ദമ്മാം:നവോദയ സാംസ്കാരികവേദി കിഴക്കൻ പ്രവിശ്യ സൗദി അറേബ്യ കേന്ദ്ര കമ്മറ്റി സംഘടിപ്പിക്കുന്ന പ്രവാസി ജീവിത ശൈലി-ലഹരി വിരുദ്ധ ബോധവൽകരണ ക്യാമ്പയിൻ്റെ കേന്ദ്രതല ഉദ്ഘാടനം ദമ്മാം അൽ വഫ ഹൈപ്പർമാർക്കറ്റ് ഓഡിറ്റോറിയത്തിൽ വച്ച് റിസ കൺവീനറും നാഷണൽ ഗാർഡ് ഹോസ്പിറ്റൽ ഫേമലി ഫിസിഷ്യനുമായ ഡോ: അബ്ദുൾ അസീസ് നിർവ്വഹിച്ചു.
പ്രവാസി സമൂഹത്തിനിടയിലും നാട്ടിലും വർദ്ധിച്ച് വരുന്ന ലഹരി ഉപയോഗവും അതിൻ്റെ ഗൗരവതരമായ സാമൂഹ്യ പ്രശ്നങ്ങളും, പ്രവാസികളുടെ ജീവിത ശൈലി സൃഷ്ടിക്കുന്ന മാനസ്സിക ശാരീരിക ആരോഗ്യ പ്രശ്നങ്ങളും വിശദമായ് പവർപോയിൻ്റ് പ്രസൻ്റേഷനിലൂടെ അവതരിപ്പിച്ചുകൊണ്ട് കൊണ്ട് ഡോ: അബ്ദുൾ അസീസ് നടത്തിയ ഉദ്ഘാടനവും ശേഷം നടന്ന ക്ലാസ്സും വിജ്ഞാനപ്രദമായിരുന്നു.
ഏപ്രിൽ 25 മുതൽ ജൂൺ 30 വരെയുള്ള കാലയളവിൽ നവോദയയുടെ 139 യൂണിറ്റുകളിലും ലഹരിക്കെതിരായും ജീവിത ശൈലി സംബന്ധമായി ഉണ്ടാവുന്ന മാനസികവും ശാരീരികവുമായ പ്രശ്നങ്ങളെകുറിച്ചും പ്രവാസി പങ്കാളിത്തത്തോടെ വിപുലമായ ബോധവൽക്കരണ പരിപാടിയാണ് ക്യാമ്പയിനിലൂടെ നവോദയ ലക്ഷ്യമാക്കുന്നത്. കോബാർ ഏരിയ കുടുംബവേദി പ്രവർത്തക ദിവ്യശ്രീയുടെ നേതൃത്വത്തിൽ സ്ത്രീകളും കുട്ടികളും ചേർന്ന് അവതരിപ്പിച്ച മനോഹരമായ ലഹരി വിരുദ്ധ നൃത്ത ശില്പത്തോടെയാണ് പരിപാടി ആരംഭിച്ചത്. നവോദയ കേന്ദ്ര ജോ: സെക്രട്ടറി നൗഷാദ് അകോലത്ത് സ്വാഗതം ആശംസിച്ച ചടങ്ങിൽ നവോദയ പ്രസിഡൻ്റും ലോക കേരള സഭാംഗവുമായ ഹനീഫ മൂവാറ്റ്പുഴ ആധ്യക്ഷം വഹിച്ചു. കാശ്മീരിൽ ഭീകരവാദികളാൽ കൊല ചെയ്യപ്പെട്ടവരുടെയും, ജോൺ പോൾ മാർപ്പാപ്പയുടെ വിയോഗത്തിലുള്ള അനുശോചന പ്രമേയം കുടുംബവേദി കേന്ദ്ര വൈ: പ്രസിഡൻ്റ് സുരയ്യ ഹമീദ് അവതരിപ്പിച്ചു. ഒഐസിസി സൗദി നേഷണൽ പ്രസിഡൻ്റ് ബിജു കല്ലുമല, നവോദയ ജനറൽ സെക്രട്ടറി രഞ്ജിത് വടകര എന്നിവർ ആശംസ അറിയിച്ച് സംസാരിച്ചു. നവോദയ മുഖ്യ രക്ഷാധികാരി ബഷീർ വരോട്, നവോദയ ട്രഷറർ ഉമേഷ് കളരിക്കൽ, കേന്ദ്ര കുടുംബവേദി സെക്രട്ടറി ഷമീം നാണത്ത്, പ്രസിഡൻ്റ് ഉണ്ണി ഷാനവാസ്, ട്രഷറർ അനുരാജേഷ് എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു. ഉദ്ഘാടന പരിപാടിയുടെ സമാപനത്തോടനുബന്ധിച്ച് നവോദയ കേന്ദ്ര സാംസ്കാരിക കമ്മറ്റി ജോ: കൺവീനർ സാലു മാസ്റ്റർ ചൊല്ലി കൊടുത്ത ലഹരി വിരുദ്ധ പ്രതിഞ്ജ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിറഞ്ഞ സദസ്സ് ഏറ്റു ചൊല്ലി. നവോദയ കേന്ദ്ര ജോ: സെക്രട്ടറി നൗഫൽ വെളിയംങ്കോട് നന്ദി പറഞ്ഞു.
![]()
