ജിദ്ദ:നാടിന്റെ നട്ടെല്ലായ പ്രവാസികൾ നേരിടുന്ന വിവിധങ്ങളായ വിഷയങ്ങൾ ഏറെ ഗൗരവപൂർവ്വം കാണുവെന്നും പാർലമെന്റിൽ ലഭിക്കുന്ന അവസരങ്ങളിൽ നാടിന്റെ പ്രശ്നങ്ങളോടൊപ്പം തന്നെ പ്രവാസികളുടെ പ്രശ്നങ്ങളും ഉന്നയിക്കുകയും സാധ്യമായ എല്ലാ ഇടപെടലുകളും നടത്തുമെന്നും ഷാഫി പറമ്പിൽ എംപി പറഞ്ഞു. ഹൃസ്വ സന്ദർശനാർത്ഥം ജിദ്ദയിലെത്തിയ ഷാഫി പറമ്പിൽ എംപിക്ക് ഒഐസിസി വെസ്റ്റേൺ റീജ്യണൽ കമ്മിറ്റി നൽകിയ സ്വീകരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാർലമെന്റിന്റെ സ്വകാര്യ ബില്ലുകൾ അവതരിപ്പിക്കുവാൻ ലഭിക്കുന്ന അവസരങ്ങൾ അപൂർവ്വമായി ലഭിക്കുന്നതാണ്. ലഭിച്ച അവസരത്തിൽ അന്യായമായ വിമാന യാത്ര നിരക്കു വർദ്ധന ഉന്നയിക്കുകയും വിമാനയാത്ര നിരക്കിലുള്ള വൈരുധ്യങ്ങളും അന്യായങ്ങളും പൊതുവായി എല്ലാവരും അംഗീകരിക്കുന്ന തലത്തിലേക്ക് വിമാന നിരക്ക് വർദ്ധനവിനെ കാണുന്നതിന് തന്റെ എളിയ ഇടപെടൽ സഹായകരമായതിലുള്ള ചാരിതാർഥ്യം അദ്ദേഹം പങ്കു വെച്ചു. എല്ലാ യു.ഡി.എഫ് എംപിമാരും പ്രവാസി പ്രശ്നങ്ങളിൽ ആത്മാർത്ഥമായ ഇടപെടൽ നടത്തുന്നതായും അദ്ദേഹം പറഞ്ഞു.
അമ്പത്തേഴ് ഇഞ്ചു നെഞ്ചളവിന്റെ വലിപ്പത്തരം തള്ളുന്നവർ അമേരിക്കയിൽ നിന്നും ഇന്ത്യക്കാരെ കയ്യാമം വെച്ച് നാട് കടത്തിയപ്പോൾ നാവ് പൊങ്ങിയില്ല. ബംഗ്ലാദേശ് യുദ്ധകാലത്ത് ഇന്ത്യക്കെതിരെ അന്നത്തെ അമേരിക്കൽ ഭരണകൂടം ഭീഷണിപ്പെടുത്തിയപ്പോൾ തന്റേടത്തോടെ പ്രതികരിച്ച ഇന്ദിരാ ഗാന്ധിയുടെ നിലപാട് ഷാഫി പറമ്പിൽ ഓർമ്മപ്പെടുത്തി.
ജിദ്ദയിലെ സീസൺ റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന സ്വീകരണ യോഗം ഒഐസിസി വെസ്റ്റേൺ റീജ്യണൽ കമ്മിറ്റി പ്രസിഡണ്ട് ഹക്കീം പാറക്കൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് സഹീർ മാഞ്ഞാലി അദ്ധ്യക്ഷത വഹിച്ചു. ജിദ്ദ കെഎംസിസി സെൻട്രൽ കമ്മറ്റി പ്രസിഡന്റ് അരിമ്പ്ര അബൂബക്കർ,സയ്യിദ് തങ്ങൾ (മക്ക), പ്രവാസി സേവന കേന്ദ്ര ഹെൽപ്പ് ഡെസ്ക്ക് കൺവീനർ അലി തേക്ക്തോട്, നാഷ്ണൽ കമ്മറ്റി മെമ്പർ അനിൽകുമാർ പത്തനംതിട്ട, ജിദ്ദ ഒഐസിസി നേതാക്കളായ വൈസ് പ്രസിഡന്റ് രാധാകൃഷ്ണൻ കവുമ്പായി, ജോയിന്റ് ട്രഷറർ ഷൗക്കത്ത് പരപ്പനങ്ങാടി, പാലക്കാട് ജില്ലാ കമ്മറ്റി പ്രസിഡന്റ് ജിദേശ് എറകുന്നത്ത്, കോഴിക്കോട് ജില്ലാ കമ്മറ്റി പ്രസിഡന്റ് നാസർ കോഴിത്തൊടി, കെഎംസിസി കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഇബ്രാഹിം കൊല്ലി എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു.
റീജ്യണൽ കമ്മറ്റിക്ക് വേണ്ടി ജനറൽ സെക്രട്ടറി മുജീബ് തൃത്താല ഷാഫി പറമ്പിലിന് ബൊക്ക നൽകി സ്വീകരിക്കുകയും, രാധാകൃഷ്ണൻ കാവുമ്പായിയുടെ നേതൃത്വത്തിൽ ഒ ഐ സി സി യുടേയും കെ എം സി സി യുടേയും വിവിധ ജില്ലാ കമ്മറ്റി നേതാക്കൾ ഷാൾ അണിയിക്കുകയും ചെയ്തു. വ്യവസായ പ്രമുഖരായ 4 പേർക്ക് ഉപഹാരം നൽകുന്നതിന് റീജ്യണൽ കമ്മറ്റി’ ജനറൽ സെക്രട്ടറി മനോജ് മാത്യൂ നേതൃത്വം നൽകി. ഷംഷീദ് പാലക്കോടൻ (സിഇഒ, സമ യുണൈറ്റഡ് ട്രേഡിങ്ങ് കമ്പനി), മുജീബ് (ചെയർമാൻ, റീഗൽ ഗ്രൂപ്പ്), മുഹമ്മത് ഷാഫി (സിഇഒ, പവർ ഹൗസ്), സയ്യിദ് തങ്ങൾ (മാനേജിങ് ഡയറക്ടർ, ഏഷ്യൻ മെഡിക്കൽ ഗ്രൂപ്പ്) എന്നിവരെ ഷാഫി പറമ്പിൽ എംപി മെമെന്റോ നൽകി ആദരിച്ചു. സൽമാൻ എന്ന കലാകാരൻ ശ്രീ ഷാഫി പറമ്പിലിന്റെ ചിത്രം വരച്ചത് അദ്ദേഹത്തിന് കൈമാറുകയും ചെയ്തു. ചടങ്ങിന് ജിദ്ദ റീജ്യയണൽ കമ്മറ്റി ജനറൽ സെക്രട്ടറി ആസാദ് പോരൂർ സ്വാഗതവും, ട്രഷറർ ഷരീഫ് അറക്കൽ നന്ദി പറയുകയും ചെയ്തു.
![]()
