ഒമാൻ : മസ്കറ്റിലെ ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരള വിഭാഗം സംഘടിപ്പിക്കുന്ന ഈ വർഷത്തെ യുവജനോത്സവ മത്സരങ്ങൾ ദാർസൈറ്റിലെ ഐ എസ് സി ഹാളിൽ തുടക്കം കുറിച്ചു. ഒമാൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കുട്ടികളും മുതിർന്നവരുമായ എണ്ണൂറിലധികം കലാകാരന്മാർ വിവിധ മത്സര ഇനങ്ങളിലായി പങ്കെടുക്കുന്നു. നാലു ദിവസങ്ങളിലായി സംഘടിപ്പിച്ചിരിക്കുന്ന യുവജനോത്സവത്തിൻ്റെ ആദ്യ ഘട്ട മത്സരങ്ങൾ ഏപ്രിൽ 24, 25 തീയതികളിൽ ഐ എസ് സി യുടെ വിവിധ ഹാളുകളിൽ ആയി നടന്നു.
ഏപ്രിൽ 24 ന് രാവിലെ കേരളവിഭാഗം കൺവീനർ അജയൻ പൊയ്യാറയുടെ അധ്യക്ഷതയിൽ നടന്ന ഔദ്യോഗിക പരിപാടിയിൽ വച്ച് പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടറും ലോക കേരളസഭാംഗവുമായ വിത്സൻ ജോർജ്ജ് മത്സരങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു. ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കമ്മ്യൂണിറ്റി വെൽഫെയർ സെക്രട്ടറി സന്തോഷ് കുമാർ, ഇന്ത്യൻ സ്കൂൾ ബോർഡ് അംഗം നിധീഷ്കുമാർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കലാവിഭാഗം സെക്രട്ടറി മുജീബ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ജോയിൻ്റ് സെക്രട്ടറി റിയാസ് കോട്ടപ്പുറത്ത് നന്ദി പറഞ്ഞു.
മത്സരങ്ങളുടെ രണ്ടാം ഘട്ടം മെയ് രണ്ട്, മൂന്ന് തീയതികളിലായി ഇതേ ഹാളുകളിൽ നടക്കുമെന്നു ഭാരവാഹികൾ പറഞ്ഞു . കേരള സംസ്ഥാന സ്കൂൾ കലോത്സവ മാതൃകയിൽ സംഘടിപ്പിക്കുന്ന യുവജനോത്സവ മത്സരങ്ങളുടെ ഭാഗമായുള്ള സാഹിത്യ മത്സരങ്ങൾക്കുള്ള തീയതികൾ ഉടൻ തന്നെ പ്രഖ്യാപിക്കുമെന്ന് സംഘാടകർ അറിയിച്ചു.
![]()
