎംസിസി യുടെ മുന്നോട്ടുള്ള പ്രയാണത്തിന് ഊർജ്ജമാകുന്ന നിരവധി പദ്ധതികൾ ക്യാമ്പിൽ നടന്ന ഗ്രൂപ്പ് ചർച്ചകളുടെ ഭാഗമായി അവതരിപ്പിക്കപ്പെട്ടു.
റൂട്ട് 106 എന്നപേരിൽ ജില്ലയിലെ മുഴുവൻ പഞ്ചായത്ത്, മുൻസിപ്പൽ കമ്മിറ്റികളുടെയും നേതൃത്വത്തിൽ പ്രത്യേക സമ്മേളനങ്ങൾ ആരംഭിച്ചു. തുടർന്ന് സൂപ്പർ 16 എന്ന പേരിൽ പതിനാറ് നിയോജകമണ്ഡലം കമ്മിറ്റികളും സമ്മേളനം സംഘടിപ്പിക്കും.
മലപ്പുറം ജില്ലാ മുസ്ലിം യൂത്ത് ലീഗ് നടപ്പിലാക്കിയ സീതി സാഹിബ് അക്കാദമിയ സാമൂഹ്യ പഠന കേന്ദ്രത്തിന്റെ ഓഫ് ക്യാമ്പസ് റിയാദിൽ സ്ഥാപിക്കും. കൃത്യമായ സിലബസിന്റെ അടിസ്ഥാനത്തിലാണ് പഠനകേന്ദ്രം സ്ഥാപിക്കുക. സംഘടനക്കകത്ത് നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിന്റെ ഭാഗമായി തെരെഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികളെ പങ്കെടുപ്പിച്ചുള്ള വർക്ക്ഷോപ്പ് കഴിഞ്ഞ ദിവസം നടന്നു. മരണപ്പെട്ട നേതാക്കളുടെ ഓർമ്മകൾ പങ്ക് വെക്കുന്ന നേതൃസ്മൃതി, വിവിധ വിഷയങ്ങളിലുള്ള സെമിനാറുകൾ, കുട്ടികളെ സംഘടിപ്പിച്ചുള്ള എം എസ് എഫ് ബാലകേരളം, വനിത കെഎംസിസിക്ക് ജില്ലാ തല ഘടകം രൂപീകരിക്കൽ തുടങ്ങിയ പരിപാടികൾ അടുത്ത മാസങ്ങളിലായി നടക്കും.
വാർത്ത സമ്മേളനത്തിൽ റിയാദ് മലപ്പുറം ജില്ലാ കെഎംസിസി പ്രസിഡന്റ് ഷൗക്കത്ത് കടമ്പോട്ട് , ജനറൽ സെക്രട്ടറി സഫീർ മുഹമ്മദ്, ‘കാലിഫ്’ ഡയറക്ടർ ഷാഫി മാസ്റ്റർ തുവ്വൂർ,
ട്രഷറർ മുനീർ വാഴക്കാട്, ഓർഗനൈസിംഗ് സെക്രട്ടറി മുനീർ മക്കാനി,ടെക്നിക്കൽ സമിതി അംഗം നവാസ് കുറുങ്കാട്ടിൽ എന്നിവർ പങ്കെടുത്തു.
![]()
