ജിദ്ദ: കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് അവതരിപ്പിച്ച കേന്ദ്ര ബഡ്ജറ്റില്‍ കേരളത്തെ പാടെ അവഗണിച്ച നിലപാട് തികച്ചും പ്രതിഷേധാര്‍ഹമാണെന്ന് ജിദ്ദ നവോദയ കേന്ദ്ര കമ്മറ്റി അഭിപ്രായപ്പെട്ടു. കേരളത്തോടുള്ള രാഷ്ട്രീയ എതിര്‍പ്പിന്റെ ഒരു തുറന്ന പതിപ്പാണ് കേന്ദ്ര ബഡ്ജറ്റ്. അടിയന്തിര പ്രാധാന്യം അര്‍ഹിക്കുന്നതും ന്യമായതുമായ ആവശ്യങ്ങളാണ് കേരളം കേന്ദ്രത്തിനു മുന്നില്‍ അവതരിപ്പിച്ചത്.
വയനാട് ദുരന്തം നടന്ന ശേഷം ആ ദുരന്ത ഭൂമി സന്ദര്‍ശിച്ച കേന്ദ്ര നേതാക്കള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ബോധ്യപ്പെട്ട കാര്യങ്ങള്‍ക്കുള്ള സാമ്പത്തികമായുള്ള സഹായങ്ങളും, വിഴിഞ്ഞം തുറമുഖത്തിന് വേണ്ടിയുള്ള വികസന ഫണ്ടും, പുതിയ പാത അടക്കമുള്ള റെയില്‍വേ വികസനത്തിനായുള്ള സാമ്പത്തീക സഹായങ്ങളും തുടങ്ങി സമസ്ത മേഖലകള്‍ക്കും വേണ്ടിയുള്ള കാര്യങ്ങളെ അപ്പാടെ തിരസ്കരിച്ചു കൊണ്ടുള്ള ഒരു ബജറ്റാണ് ഇന്നത്തേത്. കേരളത്തില്‍ പല പദ്ധതികളും എത്രമാത്രം കൃത്യതയോടെയും ആത്മാര്‍ത്ഥതയോടെയും നടപ്പാക്കി എന്ന് പ്രശംസിച്ചുകൊണ്ടുള്ള കേന്ദ്ര സാമ്പത്തിക സര്‍വ്വെ കഴിഞ്ഞ ദിവസമാണ് പാര്‍ലമെന്റില്‍ വച്ചത്. ഈ പരാമര്‍ശങ്ങള്‍ തന്നെ സംസ്ഥാനം കൂടുതല്‍ കേന്ദ്ര പദ്ധതികള്‍ക്കും ഫണ്ടിനും അര്‍ഹമാണ് എന്ന് തെളിയിക്കുന്നു.
പ്രകൃതി ദുരന്തത്തില്‍ പെട്ട് നരകിച്ച കേരള ജനതയോടും കൃഷിയെ ആശ്രയിച്ച് കഴിയുന്ന ലക്ഷക്കണക്കിന് മനുഷ്യരോടും ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന പാവപ്പെട്ട ജനതയോടുള്ള അവഗണന പ്രതിഫലിപ്പിക്കുന്ന ഈ ബഡ്ജറ്റ് തികച്ചും പ്രതിഷേധാര്‍ഹമാണെന്നും ജിദ്ദ നവോദയ കേന്ദ്ര കമ്മറ്റി പത്രകുറിപ്പില്‍ അറിയിച്ചു.
![]()
