ചൈനയുടെ കിഴക്ക് ഭാഗത്ത് സ്ഥിതിചെയ്യുന്ന മോഡേൺ നഗരമാണ് ഷാങ്ഹായ്. മുപ്പത് മില്യനോളം ജനങ്ങൾ പാർക്കുന്ന തുറമുഖ പട്ടണം.
ഏഷ്യയിലെ ഏറ്റവും നീളം കൂടിയ നദിയാണ് ചൈനയിലൂടെ ഒഴുകുന്ന യാങ്സെ നദി. 6300 കിലോമീറ്ററോളം ദൂരം അത് ചൈനയിലൂടെ ഒഴുകുന്നു. ഡ്രാഗൺ രൂപമുണ്ടെന്ന് കരുതുന്ന യാങ്സെ നദിയുടെ തലയുടെ ഭാഗത്തുള്ള പട്ടണം ആയതുകൊണ്ടാണ് ഷാംങ്ഹായ്ക്ക് ആ പേര് വന്നത്. ഷാങ് എന്നാൽ മുകൾഭാഗം എന്നും ഹായ് എന്നാൽ നദി എന്നും അർത്ഥം.
യാങ്സെ നദിയുടെ പോഷക നദിയാണ് ഷാങ്ഹായ് ലൂടെ ഒഴുകുന്ന ഹുവാങ്പു. അത് മധ്യഭാഗത്ത് കൂടി ഒഴുകി പട്ടണത്തെ കിഴക്ക്, പടിഞ്ഞാറ് എന്നിങ്ങനെ രണ്ടായി തിരിക്കുന്നു. പുക്സി ഏരിയയും പുഡോങ് ഏരിയയും. ഇരുഭാഗത്തേക്കും ഉള്ള യാത്ര സുഗമമാക്കുന്നതിനും കപ്പലുകൾക്ക് തടസ്സമുണ്ടാകാതിരിക്കാനും നദിക്ക് അടിയിലൂടെ 18 ഹൈവേ ടണലുകൾ ഉണ്ട്. ടണലുകൾ വന്നതിനുശേഷം വെറും 30 വർഷം കൊണ്ടാണത്രെ ഷാങ്ഹായ് ഇന്നു കാണുന്ന പുരോഗതി കൈവരിച്ചത്.
മലകളില്ലാത്ത നിരന്നപട്ടണമാണ്. ആർക്കിടെക്ചറിനും രാത്രി ലൈറ്റുകൾക്കും പ്രശസ്തം. ഹുമിഡിറ്റി വളരെ കൂടുതലാണ് ഷാങ്ഹായിൽ, മഴയും. അതുകൊണ്ടുതന്നെ മഞ്ഞുവീഴ്ച ഇല്ലെങ്കിലും തണുപ്പ് കൂടും. മൈനസ് അഞ്ച് ഡിഗ്രി സെന്റീഗ്രേഡ് വരെ വരാറുണ്ട്.
തൂക്കിനോക്കി വാങ്ങേണ്ട എല്ലാ സാധനങ്ങളുടേയും വില ചൈനയിൽ എല്ലായിടത്തും പറയുന്നത് അര കിലോക്ക് ഇത്ര എന്നാണ്. ഒരു കിലോയുടെ വില പറയാറില്ല.
മാഗ്ലെവ് ട്രെയിൻ, ഹിസ്റ്റോറിക്കൽ മ്യൂസിയം, എ പി പ്ലാസ മാർക്കറ്റ്, സിഗ് സാഗ് ബ്രിഡ്ജ്, ഓൾഡ് യു യുവാൻ ഗാർഡൻ, ഒറിയന്റൽ പേൾ റ്റി വി ടവർ ഇവയാണ് കാണാനുണ്ടായിരുന്നത്.
എഞ്ചിൻ ഇല്ലാത്ത, അധികം ശബ്ദമോ കുലുക്കമോ ഉണ്ടാക്കാത്ത ഒന്നാണ് മാഗ്ലെവ് ട്രെയിൻ. ട്രെയിനിന്റെ അടിഭാഗത്തും ഗൈഡ് വേയിലും ഘടിപ്പിച്ചിരിക്കുന്ന കമ്പിച്ചുരുളുകളുടെ സഹായത്താൽ വൈദ്യുത കാന്തിക പ്രൊപ്പൽഷൻ എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് പാളത്തിൽ തൊട്ടും തൊടാതെയുമുള്ള യാത്ര. മണിക്കൂറിൽ മുന്നൂറ് കിലോമീറ്ററായിരുന്നു സ്പീഡ്.
സിറ്റിക്കും ഷാങ്ഹായ് എയർ പോർട്ടിനും ഇടയിലുള്ള മുപ്പത് കിലോമീറ്ററോളം ദൂരമാണ് മാഗ്ലെവ് ട്രെയിൻ സർവ്വീസ് നടത്തുന്നത്. ഏഴ് മുതൽ എട്ട് മിനിട്ടുവരെയാണ് യാത്രക്കെടുക്കുന്ന സമയം. അതുകൊണ്ടുതന്നെ മാഗ്ലെവ് ട്രെയിനിൽ വാഷ്റൂം ഫെസിലിറ്റി ഇല്ല. മുന്നൂറ് കിലോമീറ്റർ വേഗതയിലായിരുന്നു ഓട്ടം. 431 കിലോമീറ്റർ പരമാവധി വേഗതയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയുടെ വേഗത കുറച്ചതാണത്രെ. ജർമ്മനിയിൽ മാഗ്ലെവ് ട്രെയിനിലുണ്ടായ അപകടത്തേ ത്തുടർന്നായിരുന്നു അത്.
പുഡോങ്ങിലെ ഏറ്റവും വലിയ മാർക്കറ്റ് ആണ് എ പി പ്ലാസ.
‘എ പി പ്ലാസ ഈസ് ഫേമസ് ഫോർ ചീപ്പ് ഐറ്റംസ്… ചൈനയുടെ യുവാന്റേയും റഷ്യൻ റൂബിളിന്റേയും ചെറിയ നോട്ടുകൾ കാഴ്ചക്ക് വലിയ വ്യത്യാസമില്ല. ബാലൻസ് വാങ്ങുമ്പോൾ ശ്രദ്ധിക്കണം. ഒരു യുവാൻ പന്ത്രണ്ടോളം ഇന്റ്യൻ രൂപയാണ്. റഷ്യൻ റൂബിളിന് വില ഒരു രൂപയിൽ താഴെയും.’ ഗൈഡ് പറഞ്ഞു.
സിഗ് സാഗ് ബ്രിഡ്ജ് എന്നത് ഒരു കാൽനട പാലമാണ്. രേഖീയമല്ലാത്ത നിർമ്മാണം രൂപകൽപ്പന ചെയ്തിരിക്കുന്നത് ഒരാളുടെ ശ്രദ്ധ നിർബന്ധിതമാക്കുന്നതിന് വേണ്ടിയാണത്രെ. ഈ പാലങ്ങൾ മൈൻഡ് ഫുൾ എന്ന സെൻ തത്വത്തെ അടിസ്ഥാനമാക്കിയുള്ള അലങ്കാര സവിശേഷതകളാണ്.. സോങ് രാജവംശത്തിന്റെ കാലത്ത് നിർമ്മിച്ച ചൈനീസ് ഗാർഡനുകളി ലാണ് സാധാരണയായി ഒൻപത് ടേൺ പാലം കാണുന്നത്. സിഗ് സാഗ് പാലങ്ങളും പാതകളും ദുരാത്മാക്കളെ ആശയക്കുഴപ്പത്തിൽ ആക്കും എന്നാണ് ചൈനീസ് വിശ്വാസം.
632 മീറ്റർ ഉയരമുള്ള ഷാങ്ഹായ് ടവർ ഉയരത്തിന്റെ കാര്യത്തിൽ ലോകത്ത് മൂന്നാമതാണ്.
128 നിലകളിലായി നാല്പത് ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണം. ചൂടിനെ പ്രതിരോധിക്കുന്ന രണ്ട് പാളികളുള്ള ഗ്ലാസ്സ് കൊണ്ടാണത്രെ നിർമ്മാണം. ഓഫീസുകൾ വ്യാപാരശാലകൾ, പാർക്ക്, ഹോട്ടൽ, മാൾ തുടങ്ങി നിരവധി സംരംഭങ്ങളാണ് കെട്ടിടത്തിനുള്ളിൽ പ്രവർത്തിക്കുന്നത്.
ഒറിയന്റൽ പേൾ ടിവി ടവറിന്റെ ആകെ ഉയരം 468 മീറ്റർ ആണ്. വ്യത്യസ്ത വലിപ്പത്തിലുള്ള 11 ഗോളങ്ങൾ ഉൾക്കൊള്ളുന്നു. ഭൂമിയിൽ നിന്ന് 259 മീറ്റർ ഉയരത്തിലാണ് ടവറിന്റെ ഏറ്റവും ആകർഷണീയമായ ഭാഗം. അവിടെയുള്ള ഗോള ഭാഗത്ത് അടിയിൽ ഗ്ലാസ് പിടിച്ചിരിക്കുന്നു. താഴേക്ക് നോക്കിയാൽ ഷാങ്ഹായി വർണ്ണാഭമാണ്. നദി വളരെ അടുത്തായി കാണാം. ട്രാഫിക് ഐലൻഡിലൂടെ വണ്ടികൾ ചുറ്റിത്തിരിയുന്നത് ഒരു താമരപ്പൂ പോലെയാണ് കാണാനാവുക.
ഫ്രെയിം വർക്ക് ചെയ്ത് പിടിപ്പിച്ചിരിക്കുന്ന ഗ്ലാസ് കഷണങ്ങൾ പല വലിപ്പത്തിലാണ്. ഏകദേശം നാല് സ്ക്വയർ മീറ്റർ വിസ്താരമുണ്ടെന്ന് തോന്നി ചിലതിന്. തിരക്കുണ്ടായാൽ ഒരു ഗ്ലാസിൽ പത്ത് പേർക്കെങ്കിലും നിൽക്കാനാകും. എത്രയേറെ ടെസ്റ്റുകളും രക്ഷാമാർഗ്ഗങ്ങളും പരിഗണിച്ചാവും ഗ്ലാസ് പിടിപ്പിച്ചിരിക്കുക എന്നറിയാമെങ്കിലും ഒഴിഞ്ഞു കിടന്ന ഭാഗത്ത് പോലും കാലെടുത്തുവെക്കാൻ മനസ്സ് മടിച്ചു. ഭൂമി അങ്ങ് താഴെയാണ്.
രാത്രി ചൈനീസ് ഹോട്ടലിൽനിന്ന് അത്താഴം കഴിച്ചു. രാത്രി ഭക്ഷണവും രാവിലത്തെ ഭക്ഷണം തമ്മിൽ വ്യത്യാസമുണ്ട് ചൈനയിൽ. മെനുവിലുള്ള വ്യത്യാസം മാത്രമല്ല അത്. രാവിലെ കഴിച്ചിടത്തെല്ലാം ബുഫേ സിസ്റ്റവും ഉച്ചക്കും രാത്രിയിലും ടേബിൾ സർവ്വിംഗും ആണ് കണ്ടത്.
സ്പ്രിംഗ് റോൾ, ചൗമീൻ, മാപൊ ടോഫു, സ്വീറ്റ് ആൻഡ് സോർ പോർക്ക്, കുങ്പാവോ ചിക്കൻ… ഇങ്ങനെയൊക്കെയാണ് വിഭവങ്ങളുടെ പേര് പറഞ്ഞത്. മാപോ ടോഫു പോത്തിറച്ചികൊണ്ടുള്ള വിഭവമാണ്. ചൗമീൻ ഒരുതരം ന്യൂഡിൽസും. ഞങ്ങളിരുന്ന മേശയിൽ 9 പേരായിരുന്നു. 9 പേർക്കുള്ള ഭക്ഷണം ഒരുമിച്ച് കൊണ്ടുവയ്ക്കും. രണ്ടാമത് തരില്ല. ഒച്ചയുണ്ടാ ക്കാതെ, സംസാരിക്കാതെ കഴിക്കണം.
‘ഇന്ത്യയിൽ ചതുരമേശകളല്ലെ ആഹാരം കഴിക്കാൻ ഉപയോഗിക്കുന്നത്. ഞങ്ങൾ വട്ടത്തിലുള്ളതാണ് ഉപയോഗിക്കുന്നത്. അതിന് രണ്ട് കാരണങ്ങൾ ഉണ്ട്. ഒന്ന് ഷെയറിങ് പഠിക്കക, രണ്ട് ആളുകൾ തമ്മിലുള്ള ബന്ധം ബലപ്പെടുത്തുക. ചതുരമേശകളിൽ എതിർഭാഗത്ത് ഇരിക്കുന്ന ആളുമായി മാത്രമാണ് ബന്ധം ഉണ്ടാകുക.’ ഗ്രേസ് പറഞ്ഞു.
റിവർ ക്രൂയിസിംഗിന് ഉപയോഗിക്കുന്നത് വലിയ യാത്ര കപ്പലുകളാണ്. 15 അമേരിക്കൻ ഡോളറാണ് ചാർജ്. ബാർ, സൺ ഡക്ക്, റസ്റ്റോറന്റ്, വലിയ ടിവി സ്ക്രീൻ എന്നിവ ഒരുക്കിയിട്ടുള്ള കപ്പൽ മികച്ച നിലവാരമുള്ളതായിരുന്നു. കപ്പലിൽ ചൈനീസ് ഭക്ഷണവും പശ്ചാത്യഭക്ഷണവും ബുഫേയും ലഭ്യമാണ്. വിനോദസൗകര്യങ്ങൾ ആസ്വദിക്കാൻ കപ്പലിൽ അകത്ത് ഇരിക്കാം അല്ലെങ്കിൽ കാഴ്ചകൾ കാണാൻ ഡക്കിൽ പോയി ഇരിക്കാം.
വെളിച്ചത്തിന്റെ മാസ്മരികത കാണണമെങ്കിൽ തീർച്ചയായും ക്രൂയിസിങ് ചെയ്യണം. പാലങ്ങളുടെയും ടവറിന്റെയും കെട്ടിടങ്ങളുടെയും രാത്രിക്കാഴ്ച വർണ്ണാഭമായിരുന്നു. ലൈറ്റുകൾകൊണ്ട് ഒരു മായാപ്രപഞ്ചം.
പുതുമയെ പുൽകുമ്പോൾ തന്നെ പഴമയെ നിലനിർത്താൻ ശ്രമിക്കുന്ന നഗരം. അംബരചുംബികളായ കെട്ടിടങ്ങൾ, പഴയകാല പ്രൗഡി വളിച്ചോതുന്ന മ്യൂസിയം, ഫ്ലോട്ടിംഗ് ഗാർഡനുകൾ… ഷാങ്ഹായ് സഞ്ചാരികൾക്ക് പറുദീസ തന്നെ.
![]()
