റിയാദ്: വിദ്യാഭ്യാസരംഗത്ത് വിപ്ലവകരമായ 15 സംവത്സരങ്ങൾ പൂർത്തിയാക്കുന്ന അലിഫ് ഇൻ്റർനാഷണൽ സ്കൂളിൻ്റെ പതിനഞ്ചാം വാർഷിക ആഘോഷങ്ങളുടെ സമാപനം വെള്ളിയാഴ്ച നടക്കും. സൗദി അറേബ്യയിലെ സൗത്ത് ആഫ്രിക്കൻ സ്ഥാനപതി മൊഗോബോ ഡേവിഡ് മാഗ്ബെ ക്രിസ്റ്റലിയ ഉദ്ഘാടനം ചെയ്യും.
പ്രവാസി വിദ്യാർഥികളുടെ വിദ്യാഭ്യാസ മുന്നേറ്റത്തിന് പുതിയ വാതായനങ്ങൾ തുറന്ന അലിഫ്, ’15 ഇലുമിനേറ്റിംഗ് ഇയേഴ്സ്’ എന്ന പ്രമേയത്തിൽ നടത്തിയ 15 വിദ്യാഭ്യാസ സാംസ്കാരിക കർമ്മ പദ്ധതികളുടെ സമാപനം കൂടിയാണ് ‘ക്രിസ്റ്റാലിയ’.
വെള്ളിയാഴ്ച രാവിലെ ഏഴു മണിക്ക് അലിഫിയൻസ് ടോക്സ് സീസൺ 2 ഫൈനൽ മത്സരവും ഉച്ചക്ക് രണ്ടു മണിക്ക് കെ ജി വിദ്യാർഥികളുടെ ‘ഗുഡ്ബൈ കെ ജി’ ബിരുദദാന പരിപാടിയും വൈകിട്ട് ആറുമണിക്ക് നടക്കുന്ന കലാ സാംസ്കാരിക പരിപാടികളും ആഘോഷത്തിന്റെ ഭാഗമായി നടക്കും .
അദ്ധ്യാപന രംഗത്ത് പതിനഞ്ച് വർഷത്തെ മികച്ച സേവനം പൂർത്തിയാക്കിയ റിയാദിലെ അദ്ധ്യാപകർക്കുള്ള അലിഫ് എജ്യു അവാർഡ്, വായനയുടെയും പുസ്തകങ്ങളുടെയും ലോകത്തേക്ക് വിദ്യാർഥികളെ ഉയർത്തി കൊണ്ടു വരുന്നതിനായി സംഘടിപ്പിച്ച പുസ്തക മേള, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരെ പങ്കെടുപ്പിച്ചുള്ള സാഹിത്യ ചർച്ചകൾ, മുഷാഹിറ തുടങ്ങിയ പരിപാടികൾ വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു.
വിദ്യാർഥികളിലെ വാഗ്മികത വികസിപ്പിച്ചെടുക്കുന്നതിന് അലിഫിയൻസ് ടോക്സ് , ആർട്ടിഫിഷ്യൽ ഇന്റലിജൻസിനും കോഡിങ്ങിനും ഊന്നൽ നൽകിയുള്ള ഡിജി ഫെസ്റ്റ്, ശാസ്ത്രപ്രതിഭകളെ വളർത്തിക്കൊണ്ടുവരുന്നതിന് സയൻസ് എക്സ്പോ, പൊതുവിജ്ഞാനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ജി കെ മെഗാ ക്വിസ്, വിവിധ സ്കൂളുകളിലെ വിദ്യാത്ഥികൾക്കായി ഇന്റർ സ്കൂൾ ഫുട്ബോൾ ടൂർണമെന്റ്, ഇംഗ്ലീഷ് ഭാഷ നൈപുണ്യം വികസിപ്പിക്കുന്നതിനായി അലിഫ് ആവിഷ്കരിച്ച ലിംഗോ ഡ്രമാറ്റിക്സ്, വിവിധ അന്താരാഷ്ട്ര യൂണിവേഴ്സിറ്റികളിൽ പഠനം നടത്തുന്ന അലിഫ് പൂർവ്വവിദ്യാർത്ഥികളുടെ ‘അലുംനൈ ടോക്ക്’, ബിസിനസ് രംഗത്തെ പ്രഗൽഭരെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള എക്സ്പേർട്ട് ടോക്ക് തുടങ്ങി വ്യത്യസ്ത പരിപാടികളാണ് അലിഫ് സ്കൂൾ വാർഷികാത്തൊടനുബന്ധിച്ച് സംഘടിപ്പിച്ചത്.
പ്രവാസി വിദ്യാർഥികൾക്ക് മൂല്യമുള്ള വിദ്യാഭ്യാസമെന്ന ലക്ഷ്യവുമായി 2009 ൽ റിയാദിലാണ് അലിഫ് സ്കൂളിൻ്റെ തുടക്കം. 2019 ൽ കോഴിക്കോട് അലിഫ് ഗ്ലോബൽ റെസിഡൻഷ്യൽ സ്കൂളും രാജ്യാന്തര വിദ്യാർഥികൾക്ക് വേണ്ടിയുള്ള അലിഫ് വേർച്വൽ സ്കൂളുമായി അലിഫ് ഗ്രൂപ്പ് ഓഫ് സ്കൂൾസ് വളർച്ചയുടെ വഴിയിൽ മുന്നോട്ട് പോകുന്നു.
![]()
