ന്യൂദല്‍ഹി: സൗദിയിൽ നിന്ന് ഡോ. സയ്യിദ് അന്‍വര്‍ ഖുര്‍ഷീദ്,യു എ ഇ യിൽ നിന്ന് രാമകൃഷ്ണന് ശിവസ്വാമി അയ്യര്‍ക്ക് എന്നിവരടക്കമുള്ള പ്രവാസി ഭാരതീയ പുരസ്കാരത്തിന് അർഹരായവരുടെ പട്ടിക കേന്ദ്ര സർക്കാർ പുറത്തു വിട്ടു.
ട്രാന്‍സ് വേള്‍ഡ് ഗ്രൂപ്പ് ചെയര്‍മാനാണ് അയ്യര്‍. കൊല്ലം സ്വദേശിയാണ്. ഇദ്ദേഹത്തിനു പുറമെ സൗദി അറേബ്യയില്‍നിന്നുള്ള ഡോ. സയ്യിദ് അന്‍വര്‍ ഖുര്ഷീദുമാണ് ഗള്‍ഫ് മേഖലയില്‍ നിന്നും പുരസ്കാരത്തിന് അര്‍ഹരായത്.
വിവിധ രാജ്യങ്ങളില്‍ നിന്നായി 27 പേരാണ് പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്കാരത്തിനായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. പ്രവാസി ഭാരതീയ ദിനത്തോടനുബന്ധിച്ച് സ്വന്തം മേഖലകളില്‍ മികവുറ്റ സംഭാവനകള്‍ നല്കിയ പ്രവാസികളെ ആദരിക്കുന്നതിനായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഏര്‍പ്പെടുത്തിയ പുരസ്കാരമാണ് പ്രവാസി ഭാരതീയ സമ്മാന്‍. ഇന്ത്യയും വിദേശ രാജ്യങ്ങളും തമ്മില്‍ വിവിധ മേഖലകളിലുള്ള സഹകരണം ശക്തിപ്പെടുത്താന്‍ നല്കിയ സംഭാവനകള്‍ മാനിച്ചാണ് അംഗീകാരം.
സൗദില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഡോ. സയ്യിദ് അന്‍വര്‍ ഖുര്‍ഷിദ് കര്‍ണാടക സ്വദേശിയും സാമൂഹിക പ്രവര്‍ത്തകനുമാണ്. മെഡിക്കല്‍ രംഗത്തെ മികവ് പരിഗണിച്ചാണ് കര്‍ണാടക സ്വദേശിയായ ഇദ്ദേഹത്തിന് പുരസ്കാരം. മൂന്നര പതിറ്റാണ്ടിലേറെയായി സൗദി ആരോഗ്യശുശ്രൂഷാ രംഗത്ത് സേവനം അനുഷ്ഠിക്കുന്ന ഡോ. സയ്യിദ് അന്‍വര്‍ ഖുര്‍ഷിദ് പ്രവാസത്തിനു തുടക്കം കുറിച്ചത് തായിഫില്നിന്നുമായിരുന്നു. തായിഫ് കിങ് ഫൈസല്‍ ആശുപത്രിയില്‍ 2014 വരെ ജോലി ചെയ്തു. തുടര്‍ന്ന് റിയാദിലേക്ക് മാറിയ അദ്ദേഹം കിങ് അബ്ദുല്ല മെഡിക്കല്‍ സിറ്റി-നാഷനല്‍ ഗാര്‍ഡ് ആശുപത്രിയില്‍ റോയല്‍ പ്രോട്ടോക്കോള്‍ ഫിസിഷ്യനായി സേവനം അനുഷ്ഠിച്ചു വരികയാണ്. ഈമാസം എട്ട് മുതല്‍ ഭുവനേശ്വറില്‍ നടക്കുന്ന പ്രവാസി ഭാരതീയ ദിവസില്‍ രാഷ്ട്രപതി പുരസ്കാരങ്ങള്‍ വിതരണം ചെയ്യും.
![]()
