റിയാദ്: സൗദി സഹായ ഏജന്‍സിയായ കെ.എസ്.റിലീഫ് ഇറ്റാം പദ്ധതി പ്രകാരം ലോക രാജ്യങ്ങളില്‍ സൗജന്യ ഭക്ഷണ പൊതികളുടെ വിതരണം ആരംഭിച്ചു. 27 രാജ്യങ്ങളിലായി 390,109 ഭക്ഷണ പൊതുകളാണ് വിതരണം ചെയ്യുക. ഇതിന് മൊത്തം 67 മില്യണ്‍ റിയാല്‍ (18 മില്യണ്‍ ഡോളര്‍) ആണ് ചെലവ് വരിക. 2.3 ദശലക്ഷത്തിലേറെ പേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. അരി, എണ്ണ, പാസ്ത, പഞ്ചസാര, മാവ് എന്നിവ അടങ്ങിയതാണ് ഭക്ഷണ പാക്കറ്റുകള്‍.
ഇന്തോനേഷ്യയിലെ ജക്കാര്‍ത്ത നാഷണല്‍ സക്കാത്ത് ഏജന്‍സി ആസ്ഥാനത്ത് കെ.എസ്.റിലീഫ് പദ്ധതി പ്രകാരം നാല് മേഖലകളിലായി 47,466 വ്യക്തികള്‍ക്ക് 7,911 ഭക്ഷണ പാക്കറ്റുകള്‍ വിതരണം ചെയ്തു. കൊസോവോയില്‍, 30 ഗവര്‍ണറേറ്റുകളിലായി 8,110 ഭക്ഷണ പാക്കറ്റുകളാണ് നല്‍കിയത്. ഇത് 40,550 പേര്‍ക്ക് പ്രയോജനപ്പെടും.
ഗിനിയയിലെ കൊണാക്രി, ദുബ്രേക്ക, മാമോ, കങ്കന്‍, നെസെരെകോര് എന്നീ നഗരങ്ങളിലെ 7,500 കുടുംബങ്ങള്‍ക്കും മൗറിറ്റാനിയയില്‍ 44,112 വ്യക്തികള്‍ക്ക് 7,352 ഭക്ഷണ പൊതികളും താജിക്കിസ്ഥാനില്‍ 35,000 പേര്‍ക്കായി 7,120 ഭക്ഷണ പൊതികളും എത്തിച്ചു നല്കി. ബുര്‍ക്കിന ഫാസോയില്‍, 50,400 പേര്‍ക്ക് പ്രയോജനപ്പെടും വിധം 8,400 ഭക്ഷണ പാക്കറ്റുകളാണ് വിതരണം ചെയ്യുന്നത്. ആഫ്രിക്കയിലെ ബെനിനില്‍ പോലുള്ള മറ്റു രാജ്യങ്ങളിലും ഭക്ഷണ പാക്കറ്റുകളുടെ വിതരണം പുരോഗമിക്കുകയാണ്.
![]()
